Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലാവ്‌ലിനെ പറ്റി പുതിയ പുസ്തകം

ലാവ്‌ലിനെ പറ്റി പുതിയ പുസ്തകം
, ചൊവ്വ, 16 ജൂണ്‍ 2009 (09:34 IST)
സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതിപ്പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുള്ള ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട വിവാദവും വാദപ്രതിവാദങ്ങളും കേരളത്തില്‍ കൊഴുക്കുമ്പോള്‍ ഇതാ ലാവ്‌ലിനെ പറ്റി രണ്ടാമത്തെ പുസ്തകവും. എസ്‌എന്‍സി ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുമടങ്ങിയ 'ലാവ്‌ലിന്‍ രേഖകളിലൂടെ' എന്ന പുസ്തകം വിപണിയില്‍ എത്തി.
WDWD

പ്രശസ്ത സാമൂഹിക പരിസ്ഥിതി പ്രവര്‍ത്തകനായ സി ആര്‍ നീലകണ്ഠനാണ് പുസ്തകം രചിച്ചിരിക്കുന്നത്. സൈലന്റ് വാലി, പ്ലാച്ചിമട, എക്സ്പ്രസ് ഹൈവേ തുടങ്ങി നിരവധി പരിസ്ഥിതി പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തിട്ടുള്ള നീലകണ്ഠന്‍ മാധ്യമങ്ങളില്‍ പരിസ്ഥിതിപ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ലേഖനങ്ങള്‍ എഴുതാറുണ്ട്. ഇപ്പോള്‍ കെല്‍ട്രോണില്‍ ജോലി ചെയ്യുന്നു, കൊച്ചിയില്‍ താമസം.

യു ഡി എഫ് മന്ത്രിസഭയുടെ കാലത്ത് മന്ത്രി ജി കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ ഒപ്പിട്ട 24 കോടിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ കോടികളുടെ സപ്ലൈകരാറാക്കി മാറ്റിയതു മുതല്‍ ലാവ്‌ലിന്‍ കേസില്‍ നടന്ന ഓരോ ക്രമക്കേടും രേഖകളുടെയും തെളിവുകളുടെയും സഹായത്തോടെ ഈ പുസ്തകം വിശകലനം ചെയ്യുന്നു.

ഈ വിഷയത്തില്‍ സിപിഎം നിലപാടുകളെയും പിണറായി വിജയനെയും ന്യായീകരിച്ച്‌ പ്രഭാവര്‍മ എഴുതിയ പുസ്തകത്തിലെ വാദങ്ങളെ, 'ലാവ്‌ലിന്‍ രേഖകളിലൂടെ' എന്ന പുസ്തകത്തില്‍ നീലകണ്ഠന്‍ ഖണ്ഡിക്കുന്നുണ്ട്. ഒലീവ്‌ പബ്ലിക്കേഷന്‍‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നൂറ്റിനാല്‍‌പത്തിയഞ്ച് പേജുള്ള ഈ പുസ്തകത്തിന്റെ വില 75 രൂപയാണ്.

ലാവ്‌ലിനെ പറ്റിയുള്ള ഈ പുസ്തകം നേരത്തെ തന്നെ എഴുതിക്കഴിഞ്ഞിരുന്നു എങ്കിലും തിരഞ്ഞെടുപ്പു വിഷയമെന്ന നിലയില്‍ ഒതുങ്ങിപ്പോകാതിരിക്കാനാണ്‌ തിരഞ്ഞെടുപ്പിനു ശേഷമിറക്കുന്നതെന്ന്‌ ആമുഖത്തില്‍ പറയുന്നു. വൈകാതെ ഇതിന്റെ ഇംഗ്ലീഷ്‌ പരിഭാഷ പ്രസിദ്ധീകരിക്കും എന്നറിയുന്നു.

Share this Story:

Follow Webdunia malayalam