പൊതുവില്‍ നല്ല വളക്കൂറുള്ള മണ്ണാണ് തമിഴകം. പ്രാദേശികതയ്ക്കും, ദ്രാവിഡ ഒരുമയ്‌ക്കും നല്ല വേരുറപ്പുണ്ടിവിടെ. ഒരു തവണ വിത്തിറക്കിയാല്‍ പിന്നെ ലാഭത്തോടു ലാഭം. പ്രത്യേകിച്ച് പണിയൊന്നും എടുക്കുകയും വേണ്ട. ജനതയുടെ പ്രധാന വിനോദം സിനിമയാണ്. പുരുഷന്‍റെ ഹൃദയത്തിലേക്കുള്ള വഴി അവന്‍റെ വയറിലൂടെയാണെന്ന് പറയുമ്പോലെ രാഷ്‌ട്രീയത്തിലേക്കുള്ള എളുപ്പവഴി സിനിമയാണ്.
തമിഴകത്തിന്‍റെ മുഖ്യനായാല്‍ പല ഗുണമുണ്ട്. എന്നും ബാലഗുളിച്യാദി എണ്ണതേച്ച് കുളിക്കാം. ട്രാഫിക്കില്‍പ്പെടാതെ വേഗത്തിലെത്താം, പിന്നെ ഖജനാവിന്‍റെ ചുവരില്‍ ഇഷ്ടം പോലെ നഖക്ഷതം വീഴ്‌ത്താം. ആര് ചോദിക്കാനെന്നേ?
‘നാന്‍ ആണെയിട്ടാല്‍ അത് നടന്തുവിട്ടാന്‍ ഇന്ത ഏഴൈകള്‍’ എന്നത് കൂടെക്കൂടെ ഓര്‍മ്മിപ്പിച്ചാല്‍ മതി. തമിഴകം ആകെ ഹര്‍ഷബാഷ്‌പം ചൂടി വര്‍ഷ പഞ്ചമി വന്നതു പോലെയാകും. പൊലീസ് റെക്കോര്‍ഡു പ്രകാരം ആകെയുള്ള ശത്രു ഒരു പിടിയാനയാണ്. പണ്ട് ഒരു അര്‍ദ്ധ രാത്രിയിലാണ് പള്ളിയുറക്കത്തിനിടെ പിടിയാനയുടെ പൊലീസ് സംഘം പൊക്കിയെടുത്ത് കൊണ്ടു പോയത്. അന്നത്തെ സംഭവം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും പെരുവിരലില്‍ നിന്നൊരു വിറയലാണ്.
മുഖ്യനായാലും മക്കളെ മറക്കരുത്. മൂന്നെണ്ണത്തിനെ ഒരു കരയ്ക്കെത്തിക്കാന്‍ പെട്ട പാട് തനിക്കും അമ്മന്‍ തായ്‌ക്കും മാത്രമെ അറിയാവൂ. ഒരാളെ രാജ്യസഭയിലെയ്‌ക്ക് കയറ്റി വിട്ടു. പിന്നെ ഒരാളെ മന്ത്രിയാക്കി. പിന്നെയുള്ള മധുരവീരന്‍ ഇക്കുറി ഒന്ന് വിളയാടാന്‍ ഇറങ്ങി തിരിച്ചിട്ടുണ്ട്. ‘വിളയാട് ഇത് നേരമാ കണ്ണാ’ എന്ന ഭക്തിഗാനമേളയോടെയായിരുന്നു പ്രചാരണത്തിന്‍റെ തുടക്കം.
അങ്ങനെ സസുഖം വാണരുളുമ്പോഴാണ് സിംഹള നാട്ടില്‍ ആകെ കലക്കം. പ്രഭാകരനൊപ്പം പണ്ട് കിളിമാസ് കളിച്ചിട്ടുണ്ടെന്ന് വെറുതെ വച്ച് കാച്ചിക്കൊടുത്തു. തെരഞ്ഞെടുപ്പ് കാലമല്ലേ? ലോകത്തിന്‍റെ മൊത്തം കേന്ദ്രം തമിഴ്‌നാട് ആണെന്ന് കരുതുന്നവരെ ഒന്ന് പാട്ടിലാക്കാന്‍ ശ്രമിച്ചതാ. പണിപാളിപ്പോയി. പണ്ടത്തേ പോലെയല്ലന്നേ. പറഞ്ഞാല്‍ പറഞ്ഞതാ. പിന്നീട് നിഷേധിക്കാനും നിരസിക്കാനുമൊന്നും പറ്റൂല.
ആകെ ചാണകത്തില്‍ ചവിട്ടിയതുപോലെയായി. മൊത്തം നാറി. കിട്ടാനിരുന്ന വോട്ടുകള്‍ അമ്മച്ചി കൊണ്ടു പോകുമോ എന്ന ഒരു ഭയം. വോട്ടുമറിയ്‌ക്കാന്‍ എന്തുപണി എന്ന് മച്ചില്‍ നോക്കി ആലോചിച്ചുനില്‍ക്കുമ്പോഴാണ്, ഒരു നിരാഹാര ചിന്ത വന്നത്. ഒപ്പം വടക്കുകിഴക്കായി പല്ലി ചിലച്ചതോടെ സംഗതി ഉറപ്പിച്ചു. പിന്നെ ഒക്കെ ബഹളമായി. ഓലവെട്ടുന്നു. പുരമേയുന്നു. എ സി ഫിറ്റുചെയ്യുന്നു. ഡണ്‍ലപ്പ് കിടക്ക അഞ്ചെണ്ണം വാങ്ങുന്നു. നീണ്ട് നിവര്‍ന്നു കിടക്കുന്നു. പ്രാണായാമം ചെയ്യുകയാണെന്ന ആര്‍ക്കും കണ്ടാല്‍ തോന്നൂ. യോഗസിദ്ധി അല്ലാതെന്ത് പറയാന്‍. ഇറ്റലിക്കാരി ഇതിനിടെ പത്തു തവണയെങ്കിലും വിളിച്ചിട്ടുണ്ട്. ആയമ്മയ്‌ക്കാകെ തളര്‍ച്ചയും തലകറക്കവുമാണ്.
ഒരു ഓളമുണ്ടാക്കണമെന്നേ കരുതിയുള്ളൂ. നമ്മളിതെത്ര കണ്ടതാണ്. ഏഴുമണിക്കു തുടങ്ങിയ നിരാഹാരം 12 മണിക്ക് നിര്‍ത്തി. പണ്ടും ഈ സമയത്തിനിടയ്ക്ക് അങ്ങനെ ആഹാരമൊന്നും കഴിക്കാറില്ല. അതിപ്പോള്‍ ഒന്നു പബ്ലിക് ആക്കി എന്നേയുള്ളൂ. എന്തായാലും നാലഞ്ചു മണിക്കൂര്‍ വെള്ളം കുടിക്കാതെ കുത്തിയിരുന്നതിന് ലോട്ടറിയടിച്ചു. താല്‍ക്കാലികമായി വെടി നിര്‍ത്താന്‍ ലങ്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അല്ലേലും അവര്‍ക്ക് പേടിയുണ്ട്. നാലുമണിക്കൂര്‍ കിടന്നപ്പോള്‍ ലങ്ക വെടിനിര്‍ത്തി. ഒരു ദിവസം മുഴുവനെങ്ങാന്‍ കിടന്നിരുന്നെങ്കില്‍, എല്‍ ടി ടി ഇയ്ക്ക് ഒരു രാജ്യവും അനുവദിച്ച് രാജപക്സെ അണ്ണന്‍ കീഴടങ്ങുമായിരുന്നു.
ഇനി അടുത്തയാഴ്‌ച വേറെ സിദ്ധി പ്രകടനമുണ്ട്, ഇന്ത്യന്‍ മഹാസമുദ്രത്തിന് കുറുകെ നീന്തല്‍, ഉള്ളില്‍ ഒന്നുമില്ലാത്തതിനാല്‍ താഴ്‌ന്നുപോകില്ല. വോട്ടുപിടിക്കാന്‍ എന്തൊക്കെ ചെയ്യണം?