ക്രെഡിറ്റ് കാര്‍ഡ് എങ്ങനെ ഉപയോഗിക്കണം, എങ്ങനെ പണം ലാഭിക്കാം... അറിയേണ്ടതെല്ലാം

വ്യാഴം, 23 ഏപ്രില്‍ 2015 (18:54 IST)
കൈയില്‍ നിന്നും പണം കൊടുക്കാതെ അത്യാവശ്യം ഷോപ്പിംഗുകള്‍ നടത്താന്‍ സുരക്ഷിതമായി ഉപയോഗിക്കാമെന്നതാണ് ക്രെഡിറ്റ് കാര്‍ഡിനൊട് ആളുകള്‍ക്ക് പ്രിയം കൂടാന്‍ കാരണം. ക്രെഡിറ്റ് കാര്‍ഡുവഴി പലിശ ഇല്ലാതെ പണം കടം എടുക്കാം എന്നതിനാല്‍ പലരും ഇന്ന് ക്രെഡിറ്റ് കാര്‍ഡുകള്‍ നേടാന്‍ പരിശ്രമിക്കാറുണ്ട്. ഡെബിറ്റ് കാര്‍ഡിനെ അപേക്ഷിച്ച് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ചാര്‍ജുകള്‍ അടക്കേണ്ടതില്ല എന്നാണ് പലരും ധരിച്ചിരിക്കുന്നത്. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ്  ഉപയോഗിച്ചാല്‍ അതിന്റെ തുക നിശ്ചിത കാലത്തിനുള്ളില്‍ ഇത് തിരിച്ചടച്ചില്ലെങ്കില്‍ പലിശ ഇനത്തില്‍ വന്‍ തുക തന്നെ നല്‍കേണ്ടി വരും.

കൂടാതെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ ഇതേപോലെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ കുറേയേറെയുണ്ട്. അവയെ  നമുക്ക് പരിചയപ്പെടാം. ക്രെഡിറ്റ് കാര്‍ഡ് സൗകര്യം നല്‍കുന്നതിന് ബാങ്കുകള്‍ പ്രതിവര്‍ഷം ഉപയോക്താക്കളില്‍ നിന്ന് വാര്‍ഷിക ഫീസ് (Annual Fees) ഈടാക്കാറുണ്ട്. കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി മിക്ക ബാങ്കുകളും ആദ്യത്തെ വര്‍ഷം ഈ ഫീസ് ഒഴിവാക്കും. എന്നാല്‍ അത് കണ്ട് ഇത്തരമൊരു ഫീസില്ലെന്ന് തെറ്റിദ്ധരിക്കരുതെ. നിങ്ങള്‍ നന്നായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഈ ഫീസ് കുറച്ചു തരണമെന്ന് ബാങ്കിനോട് ആവശ്യപ്പെടാമെന്ന് മാത്രം. അവര്‍ അംഗീകരിച്ചാല്‍ മാത്രമെ ഇത് കുറയുകയുള്ളു.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നര്‍ അറിഞ്ഞിരിക്കേണ്ട മറ്റൊരു ഫീസാണ് വാര്‍ഷിക പലിശ നിരക്ക്(Annual Percentage Rate-APR) ബില്ലടയ്ക്കാന്‍ നേരം വൈകുകയും ക്രെഡിറ്റ് കാര്‍ഡ് ലോണിലൂടെ എടുത്ത തിരിച്ചടവുകള്‍ വൈകുകയും ചെയ്തവരാണെങ്കില്‍ നിങ്ങള്‍ ഈ പേര് നന്നായി ഓര്‍ത്തിരിക്കേണ്ടതുണ്ട്. അതെല്ലാം കൂടി കൂട്ടി ഒരു ചാര്‍ജ് നിങ്ങളെ തേടി വരും. അത് ചിലപ്പോള്‍ എടുത്താല്‍ പൊന്തിയെന്ന് വരില്ല. അതിനാല്‍ തിരിച്ചടവുകള്‍ കൃത്യമായിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം. കൂടാതെ കൃത്യം തിയ്യതിക്കു തന്നെ പണം അടച്ചില്ലെങ്കില്‍ ലേറ്റ് പെയ്‌മെന്റ് ഫീസ് നല്‍കാന്‍ കാര്‍ഡ് ഉടമകള്‍ ബാധ്യസ്ഥരാണ് എന്നകാര്യം ഒരിക്കലും മറക്കയുമരുത്.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ സാധാരണയായി പറഞ്ഞ് കേള്‍ക്കുന്നവയാണ് ക്രെഡിറ്റ് ലിമിറ്റും കാഷ് ലിമിറ്റും. ക്രെഡിറ്റ് കാര്‍ഡില്‍ ഉപയോഗിക്കാവുന്നതിന്റെ പരമാവധി പരിധിയാണ് ക്രെഡിറ്റ് ലിമിറ്റ്. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും പണമായി നിങ്ങള്‍ക്കു പിന്‍വലിക്കാവുന്നതിന്റെ പരിധിയാണ് ക്യാഷ് ലിമിറ്റ്. ക്രെഡിറ്റ് ലിമിറ്റ് നിങ്ങളുടെ തിരിച്ചടവിന്റെ ശേഷി എത്രയെന്ന് ബാങ്ക് കണക്ക് കൂട്ടിയിരിക്കുന്നതനുസരിച്ച് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും കൂടിയ ക്രെഡിറ്റ് ലിമിറ്റുള്ളവര്‍ക്ക് കൂടുതല്‍ തുകയക്ക് പര്‍ച്ചേസ് നടത്താന്‍ സാധിക്കും. എന്നാല്‍ അത്യാവശ്യത്തിനല്ലാതെ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് പണം പിന്‍‌വലിക്കാന്‍ ശ്രമിക്കരുത്. ഈ സേവനത്തിന് വന്‍ പലിശയാണ് ബാങ്കുകള്‍ ഈടാക്കുന്നത് എന്നതു തന്നെ കാരണം.

കാര്‍ഡ് വെരിഫിക്കേഷന്‍ വാല്യൂ അഥവാ സിവിവി എന്താണെന്നറിയാമോ? പലപ്പോഴും ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തുന്ന സമയത്ത് ഇത് നല്‍കാന്‍ ആവശ്യപ്പെടാറുണ്ട്. എന്താണ് ഇ സിവിവി? ക്രെഡിറ്റ് കാര്‍ഡിന്റെ പിറകില്‍ നിങ്ങള്‍ കാണുന്ന മൂന്നക്ക നമ്പറാണ് സിവിവി. ഓണ്‍ലൈന്‍ പെയ്‌മെന്റുകള്‍ നടത്താന്‍ ഈ കാര്‍ഡ് വെരിഫിക്കേഷന്‍ വാല്യു അത്യാവശ്യമാണ്.  ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യത്തില്‍ പ്രധാനമാണ് ബില്ല് അടയ്ക്കുന്നത്. ബില്‍ എന്നാണോ തയ്യാറാക്കുന്നത് ആ ദിവസമാണ് ബില്ലിങ് ഡേറ്റായി പരിഗണിക്കുക. ഈ ബില്‍ അടയ്‌ക്കേണ്ട അവസാന തിയ്യതിയായിരിക്കും ഡ്യൂ ഡേറ്റ്. ഒരു ബില്ലിങ് ഡേറ്റ് മുതല്‍ അടുത്ത ബില്ലിങ് ഡേറ്റ് വരെയുള്ള കാലയളവാണ് ബില്ലിങ് സൈക്കിള്‍. കാര്‍ഡ് തരുമ്പോള്‍ ഇവയെല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ടാകും.

ഇനി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക്  ഒന്നിലേറെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉണ്ടെങ്കില്‍ ഉപയോഗിക്കാത്തവ ക്യാന്‍സല്‍ ചെയ്യുന്നതാണ് നല്ലത്. അതേ സമയം പണം കൃത്യമായി അടച്ചതിനുശേഷം വേണം കാര്‍ഡുകള്‍ ക്യാന്‍സല്‍ ചെയ്യാന്‍ എന്നു മാത്രം. കൃത്യ സമയത്ത് ബില്‍ സെറ്റില്‍ ചെയ്യുന്നത് മികച്ച ക്രെഡിറ്റ് സ്‌കോര്‍(സിബില്‍) നിലനിര്‍ത്താന്‍ സഹായിക്കും. അല്ലെങ്കില്‍ ഇത് നിങ്ങള്‍ക്ക് ഭാവിയില്‍ വായ്പ്പ എടുക്കുന്നതിന് തടസമുണ്ടാക്കും. നിങ്ങളുടെ ഓരോ പിഴവും സിബില്‍( ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഫ് ഇന്ത്യ) റെക്കോഡ് ചെയ്യുന്നുണ്ട്. അംഗങ്ങളായ ബാങ്കുകള്‍ക്കും വ്യക്തികള്‍ക്കും ലഭ്യമായ ഈ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് അല്ലെങ്കില്‍ സിബില്‍ ക്രെഡിറ്റ് സ്‌കോര്‍ പുതിയൊരു ലോണിന് അപേക്ഷിക്കുമ്പോഴാണ് വില്ലനാകുന്നത്. വരുത്തുന്ന ഓരോ പിഴവിനും പോയിന്റ് കുറയും.

ലോണടയ്ക്കാന്‍ പിഴവ് വരുത്തിയോ? പിഴവ് വരുത്തിയ തുക എന്നാണ് അടച്ചത്? നിലവില്‍ എന്തെല്ലാം കടങ്ങളുണ്ട്? പുതിയ ലോണിനായി എവിടെയെല്ലാം ശ്രമിച്ചിട്ടുണ്ട്. തുടങ്ങിയ ഒട്ടെറേ വിവരങ്ങള്‍ സിബില്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. സാധാരണ ഗതിയില്‍ ലോണിന് അപേക്ഷിക്കുമ്പോള്‍ ബാങ്കുകളാണ് ഇത് പരിശോധിക്കുക. സിബില്‍ സ്കോര്‍ കുറവാണെങ്കില്‍ നിങ്ങളുടെ ലോണ്‍ നിരസിക്കപ്പെടാനാണ് സാധ്യത. ലോണ്‍ അടവുകള്‍ കൃത്യമായി അടയ്ക്കുക,  ലോണ്‍/ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട ചെക്കുകള്‍ ഒരിക്കലും ബൗണ്‍സ് ചെയ്യാന്‍ അനുവദിക്കാതെ ശ്രദ്ദിക്കുക,  ക്രെഡിറ്റ് കാര്‍ഡില്‍ പണമടയ്ക്കാന്‍ കഴിയില്ലെങ്കില്‍ മിനിമം ഡ്യൂ അടയ്ക്കുകയെങ്കിലും ചെയ്യുക, അത്യാവശ്യ ഘട്ടത്തില്‍ മാത്രം ലോണിന് അപേക്ഷിക്കുക, വായ്പയായാലും ക്രെഡിറ്റ് കാര്‍ഡായാലും തുടര്‍ച്ചയായി വീഴ്ചവരുത്തി സെറ്റില്‍മെന്റിന് വെയ്ക്കരുത് തുടങ്ങിയവയൊക്കെ ചെയ്യുന്നത് മികച്ച ക്രെഡിറ്റ് സ്കോര്‍ നിലനിര്‍ത്താന്‍ സഹായിക്കും.

എങ്കിലും ക്രെഡിറ്റ് കാര്‍ഡ് അലക്ഷ്യമായി നുപയോഗിക്കുന്നവര്‍ക്കാണ് ഈ വിനയൊക്കെ സഹിക്കേണ്ടി വരിക. നിങ്ങള്‍ നല്ലൊരു ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താവാണെങ്കില്‍ കൃത്യമായി ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി ക്യാഷ് ബാക് പോളിസികള്‍ ചില സ്ഥാപനങ്ങള്‍ പ്രഖ്യാപിക്കാറുണ്ട്. ഒരു നിശ്ചിത തുക ബാങ്ക് സമ്മാനമായി നില്‍കും. അതിനാല്‍ പണമായി സാധനങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ ലാഭം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഉണ്ടാകും. കൂടാതെ ഒരു കമ്പനിയുടെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും മറ്റൊരു കമ്പനിയുടെ കാര്‍ഡിലേക്ക് ബാധ്യതകള്‍ മാറ്റുവാനും സാധിക്കും. ഇത് വാര്‍ഷിക പലിശ( എപി‌ആര്‍ )  നിരക്കില്‍ നിന്ന് നിങ്ങളെ താല്‍ക്കാലികമായി രക്ഷപ്പെടുത്തും. ബാലന്‍സ് ട്രാന്‍സ്ഫര്‍ എന്നാണ് ഈ രീതിയെ വിളിക്കുന്നത്. എപിആര്‍ ചാര്‍ജുകള്‍ കൂടിയ കമ്പനികളില്‍ നിന്നും കുറഞ്ഞ കമ്പനികളിലേക്ക് മാറുന്നതിനുവേണ്ടി ആളുകള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്താറുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക