നാവ് വഴങ്ങുന്നതായതുകൊണ്ടും എന്തും പറയാന്‍ ധൈര്യമുള്ളതുകൊണ്ടും പാര്‍ട്ടിക്ക് അനഭിമതനായിരിക്കുകയാണ് അബ്ദുള്ളക്കുട്ടി. കുട്ടിക്ക് വയസ് കുറവായതുകൊണ്ട് മോഹങ്ങള്‍ നിരവധിയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന സമയത്തുതന്നെ നാവില്‍ ഗുളികന്‍ വന്നതിനെ പഴിച്ചിട്ടിനി കാര്യമില്ല. ഹറാംപിറന്ന മക്കള്‍ ഒരു വര്‍ഷത്തേക്കാണ് സസ്പെന്‍ഷന്‍ തന്നിരിക്കുന്നത്. കാര്യങ്ങള്‍ തുറന്ന് പറയാനും കയ്യടി വാങ്ങാനും ലോക്‌സഭയില്‍ ഇനിയും പോയേ പറ്റൂ. അതിനുള്ള അടവെന്ത്?
മതെവെറി പിടിച്ച് നടക്കുന്ന തീവ്രഹിന്ദു എന്ന് പലരും രഹസ്യമായും പരസ്യമായും വിളിക്കുന്ന നരേന്ദ്രമോഡിയെ ഒരു മുസ്ലീം, അതും കമ്യൂണിസ്റ്റ് മുസ്ലീം, പ്രകീര്‍ത്തിച്ചതിന്റെ അത്യാഹ്ലാദത്തിലാണ് കേരളത്തിലെ ബിജെപിയിപ്പോള്‍. അബ്ദുല്ലക്കുട്ടിയൊന്ന് മൂളിയാല്‍ മതി ഏറാന്‍ മൂളാന്‍ തയ്യാറാണ് ബിജെപി. സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസും സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശും. പണ്ടൊരു ‘ഡോക്ടര്‍ കം മുസ്ലീം സാഹിത്യകാരന്‍’ ഇങ്ങനെ മൂളിയതും കെട്ടിവച്ച കാശ് പോയതും അറിവുള്ളതിനാല്‍ പന്തിയുള്ള കാര്യമല്ല.
നരേന്ദ്രമോഡിയെ ക്ഷ പിടിച്ചെങ്കില്‍ ബിജെപിയില്‍ തന്നെ ഇത്തവണ ഭാഗ്യ പരീക്ഷിച്ചുകൂടെ എന്ന് ചില മാധ്യമപ്രവര്‍ത്തകര്‍ ഇളക്കിനോക്കി. പൊട്ടുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് പോവാത്തതെന്ന് പറഞ്ഞില്ല. പകരം ഇത്രയും കാലം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ വെറുതെയാവില്ലേ എന്ന മറുചോദ്യമാണ് തൊടുത്തത്. എന്നാല്‍ പിന്നെ യു.ഡി.എഫ് സ്വതന്ത്രനായിക്കൂടെ എന്നായി പഹയന്മാരുടെ ചോദ്യം. ഇവര്‍ ചോദിച്ചതും രോഗി ഇച്ഛിച്ചതും അതുതന്നെയെന്നും പറഞ്ഞില്ല. പലരും സമീപിക്കുന്നുണ്ടെന്നും ഒന്നും തീരുമാനിച്ചില്ലെന്നും പറഞ്ഞ് ഒരു ഓപ്പണിംഗ് ഉണ്ടാക്കിവച്ചു.
താനത്ര മോശക്കാരനൊന്നും അല്ല എന്ന് യു.ഡി.എഫ് തമ്പ്രാക്കള്‍ക്കറിയാം. കണ്ണൂരില്‍ വച്ച് രണ്ടുതവണ ഗുസ്തി നടന്നിട്ടുണ്ട്. ചാമ്പ്യനായ മുല്ലപ്പള്ളി രാമചന്ദ്രനെ രണ്ടുവട്ടവും കമഴ്ത്തിക്കിടത്തിയത് അവര്‍ക്കറിയാം. പോരാത്തതിന് കെ. സുധാകരന്‍ തന്റെ ഒരു അഭ്യുദയകാംക്ഷിയാണ്. അബ്ദുല്ലക്കുട്ടിയെ മുന്നണിയിലേക്ക് കെട്ടിയെടുത്താലെന്താ എന്ന് യു.ഡി.എഫില്‍ ഒരു തട്ടുപൊളിപ്പന്‍ ചോദ്യച്ചൂണ്ട സുധാകരനിട്ടിട്ടുണ്ട്. ആരെങ്കിലും കൊത്തുമെന്നാണ് പ്രതീക്ഷ. തന്നെപ്പോലെ ഇടക്കിടയ്ക്ക് നാവുചൊറിയുന്ന അസുഖമുള്ള ഇ. അഹമ്മദും സംഗതി അനുകൂലിച്ചിട്ടുണ്ട്.
പാവം പശുവായാലും തല്ലാന്‍ ചിലരുണ്ടാവുമല്ലോ. പണ്ടത്തെ മല്ലന്‍ മുല്ലപ്പിള്ളി ഇപ്പോഴും പഴയതൊന്നും മറന്നമട്ടില്ല. അബ്ദുല്ലക്കുട്ടിയെ തറവാട്ടില്‍ കയറ്റിയാല്‍ തറവാട് മുടിയും എന്നൊക്കെ കക്ഷി പറഞ്ഞുപിടിപ്പിക്കുന്നുണ്ടെന്ന് പത്രങ്ങളില്‍ നിന്നറിഞ്ഞു. പിന്നെ ജാതിക്കാരാണെന്ന് പറഞ്ഞിട്ടെന്താ, അവിടെയുമുണ്ട് പാരകള്‍. വിദ്യാഭ്യാസകാര്യങ്ങളില്‍ വലിയ തഴക്കവും പഴക്കവുമുള്ള ബഷീറിന്റെ പേരുള്ളൊരു ലീഗുതമ്പ്രാനും പാരവയ്ക്കുന്നുണ്ടെന്നാണ് ശ്രുതി.
എന്തായാലും ജാതകം നോക്കിച്ചപ്പോള്‍ വലത് ഭാഗത്തേക്കൊരു ചായ്‌വുണ്ടെന്ന് കണിയാന്‍ പറഞ്ഞു. നല്ലോണം നെഹ്രുഭഗവാനെ മനസില്‍ ധ്യാനിക്കാനാണ് കണിയാന്‍ പറഞ്ഞത്. വലത് ദൈവങ്ങള്‍ കനിഞ്ഞാല്‍ സംഗതി പണ്ടത്തേക്കാള്‍ ഉഷാറാവുമെത്രെ. അതുകൊണ്ടാണ് ചെമ്പേരി വിമല്‍ ജ്യോതി എന്‍ജിനിയറിങ് കോളജ് കലോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ടു നടത്തിയ പ്രസംഗത്തില്‍ താന്‍ നെഹ്‌റുദൈവത്തിന്റെ പുകഴ്ത്തിയത്. ഇനി നെഹ്രുദൈവത്തിനും ശിഷ്യഗണങ്ങള്‍ക്കും അപ്രീതിയുണ്ടാവാതെ നോക്കണമല്ലോ.