Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഡേറ്റിംഗ് പ്രണയം’

ദിവീഷ് എം നായര്‍

‘ഡേറ്റിംഗ് പ്രണയം’
, ശനി, 15 ഡിസം‌ബര്‍ 2007 (17:14 IST)
PRO
പ്രണയം എന്ന വാക്കിന്‍റെ സൌന്ദര്യം ഇന്നത്തെ പല പ്രണയബന്ധങ്ങള്‍ക്കും അവകാശപ്പെടാനാവുമോ എന്നൊരു സംശയം. യുവതലമുറയിലെ പല ബന്ധങ്ങളും പ്രണയം എന്ന പേരിനു തന്നെ അര്‍ഹമല്ല.

പുത്തന്‍ തലമുറ തങ്ങള്‍ക്ക് പ്രണയമുണ്ടെന്നു പറയുന്നതിനേക്കാളും ഞാനൊരാളുമായി ഡേറ്റിംഗിലാണെന്നു പറയാനാണ് താല്പര്യം കാണിക്കുന്നത്. അവര്‍ക്ക് പ്രണയം വെറും പഴഞ്ചന്‍ ഏര്‍പ്പാടായി മാറിക്കഴിഞ്ഞു.

അതൊരു കണക്കിനു നന്നായി. ലൈംഗികതയുടെ മാത്രം സുഖം തേടുന്ന ഇത്തരം ബന്ധങ്ങളെ പ്രണയം എന്നു വിളിച്ച് ആ അനശ്വര സങ്കല്‍‌പത്തെ തന്നെ അപമാനിക്കേണ്ടല്ലൊ. എന്നാല്‍ ഇക്കാലത്തെ പ്രണയത്തിനു വന്ന മാറ്റങ്ങളെ അങ്ങനെ അടച്ചാക്ഷേപിച്ചതു കൊണ്ടും കാര്യമുണ്ടെന്നു തോന്നുന്നില്ല.

ഫാഷണബിള്‍ ആയിക്കൊണ്ടിരിക്കുന്ന യുവത്വം ഡേറ്റിംഗ് എന്നു വിളിക്കുന്ന അവരുടെ പ്രണയങ്ങളില്‍ ഏര്‍പ്പെടുന്നത് വളരെ പ്രാക്ടിക്കലായിട്ടാണ്. പ്രത്യേകിച്ചും കോളേജു ക്യാമ്പസുകളില്‍. കോഴ്സ് കഴിയുന്നതുവരെ നമ്മുക്ക് പ്രണയിക്കാം എന്ന ഒരു കരാറില്‍ അവര്‍ ആദ്യമേ ഒപ്പിടും.

പിന്നെ പ്രശ്നമില്ലല്ലൊ, കോഴ്സ് കഴിഞ്ഞാല്‍ വര്‍ഷങ്ങളോളം സന്തോഷവും ദുഖവും പങ്കുവച്ചവര്‍ വെറും പരിചയക്കാരായി മാത്രം മാറും ഒരുപക്ഷെ അപരിചിതരും. പിന്നീട് മറ്റൊരു ഇണയോടൊപ്പം എവിടെയെങ്കിലും വച്ച് കണ്ടുമുട്ടിയാലും ഒരു മനസ്ഥാപവുമില്ലാതെ ‘ഹായ്’ പറയാനും കഴിയും

ഇത് തികച്ചും ഒരു പടിഞ്ഞാറന്‍ ശൈലിയാണെന്നു പറയാം. ഇന്ത്യാക്കാരേക്കാളും പ്രാക്ടിക്കലായ മനുഷ്യര്‍ പാശ്ചാത്യരാണെന്നാണ് വെപ്പ്. എന്നാല്‍ ഈ പ്രാക്ടിക്കല്‍ മനസ് നമ്മളും സ്വന്താമാക്കുന്നതിന്‍റെ ഭാഗമയിരിക്കാം ഈ കരാര്‍ പ്രണയങ്ങള്‍. അവനവനോട് മാത്രം ആത്മാര്‍ത്ഥത പുലര്‍ത്തുന്നവരായി നമ്മള്‍ മാറിക്കൊണ്ടിരിക്കുകയാണ്.

സമൂഹം മുഴുവന്‍ അത്തരത്തിലുള്ള മാറ്റത്തിനു വിധേയമാകുമ്പോള്‍ പ്രണയസങ്കല്‍‌പങ്ങളിലും അതിന്‍റെ രീതികളിലും മാറ്റമുണ്ടാവുന്നത് സ്വാഭാവികം മാത്രം. സാമൂഹികവും സാമ്പത്തികവുമായ ചേര്‍ച്ചകള്‍ നോക്കിയാണ് പലരും പ്രണയിക്കാം എന്ന് തീരുമാനിക്കുന്നതു തന്നെ.

അങ്ങനെ തുടങ്ങുന്ന പ്രണയം പെട്ടെന്നു തന്നെ മനസിനൊപ്പം ശരീരവും പങ്കുവയ്ക്കുന്ന അവസ്ഥയിലേക്കു മാറുകയായി. എന്നാല്‍ പിന്നീട് ഈ ബന്ധം തുടര്‍ന്നു കൊണ്ടു പോവാന്‍ കഴിയാതെ വന്നാല്‍ അവര്‍ വളരെ സന്തോഷത്തോടെ തന്നെ ‘ബൈ’ പറഞ്ഞു പിരിയും. ഒരേ സമയം ഇത്തരത്തിലുള്ള ഒന്നില്‍ കൂടുതല്‍ ‘പ്രണയങ്ങള്‍’ മാനേജു ചെയ്തു കൊണ്ടു പോകുന്നവരും നിരവധിയാണ്.

ജീവിതം ഒന്നേയൊള്ളൂ അത് ആഘോഷിക്കുന്നതിനു പകരം ഒരു പ്രണയത്തിന്‍റെ പേരില്‍ കരഞ്ഞു തീര്‍ക്കണോ എന്നാണ് യുവതലമുറ ചോദിക്കുന്നത്. ശരിയല്ലെ, എന്നാല്‍ ആത്മാര്‍ത്ഥയുടേയും പരിശുദ്ധ സ്നേഹത്തിന്‍റേയും എല്ലാം പേരു പറഞ്ഞ് വേണമെങ്കില്‍ ഈ ചോദ്യത്തെ നിശിതമായി വിമര്‍ശിക്കാം. പക്ഷെ അപ്പോഴും ഈ ചോദ്യം അവശേഷിക്കും, ഒരേയൊരു ജീവിതം കരഞ്ഞു തീര്‍ക്കണോ ?

Share this Story:

Follow Webdunia malayalam