യുപിഎ സര്‍ക്കാര്‍ തിങ്കളാഴ്ച അവതരിപ്പിച്ച ബജറ്റിന് പ്രത്യേകതകള്‍ ഒന്നും അവകാശപ്പെടാനില്ല എന്ന് ബിജെപി. അതേസമയം, പ്രണാബ് മുഖര്‍ജി മികച്ച ബജറ്റാണ് അവതരിപ്പിച്ചതെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു.
പ്രണാബ് അവതരിപ്പിച്ച ബജറ്റില്‍ പുതിയ സന്ദേശങ്ങള്‍ ഒന്നും ഇല്ല എന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ ധനമന്ത്രിയുമായ യശ്വന്ത് സിന്‍ഹ പറഞ്ഞു. ബജറ്റ് ഉറപ്പില്ലാത്തതും പ്രത്യേകതകള്‍ ഇല്ലാത്തതും ആണെന്നും യശ്വന്ത് സിന്‍ഹ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ബജറ്റില്‍ ഹ്രസ്വകാല ഉത്തേജനങ്ങള്‍ക്കും ദീര്‍ഘകാല പരിഷ്കാരങ്ങള്‍ക്കും നീതിയുക്തമായ പരിഗണന നല്‍കിയിട്ടുണ്ട് എന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി അഭിപ്രായപ്പെട്ടു.
ആഗോള മാന്ദ്യകാലത്ത് ധനമന്ത്രി നല്ലൊരു ബജറ്റാണ് അവതരിപ്പിച്ചത്. ബജറ്റ് പൊതുജനങ്ങള്‍ക്ക് മേല്‍ നികുതിഭാരം അടിച്ചേല്‍പ്പിച്ചില്ല എന്നും മനീഷ് തിവാരി മാധ്യമ ലേഖകരോട് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫണ്ടില്‍ സുതാര്യത കൊണ്ടുവരാനുള്ള നടപടിയെയും തിവാരി പ്രകീര്‍ത്തിച്ചു.
വിപണികള്‍ ബജറ്റിനോട് നല്ലരീതിയില്‍ പ്രതികരണം നടത്തിയില്ല എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, ‘വിപണി മാത്രം ലക്‍ഷ്യമിട്ടല്ല ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്’ എന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ മറുപടി.
ധനക്കമ്മിക്ക് കാരണമായത് സാമ്പത്തിക മാന്ദ്യത്തെ പ്രതിരോധിക്കാന്‍ കഴിഞ്ഞ ഡിസംബറില്‍ പ്രഖ്യാപിച്ച ഉത്തേജന പാക്കേജുകളാണെന്നും തിവാരി പറഞ്ഞു.