Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൊട്ടൂ...തൊട്ടൂ‍...തൊടത്തില്ല!

ദുര്‍ബല സിംഗ്

തൊട്ടൂ...തൊട്ടൂ‍...തൊടത്തില്ല!
WD
എന്‍റമ്മോ എന്തൊരു “ചെയിഞ്ച്”. രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മ ഒന്നുമില്ലെന്ന് പോലും! നമ്മുടെ താമരവട്ടത്തിലെങ്ങും പണ്ടേ ഈ ‘ടച്ചുകൂടായ്മ’ ഇല്ലായിരുന്നു. അതിനാല്‍ അധികാ‍ര കസേരയിലെത്താനും ഇത്തരം ടച്ചിംഗ്സ് ഒന്നും പ്രശ്നമല്ലെന്ന് അദ്വാനിയദ്ദ്യം കഴിഞ്ഞ ദിവസം തുറന്നങ്ങടിച്ചു, കലങ്ങിപ്പോയില്ലേ എന്‍റെ ഇടനെഞ്ച്, ഇങ്ങേര്‍ക്കെന്താ പ്രായം കൂടി വട്ടായോ എന്നും ഈ ദുര്‍ബല മനസ്സിലൊരാശങ്ക.

ഇപ്പറഞ്ഞത് കേട്ട് തല തരിച്ച് നില്‍ക്കുമ്പോ ദാ കെടക്കുന്നു, ഒരു കൂട്ടിച്ചേര്‍പ്പ് കൂടി. കമ്യൂണിസ്റ്റുകളോട് ഞങ്ങള്‍ ഒരിക്കലും തൊട്ടുകൂടായ്മ കാണിച്ചിട്ടില്ല, പക്ഷേ അവര്‍ ഞങ്ങളെ അവജ്ഞയോടാണ് കാണുന്നത്. സമാധാനമായി ജീ, സമാധാനമായി, ഇനിയെന്തു വേണം!

സ്വതേ ദുര്‍ബലനായ ഞാന്‍ അങ്ങേലെ ഗോപിയുടെ മുന്നില്‍ ഇനിയെങ്ങനെ പിടിച്ചു നില്‍ക്കും. കറകളഞ്ഞ ചുവപ്പനായ അവനെ കന്നാലി പ്രശ്നത്തിലായാലും വീട്ടുകാരികളുടെ പ്രശ്നത്തിലായാലും താമര വിടര്‍ത്തിയല്ലേ ഈ ദുര്‍ബലലന്‍ പ്രതിരോധിച്ചുകൊണ്ടിരുന്നത്! മിക്കവാറും ഇതെല്ലാം കട്ടപ്പൊഹ ആവാന്‍ ഇനി അധികം പിടിക്കില്ല എന്നാണ് തോന്നുന്നത്.

അങ്ങോര് പണ്ട് ഒരു പുസ്തകമെഴുതിയ വാര്‍ത്ത കേട്ടപ്പോഴേ എന്തൊരെക്കെയോ ഇടങ്ങേറ് തോന്നിയതാ...അതുമായി സോണിയാമ്മേടെ അടുത്തു ചെല്ലുന്നു.. അവിടെ ചെല്ലുന്നൂ...ഇവിടെ ചെല്ലുന്നൂ എന്ന് വേണ്ട എന്തൊര് ബഹളമായിരുന്നു. സോണിയാമ്മ അതുംവായിച്ച് നല്ല രണ്ട് വാക്‍പെട കൊടുത്തപ്പോള്‍ അതിയാന് സമാധാനമായി..... പുസ്തകം വില്‍ക്കാനായിരുന്നെങ്കില്‍ അത് ദുര്‍ബലലനെ വിളിച്ച് പറഞ്ഞാല്‍ പോരായിരുന്നോ.. ഇംഗ്ലീഷറിയാത്തവര്‍ക്ക് വിറ്റ് കാശ് ഞാന്‍ കൊടുക്കില്ലായിരുന്നോ !

webdunia
WD
തെരഞ്ഞെടുപ്പ് വന്ന് ഇങ്ങ് തലേ കേറിയിട്ടും ആരും സഖ്യമെന്ന് പറഞ്ഞ് വരുന്നില്ല... എന്നാ പിന്നെ ആര്‍ക്ക് വേണമെങ്കിലും സ്വാഗതം, നമ്മുടെ വാതില്‍ തുറന്ന് കിടക്കുകയാണ് എന്ന് പറയുന്നതിന് സമമല്ലേ ഈ ‘ടച്ചുകൂടായ്മ’! പക്ഷേ അദ്ദ്യത്തിനെയെന്തിന് കുറ്റം പറയണം ഇങ്ങ് തെക്ക് ആന്ധ്രയില്‍ പോലും പലരും തിരിഞ്ഞും മറിഞ്ഞും കളിച്ചിട്ടും ആരും സഖ്യമെന്ന് പറഞ്ഞ് വരുന്നില്ല, എന്നാ പിന്നെ സഖാവേ എന്നങ്ങട് വിളിച്ചു തുടങ്ങിയാലോ എന്നായിരിക്കും ഈ ഭീഷ്മപിതാമഹന്‍റെ പഴയ ബുദ്ധിയില്‍ തോന്നിയത്.

ടച്ചുകൂടായ്മ. ഇടതിനെ ഓര്‍ത്തിട്ടാണെങ്കില്‍ അതുവേണ്ടെന്നാ ദുര്‍ബലന്‍റെ പക്ഷം. “ആണവ പ്രാന്ത് പിടിച്ച് ഡല്‍ഹി തെരുവിലൂടെ കാലുവെന്ത് ഓടി നടന്നപ്പോള്‍ എവിടെ പോയ് കുട്ടീ‍ നിന്‍റെ ടച്ചുകൂടായ്മ” എന്ന് മമ്മൂട്ടി സ്റ്റൈലില്‍ കാരാട്ടദ്ദേഹം കൂടി ചോദിച്ചാ ഇതിയാനെന്ത് മറുപടി നല്‍കും! ‘വേണേല്‍...വേണമെങ്കില്‍ മാത്രം മതിയേ...’ എന്നോ?

ആ താരസഞ്ചയം കൂട്ടുപിടിച്ച അമര്‍ ശിങ്കത്തെ ചാക്കിടാന്‍ നോക്കണമെന്നേ ദുര്‍ബലന്‍ പറയൂ... അല്ലെങ്കില്‍ ചെല്ലപ്പന്‍ കണിയാന്‍ പറഞ്ഞത് എന്‍റെ കാര്യത്തില്‍ അറം‌പറ്റും! ഗോപി എന്നെ മെക്കിട്ടു കേറിയാല്‍ ആശുപത്രിവാസവും വ്യസന വ്യവഹാരവുമല്ലാതെ മറ്റെന്തു ഫലം... തിരിച്ചടിക്കാന്‍ അറിയാമെങ്കിലും ആരോഗ്യം വേണേ!

Share this Story:

Follow Webdunia malayalam