“ഭാരതമെന്ന് കേട്ടാല്‍ അഭിമാന പൂരിതമാവണം അന്തരംഗം”. പക്ഷേ, ഇതിയാനെ സംബന്ധിച്ചിടത്തോളം ഭാരതമെന്ന് കേട്ടാലുടന്‍ രഥം സ്റ്റാര്‍ട്ട് ചെയ്യും. പോവട്ടെ ‘നോണ്‍സ്റ്റോപ്പായി’ എന്ന് പറഞ്ഞ് മോട്ടോര്‍ രഥത്തിന്‍റെ ഒത്തനടുവില്‍ നെഞ്ച് വിരിച്ച് നില്‍ക്കുകയും ചെയ്യും.
ആര്, എന്തര് എന്നൊന്നും മനസ്സിലായില്ലായിരിക്കും. നുമ്മടെ ഇന്ത്യന്‍ പ്രതിപക്ഷ രാജാവിന്‍റെ കാര്യം തന്നെയാണ് പറഞ്ഞ് വരുന്നത്. അദ്ദേഹം (അയലത്തെ കുഞ്ഞനന്തന്‍ പിള്ളയുടെ ഭാഷയില്‍ ഇദ്ദേഹം “അധ്വാനി”. പിള്ളയ്ക്ക് പല്ല് പോയെങ്കിലും എണ്‍പത് തികഞ്ഞെങ്കിലും രാഷ്ട്രീയത്തിലെ ഐസക് ന്യൂട്ടനാണ്!) കേരളത്തിലെത്തിയിരിക്കുന്നു. യാത്രയ്ക്ക് പലവിധ ഉദ്ദേശമാണ്.
എപ്പോഴും രാഷ്ട്രീയങ്ങള് കളിച്ചാ മടുക്കില്ലേ അപ്പീ? മടുക്കും, മടുത്തു പോവും. മുമ്പായിരുന്നെങ്കില്‍ പ്രായമായവര്‍ സ്ഥാനമൊഴിയണമെന്ന് പറഞ്ഞ് പാര്‍ട്ടി അണികള്‍ക്കിട്ട് പിരി കേറ്റാമായിരുന്നു. ഇപ്പോ അതു പറ്റില്ല, പ്രായമായവര്‍ “ഭരണത്തായി’ല്ലേ! അതുകൊണ്ടെന്താ മറ്റേ മൂപ്പര്‍ക്ക് (ഭരണത്തായ അദ്യം) കവിതയും കാമുകികളും ഒക്കെ ഉണ്ടായപ്പോള്‍ തോന്നിയ അസ്കിത എഴുതി അങ്ങ് തീര്‍ക്കാമെന്ന് കരുതി, മുള്ളിനെ മുള്ളുകൊണ്ട് എടുക്കാമെന്നത് പ്രയോഗത്തിലാക്കി!
ആത്മകഥ പ്രസരിപ്പിച്ച് അക്ഷരങ്ങളാക്കി, ഇനി അത് ആരെങ്കിലുമൊക്കെ വായിക്കണ്ടേ. അതിനും വഴി കണ്ടു. എതിരാളികളെ സന്ദര്‍ശിക്കുക, പൊസ്തകം ഫ്രീയായി നല്‍കുക. അവര് വായിച്ചാലല്ലേ പുറംലോകം അറിയൂ!
അങ്ങനെ ആദ്യം ആയമ്മയെ തന്നെ കണ്ടു, ഓ! ഡല്‍ഹിയില്‍ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്ന സോണിയമ്മയെ തന്നെ! പൊസ്തകം നല്‍കി. ആയമ്മ കമാന്ന് ഒരക്ഷരം മിണ്ടിയില്ല മേടിച്ചു വച്ചു. രണ്ടിന്നന്ന് തുടങ്ങിയില്ലേ പുകില്, ഈ തന്ത്രമൊന്നും വേണ്ട, ഞങ്ങടെ ആയമ്മയെ അങ്ങനങ്ങ് സ്നേഹിക്കണ്ട എന്നൊക്കെ പറഞ്ഞ് അണികള് താഴത്ത് നില്‍ക്കാതെ ചെളി വാരിയേറുതുടങ്ങി.
പിന്നെ ആയമ്മയ്ക്കെന്താ, അവരത് ഭംഗിയായി വായിച്ചിട്ട് എല്ലാ വേദിയിലും ‘അതു തെറ്റാ, ഇത് തെറ്റാ’ എന്ന് ആരും കേട്ടാല്‍ കൊതിക്കുന്ന ‘ഹിന്ദി’യില്‍ പറഞ്ഞു തുടങ്ങി. ഇതു കേട്ട് അദ്ദേഹം ചിരിച്ചു (ബുദ്ധനും പുഞ്ചിരിച്ചിട്ടുണ്ട്). ആ ചിരിയുടെ വിശദീകരണം കേട്ടാല്‍ നുമ്മടെ കുഞ്ഞനന്തന്‍ പിള്ളയുടെ ഉച്ചാരണം കറകറക്ടാണെന്ന് മനസ്സിലാവും. ആദ്യം ഈ കണ്ഠപ്രക്ഷാളനത്തെ പൊസ്തകത്തിന്‍റെ ഏറ്റവും നല്ല റിവ്യൂ ആയിട്ടാണെന്ന് പോലും കരുതുന്നത്. എന്തിന് ഒരു വിമര്‍ശകന്‍റെ കാലുപിടിക്കണം, ഇതു തന്നെ വില്‍പ്പന തന്ത്രം!
ഇനിയിപ്പോ ചാണ്ടിച്ചായനാണോ, അതോ പടത്തലവന്‍ വിഎസിനു തന്നെയാണോ പുസ്തക റിവ്യൂവിന് അവസരം ലഭിക്കുന്നത്, ആര്‍ക്കറിയാം. എന്തായാലും പ്രതീക്ഷിക്കുക തന്നെ!