Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുറത്ത് സൗഹൃദം നടിക്കുന്നവരേക്കാള്‍ സ്നേഹമുള്ളവരായിരുന്നു ജയിലിലുണ്ടായിരുന്നവര്‍: ദിലീപിന്റെ വാക്കുകള്‍ വൈറലാകുന്നു

ദിലീപിന്റെ നിരപരാധിത്വം തെളിയട്ടേ... - ബാലചന്ദ്ര മേനോന്‍ പറയുന്നു

പുറത്ത് സൗഹൃദം നടിക്കുന്നവരേക്കാള്‍ സ്നേഹമുള്ളവരായിരുന്നു ജയിലിലുണ്ടായിരുന്നവര്‍: ദിലീപിന്റെ വാക്കുകള്‍ വൈറലാകുന്നു
, വ്യാഴം, 8 മാര്‍ച്ച് 2018 (09:42 IST)
നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജാമ്യത്തില്‍ കഴിയുന്ന നടന്‍ ദിലീപിന് ആശംസയും പിന്തുണയുമായി സംവിധായകനും നടനുമായ ബാലചന്ദ്ര മേനോന്‍. എന്നാലും ശരത് എന്ന ചിത്രത്തിന്റെ ഡബ്ബിങിനിടെ ലാല്‍ മീഡിയയില്‍ വെച്ച് ദിലീപിനെ ആകസ്മികമായി കണ്ടുമുട്ടിയതും സംസാരിച്ചതുമെല്ലാം ഫേസ്ബുക്കിലൂടെയാണ് ബാലചന്ദ്ര മേനോന്‍ പറയുന്നത്.
 
ദിലീപിന്റെ ജയില്‍ വാസം കഴിഞ്ഞുള്ള ആദ്യ കൂടിക്കാഴ്ചയാണെന്നും അരമണിക്കൂറോളം ദിലീപുമായി സംസാരിച്ചുവെന്നും ബാലചന്ദ്ര മേനോന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ദിലീപിന്റെ ഓരോ വാക്കിലും എന്തും തഞ്ചത്തോടെ നേരിടാനുള്ള ഒരു ലാഘവം ഉണ്ടെന്ന് സംവിധായകന്‍ പറയുന്നു. പ്രതിസന്ധികളില്‍ തളരാത്ത ഒരു മനസ്സുണ്ടാവുകയെന്നതു അത്ര ചെറിയ കാര്യമല്ല. അവിടെ അകത്തുള്ളവര്‍ക്കു പുറത്തു സൗഹൃദം നടിക്കുന്ന പലരേക്കാളും എന്നോട് സ്‌നേഹമുണ്ടെന്നു ഞാന്‍ മനസ്സിലാക്കിയെന്ന് ദിലീപ് തന്നോട് പറഞ്ഞതായും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.
 
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം:
 
ഞാൻ ദിലീപിനെ കണ്ടുമുട്ടി .
അതും തികച്ചും ആകസ്മികമായിട്ട് …
 
ലാൽ മീഡിയായിൽ “എന്നാലും ശരത് ” എന്ന എന്റെ ചിത്രത്തിൻറെ അന്നത്തെ ഡബ്ബിങ് തീർത്തു പോവുകയായിരുന്നു ഞാൻ . ദിലീപാകട്ടെ തന്റെ വിഷു ചിത്രമായ “:കമ്മാര സംഭവത്തിനു ” വന്നതും .
 
ജയിൽ വാസം കഴിഞ്ഞുള്ള ഞങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു അത് .ഏതാണ്ട് അരമണിക്കൂറോളം നിന്ന നിൽപ്പിൽ ഞങ്ങൾ ആ സംഗമം ആഘോഷിച്ചു. വിഷയങ്ങൾ ഓരോന്നായി മാറി മാറി വന്നു . ദിലീപിന്റെ ഓരോ വാക്കിലും എന്തും തഞ്ചത്തോടെ നേരിടാനുള്ള ഒരു ലാഘവം ഞാൻ കണ്ടു .
പ്രതിസന്ധികളിൽ തളരാത്ത ഒരു മനസ്സുണ്ടാവുകയെന്നതു അത്ര ചെറിയ കാര്യമല്ല .( പരീക്ഷയിൽ തോറ്റു പോയതിനു ഇന്നും കുട്ടികൾ ആത്‍മഹത്യ ചെയ്യുന്ന രാജ്യമാണ് ഇന്ത്യ എന്നത് കൂടി ഓർക്കുക.) 
ശാന്തമായ സ്വരത്തിൽ ദിലീപ് എന്നോട് പറഞ്ഞു :
 
” അവിടെ അകത്തുള്ളവർക്കു പുറത്തു സൗഹൃദം നടിക്കുന്ന പലരേക്കാളും എന്നോട് സ്നേഹമുണ്ടെന്നു ഞാൻ മനസ്സിലാക്കി …. “
 
അത് കലാകാരന്റെ മാത്രം നേട്ടമാണ് . പ്രേക്ഷകമനസ്സിൽ ‘ഇഷ്ട്ടം ‘ ( അങ്ങിനെ പേരുള്ള ഒരു ചിത്രത്തിൽ മാത്രമേ ഞാൻ ദിലീപിനൊപ്പം അഭിനയിച്ചിട്ടുള്ളു . നവ്യാനായരുടെ അച്ഛനായിട്ടു . നവ്യയുടെ സിനിമയിലെ ആദ്യത്തെ അച്ഛനും ഞാനാണെന്ന് തോന്നുന്നു ) നേടിയിട്ടുള്ള ദിലീപിന് ആ പിന്തുണ ഏറെ ഉണ്ടാവും .ഇനി തന്റെ മുന്പിലുള്ള ഏക വെല്ലുവിളി ആ നിരപരാധിത്വം തെളിയിക്കുക എന്നതാണ് .ആ ദൃഢ നിശ്ചയമാണ് ഞാൻ ദിലീപിന്റെ മുഖത്തു കണ്ടത് …
 
ഒരു കാര്യം കൂടി ഞാൻ ദിലീപിനോട് പങ്കു വെച്ചു . ‘എന്നാലും ശരത്തി’ ലെ ഒരു രംഗത്തു എന്നെയും ലാൽ ജോസിനെയും കൈയാമം വെച്ചുകൊണ്ട് പോകുന്ന ഒരു രംഗമുണ്ട്. അതിന്റെ ഷൂട്ടിംഗിനുള്ള ക്രമീകരണങ്ങൾ എല്ലാം കഴിഞ്ഞു . കോസ്‌റ്റ്യുമർ വന്നു കയ്യിൽ വിലങ്ങിട്ടു പൂട്ടിയ നിമിഷം ഞാൻ ദിലീപുമായി ഷെയർ ചെയ്തു . എനിക്കേറ്റവും ദുസ്സഹമായി തോന്നിയത് വീട്ടിൽ നിന്ന് പോലീസ് ജീപ്പിലേക്കുള്ള വഴി മദ്ധ്യേ നാട്ടുകാർ കൂട്ടം കൂടി നിൽക്കാൻ അസിസ്റ്റന്റ് ഡയറക്ടർസ് ഏർപ്പാട് ചെയ്തിരുന്നു . വിലങ്ങണിഞ്ഞ ഞാൻ നടന്നു പോകുമ്പോൾ അവർ എന്നെ നോക്കി ഒരു കുറ്റവാളി എന്ന നിലയിൽ ആക്രോശിക്കുന്നത് അഭിനയമായിട്ടുകൂടി എനിക്ക് പൊള്ളുന്നതായി തോന്നി .
 
“ആ നിമിഷമാണ് ഒരു പക്ഷെ ഞാൻ താങ്കളുടെ മനസ്സിന്റെ നിലയിലേക്ക് ഇറങ്ങിച്ചെന്നത് . അത് എനിക്ക് ഭീകരമായ ഒരു അനുഭവമായിരുന്നു ….”
 
അത് കേട്ട് ദിലീപ് ചിരിച്ചു . ആ ചിരിയിലും ഒരു ദൃഢതയുണ്ടായിരുന്നു .
 
ദിലീപ് എന്ന കലാകാരനെ ഏവർക്കും ഇഷ്ടമാണ് .ആ ഇഷ്ട്ടം വീണ്ടും വീണ്ടും പകരാനായി ഇപ്പോഴത്തെ ഈ കടുത്ത പരീക്ഷണത്തെ അതിജീവിച്ചു ഉത്സുകനായി അദ്ദേഹം വരട്ടെ, പ്രേക്ഷക ലോകത്തിലേക്കു …

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏറ്റുമുട്ടുന്നത് ഫഹദും സുരാജും, പാര്‍വതിക്ക് നിരാശപ്പെടേണ്ടി വരില്ല; സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന്