Select Your Language

Notifications

webdunia
webdunia
webdunia
webdunia

അരുതു കാട്ടാളന്‍‌മാരേ അരുത്....

ആഗ്നേയന്‍

അരുതു കാട്ടാളന്‍‌മാരേ അരുത്....
WD
ആദി കവിയുടെ പൂര്‍വാശ്രമം തിരഞ്ഞാല്‍ മാനുഷികമായ യാതൊന്നും കാണാന്‍ കഴിയില്ല. ക്രൂരതയടെ പടവുകള്‍ താണ്ടി മലയും കാടും കേറിമറിഞ്ഞ ക്രൂരനാം കാട്ടാളന്‍ എങ്ങനെ മാ‍നുഷിക മുഖമുള്ളവനായി?

അക്കഥ രാമായണത്തില്‍ വായിച്ചറിഞ്ഞില്ല എങ്കിലും അറിവുള്ളോര്‍ പറഞ്ഞ് കേട്ടിട്ടുണ്ട് (നിങ്ങള്‍ കേട്ടിട്ടുണ്ടോ ആവോ?). ‘മാനിഷാദാ...’ എന്ന വാക്യം ആ കിരാത ഹൃദയത്തെ മാറ്റിയെടുത്തുവെന്ന് പുരാണം. ആ വാക്യം തന്നെ നമ്മുടെ ഭക്‍ഷ്യമന്ത്രിയും മാധ്യമങ്ങളുടെ മുഖത്തേക്കിട്ടു തന്നിരിക്കുകയാണ്....അരുത് കാട്ടാളന്‍‌മാരെ എന്നെ വേട്ടയാടരുത്!

മാര്‍ക്സിസ്റ്റ് മന്ത്രിമാര്‍ പ്രാര്‍ത്ഥിച്ചാ പ്രശ്നം, ഭക്തിയില്ല എന്ന് പറഞ്ഞാല്‍ അതിലും പ്രശ്നം...ചുരുക്കിപ്പറഞ്ഞാല്‍ ഭക്തിയുടെ ചുറ്റുമതിലിന് അടുത്തെത്തിയാല്‍ നാട്ടുകാര്‍ പറയും ഭവനഭേദനം നടത്തിയെന്ന്. ഇതു തന്നെയാ നമ്മുടെ ദിവാകരന്‍ സാറിന്‍റെ കാര്യത്തിലും സംഭവിച്ചത്.

പെന്തക്കോസ്തുകാരുടെ ഒരു പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്ത് മനസ്സൊക്കെ ഒന്ന് നിര്‍മ്മലമാക്കാന്‍ പോയതാ പാവം സാറ്. അപ്പോഴുണ്ട് മാധ്യമങ്ങളൊക്കെ എഴുത്തി പിടിപ്പിക്കണ് അങ്ങോര് വഴി തടഞ്ഞൂന്ന്. ഈ മാധ്യമക്കാരെ ഒരിക്കലും വിശ്വസിക്കരുത് എന്ന് പറയുന്നത് എത്ര ശരിയാ.

പ്രാര്‍ത്ഥന തുടങ്ങിയാ പിന്നെ ഇന്ന സമയമെന്ന് വല്ലോമുണ്ടോ...അത് അങ്ങനെ നാല് മണിക്കൂര്‍ നീണ്ടു എന്ന് കരുതി എന്നാ കുഴപ്പം...തിരുമുമ്പിലെ കാര്യത്തിനു കണക്ക് പറയാമ്പാടുണ്ടോ. പിന്നെ പ്രാര്‍ത്ഥന നടന്ന സ്ഥലം...അതിത്ര പ്രശ്നമാക്കാനുണ്ടോ? പാറശാലയോ കന്യാകുമാരിയോ പൊതു വഴിയോ എവിടെയുമാവട്ടെ...ആ ദിവ്യശക്തിയെ അങ്ങ് ധ്യാനിച്ചു..അത്രതന്നെ! പിന്നെ വണ്ടിയോ വള്ളമോ ഒക്കെ പ്രാര്‍ത്ഥന നടന്നപ്പോള്‍ ബ്ലോക്കായി എന്ന് പലരും പറയുന്നു. ദൈവ കാര്യത്തിന് വണ്ടിയെന്നോ വള്ളമെന്നോ വല്ലോം ഉണ്ടോ?

“നമ്മള്‍ ഭരിക്കുമ്പോഴല്ലാതെ പിന്നെപ്പഴാ വഴി തടയുക” എന്നും സാറ് പ്രാര്‍ത്ഥിച്ചൂന്ന് ഒരു ‘ആഢ്യന്‍’ പറയുന്നു. ‘ഈ പരിപ്പൊന്നും ഇവിടെ വേകില്ല’ എന്ന് പറയാന്‍ സാറിന് അറിയാന്‍ പാടില്ലാഞ്ഞല്ല....ഭക്‍ഷ്യമന്ത്രിയായി പോയില്ലേ പരിപ്പ് വെന്തില്ലെങ്കിലും പറയാന്‍ പാടില്ലല്ലോ. എന്തായാലും ഈ പാവം ക്രൌഞ്ചത്തെ വേട്ടയാടരുതേ....മാ നിഷാദാ....അരുത് കാട്ടാളന്‍‌മാരേ.

Share this Story:

Follow Webdunia malayalam