‘ഭരണം വികാര നിര്‍ഭരം’...ആദ്യമായി കേള്‍ക്കുകയായിരിക്കും? അങ്ങനെയും ഭരിക്കാം. അതെങ്ങനെയെന്നു കാണാനായി വിദ്യാര്‍ത്ഥി സമരം കഴിയുമ്പോള്‍ മെഡിക്കല്‍ കോളജില്‍ പോയങ്ങ് നോക്കിയേക്കാമെന്ന് കരുതിയെങ്കില്‍ തെറ്റി, കംപ്ലീറ്റ് തെറ്റി!...ദുര്‍ബ്ബലന്‍ കണ്ട വികാരനിര്‍ഭര ഭരണം ഇവിടെയെങ്ങുമല്ല.
പാര്‍ട്ടിപ്പോലീസ് അറിഞ്ഞു നല്‍കിയതും വാങ്ങിക്കൂട്ടി മെഡിക്കല്‍ കോളജില്‍ പോയിക്കിടന്ന് കരയുന്നതാണോ വികാരം, അല്ലേയല്ല. ചതഞ്ഞും ഒടിഞ്ഞും ആശുപത്രിയില്‍ കിടക്കുമ്പോള്‍ ‘ദു:ഖഭാരം ചുമക്കുന്ന ഖാദി’യുമിട്ട് ഭാരമേറിയമനസ്സുമായി തലമുതിര്‍ന്ന ‘അച്ചായനണ്ണന്മാര്‍’ തലോടുമ്പോള്‍ അണപൊട്ടിയൊഴുകുന്ന കണ്ണീരുമല്ല പ്രതിപാദ്യം. ഇതൊക്കെ മുജ്ജമ്മ..അല്ല..മുന്‍ഭരണ സുകൃതമെന്നേ കരുതാനാവൂ.
ഈ ഭരണമെന്നൊക്കെ പറയുന്നത് എവിടാ, ‘ഠ’ വട്ടത്തിലുള്ള തിരുവനന്തപുരത്തോ. അവിടെ വെറുതെ ഭരണകക്ഷിയും പ്രതിപക്ഷവും ‘നക്സലിസം’ കളിക്കുവല്ലേ. ഭരണമൊക്കെ അങ്ങ് ഇന്ദ്രപ്രസ്ഥത്തിലല്ലേ, ‘തലതലസ്ഥാനത്ത്’! അവിടെ കഴിഞ്ഞ നാലുവര്‍ഷങ്ങള്‍ക്കുള്ളില്‍ രണ്ടാം തവണയാണ് നേതാ സിംഗ്ജി ഭരണത്തെ വികാര നിര്‍ഭരമാക്കുന്നത്.
വികാരം മൂക്കുമ്പോള്‍ സ്വന്തം നാട്ടില്‍ നിന്ന് കൂട്ടുകാരന്‍ കൊണ്ടുവന്ന മണ്ണെങ്കിലും അദ്ദ്യത്തിനുണ്ട് (അതില്‍ നോക്കി കരയാമല്ലോ) . പക്ഷേ അദ്ദ്യം ഒരുകാര്യം ആലോചിക്കണം ആ ആയമ്മയ്ക്ക് എന്തുണ്ട്. സ്വന്തം നാട്ടില്‍ നിന്ന് ഒന്നുമില്ല. പക്ഷേ ആയമ്മ ഭഗവാന്‍ കൃഷ്ണന്‍റെ അവതാരം തന്നെയാണോ എന്ന് ചിലപ്പോഴൊക്കെ സംശയം തോന്നിപ്പോവും.
ആയ്യയ്യ, ജാതിഭേദം മതദ്വേഷം ഇതൊന്നും പ്രശ്നമാക്കാന്‍ മേലുദ്ധരിച്ചത് എടുത്തേക്കല്ലേ എന്ന് ഈ ദുര്‍ബ്ബലന്‍ വിനീതമായി അപേക്ഷിക്കുന്നു. ധര്‍മ്മം ഇല്ലാതാവുമ്പോള്‍ അത് സംസ്ഥാപിക്കാന്‍ ഭഗവാന്‍ അവതരിക്കുമെന്ന് അച്ഛമ്മയുടെ പുരാണ പാരായണത്തില്‍ നിന്ന് കേട്ടറിവുണ്ട്. അതേ പോലെയല്ലേ ഈ ആയമ്മയും, എവിടെ (കൂട്ടുകക്ഷി) ധര്‍മ്മം നശിക്കുന്നോ അപ്പോള്‍ അവരിടപെടും!
ആണവ കളിപ്പാട്ടം ഇപ്പോള്‍ കിട്ടിയില്ല എങ്കില്‍ പിന്നൊരിക്കലും കിട്ടില്ല എന്ന ഘട്ടത്തില്‍ സിംഗ്ജി എന്ത് ചെയ്യാന്‍. എനിക്ക് കളിപ്പാട്ടം മതി കസേരവേണ്ട എന്നായി അദ്ദേഹം. വികാരം അണപൊട്ടിയൊഴുകില്ലേ...പാവം! ആയമ്മ സമാശ്വസിപ്പിച്ചു. പിന്നെ കരാര്‍ ‘വാങ്ങികൊടുക്കാന്‍’ ചുവപ്പന്‍മാരുടെ അടുത്തേക്ക് ആളെയും വിട്ടു. കിം ഫലം! ‘ആരാന്‍റെ കമ്പ്യൂട്ടറില്‍ വൈറസ് കയറിയാലെന്താ...രസം’ എന്ന മട്ടിലാണ് ആ ഹൃദയമില്ലാത്തവരുടെ നില.പക്ഷേ, ധര്‍മ്മം! അത് കളഞ്ഞുകുളിക്കാന്‍ അവര്‍ക്കാവില്ല സിംഗ്ജി കരയുന്നെങ്കില്‍ കരയട്ടെ, ചുവപ്പരെ കുടുംബത്തീന്ന് ഇറക്കിവിടുന്നെതെങ്ങനെയെന്നായി ആയമ്മ.
എന്തായാലും ഉത്തരത്തീന്ന് കളിപ്പാട്ടമെടുത്താ കക്ഷത്തീന്ന് ധര്‍മ്മം കളയേണ്ടി വരുമെന്ന അവസ്ഥയാണ് ആയമ്മയ്ക്ക്. സിംഗ്ജിക്കാണെങ്കില്‍ രണ്ടാം തവണയും ഇതേകാര്യത്തിന് വാശിപിടിച്ചുള്ള കരച്ചില്‍ മാത്രം ബാക്കി!