Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്മേ നാരായണാ

അമ്മേ നാരായണാ
WDWD
അമ്മേ നാരായണാ - ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ മാത്രം കേള്‍ക്കുന്ന ഒരു നാമോച്ചാരണമാണിത്. ദേവിയെ എന്തുകൊണ്ടാണ് നാരായണാ എന്ന് പുരുഷനായി അല്ലെങ്കില്‍ വിഷ്ണുവായി സങ്കല്‍പ്പിക്കുന്നത് എന്നൊരു സംശയം ഉണ്ടാവുക ന്യായമാണ്. ക്ഷേത്രത്തില്‍ വിഷ്ണു സാന്നിദ്ധ്യം ഉണ്ട് എന്നതുകൊണ്ട് ദേവിയേയും നാരായണനേയും സ്തുതിക്കുന്നു എന്നൊരു ഭാഷ്യമുണ്ട്.

എന്നാല്‍ വളരെ പുരാതനമായ ഒരു സങ്കല്‍പ്പമാണ് ഈ വിളിക്ക് പിന്നിലുള്ളതെന്ന് ശിവനെ കുറിച്ചുള്ള ഒരു കഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പാര്‍വ്വതീ ദേവിയായി അവതരിച്ചത് സാക്ഷാല്‍ മഹാവിഷ്ണു തന്നെയാണ് എന്നാണ് ഈ സങ്കല്‍പ്പം. ഇത് മനസ്സിലാക്കാനായി ഒരു കഥ ചുവടെ കൊടുക്കുന്നു :

ഒരിക്കല്‍ പരമശിവന്‍ സന്തോഷചിത്തനായി പാര്‍വ്വതിയോട് ചോദിച്ചു, എന്താഗ്രഹമാണ് താന്‍ സാധിച്ചുതരേണ്ടതെന്ന്. അപ്പോള്‍ പാര്‍വ്വതി ഒരു കഥ കേള്‍ക്കണം എന്ന് ആവശ്യമുന്നയിക്കുകയും അതില്‍ നിര്‍ബ്ബന്ധം പിടിക്കുകയും ചെയ്തു. പരമശിവന്‍ പാര്‍വ്വതിക്ക് അവര്‍ ഇരുവരേയും കുറിച്ചുള്ള ഒരു കഥ തന്നെ പറഞ്ഞുകൊടുത്തു.

പരമശിവനെ കാണാനായി ഒരിക്കല്‍ ബ്രഹ്മാവും വിഷ്ണുവും ഭൂമിയിലൂടെ സഞ്ചരിച്ചു. ഹിമാലയ ശൃംഗങ്ങള്‍ക്കിടയില്‍ ആദിയും അന്തവും ഇല്ലാത്ത ജ്വാലാ ലിംഗം അവര്‍ കാണാനിടയായി. അതിന്‍റെ അറ്റം കണ്ടുപിടിക്കാനായി ബ്രഹ്മാവ് മുകളിലേക്കും വിഷ്ണു താഴേക്കും സഞ്ചരിച്ചു. പരാജയം ഭവിച്ചപ്പോള്‍ അവര്‍ പരമശിവനെ തപസ്സ് ചെയ്യാന്‍ ആരംഭിച്ചു.

തപസ്സില്‍ സം‌പ്രീതനായ ശിവന്‍ പ്രത്യക്ഷപ്പെട്ട് എന്ത് വരം വേണമെന്ന് ചോദിച്ചു. മകനായി ജനിക്കണമെന്നായിരുന്നു ബ്രഹ്മാവിന്‍റെ ആവശ്യം. ബ്രഹ്മാവിന്‍റെ മോഹം അല്‍പ്പം അതിരുകടന്നതായിരുന്നു. അതുകൊണ്ട് ത്രിമൂര്‍ത്തികളില്‍ ഒരാളാണെങ്കിലും,ബ്രഹ്മാവ് ആരാലും ശ്രദ്ധിക്കപ്പെടാതെ പോയി.

പരമശിവനെ ശുശ്രൂഷിക്കത്തക്കവിധം ഒരു ജന്‍‌മം നല്‍കണം എന്നായിരുന്നു മഹാവിഷ്ണു ആവശ്യപ്പെട്ടത്. അങ്ങനെ പരമശിവന്‍റെ തന്നെ ശരീരാംശം ഉള്‍ക്കൊള്ളുന്ന മഹാവിഷ്ണു പാര്‍വ്വതി രൂപത്തില്‍ അവതരിച്ചു. അതായത് ശിവശക്തിയായ പാര്‍വ്വതി മഹാവിഷ്ണു തന്നെയാണ്.

ശക്തി മഹാ‍വിഷ്ണു ആയതുകൊണ്ടാണ് ആ സങ്കല്‍പ്പവും ദേവതാ സാന്നിധ്യവും ഉള്ള ചോറ്റാനിക്കരയില്‍ ഭക്തജനങ്ങള്‍ ഭഗവതിയെ അമ്മേ നാരായണാ, ദേവീ നാരായണാ എന്ന് വിളിക്കുന്നത്.

Share this Story:

Follow Webdunia malayalam