Webdunia - Bharat's app for daily news and videos

Install App

ഒരേസമയം സങ്കീര്‍ണ്ണതയും കോമഡിയും നിറഞ്ഞ കഥപറച്ചില്‍ ശൈലി, മലയാള സിനിമയില്‍ സിദ്ദിഖ് ലാല്‍ നടത്തിയത് മറ്റാര്‍ക്കും അനുകരിക്കാന്‍ സാധിക്കാത്ത ബ്രാന്‍ഡ്

Webdunia
ചൊവ്വ, 8 ഓഗസ്റ്റ് 2023 (22:44 IST)
മലയാളസിനിമയില്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ തവണ വീണ്ടും കാണാന്‍ ഇഷ്ടപ്പെടുന്ന സിനിമകളുടെ കൂട്ടത്തില്‍ സിദ്ദിഖ് ലാല്‍ സിനിമകളെ ഒരിക്കലും നിങ്ങള്‍ക്ക് ഒഴിവാക്കാന്‍ സാധിക്കില്ല. ഫ്രണ്ട്‌സ്,ബോഡിഗാര്‍ഡ് എന്നിങ്ങനെ ഹാസ്യം നിറഞ്ഞ വേറെയും ചിത്രങ്ങള്‍ സിദ്ദിഖ് തനിച്ചും ഹിറ്റാക്കിയിട്ടുണ്ടെങ്കിലും സിദ്ദിഖ്‌ലാല്‍ കൂട്ടുക്കെട്ടില്‍ വന്ന സിനിമകള്‍ മലയാള സിനിമ ചരിത്രത്തില്‍ തന്നെ ഒരു ബ്രാന്‍ഡ് ആയി മാറ്റിനിര്‍ത്താവുന്ന സിനിമകളാണ്.
 
ഒറ്റനോട്ടത്തില്‍ ഹാസ്യചിത്രങ്ങളെന്ന് നമ്മളെ തോന്നിപ്പിക്കുന്ന സിനിമയുടെ ഭൂരിഭാഗം സമയത്തും തമാശകളാല്‍ പ്രേക്ഷകനെ രസിപ്പിച്ചിരുന്ന ചിത്രങ്ങള്‍ പക്ഷേ ഒരേസമയം സങ്കീര്‍ണ്ണമായതും മറ്റൊരു സംവിധായകര്‍ക്കും എളുപ്പത്തില്‍ പറയാന്‍ സാധിക്കുന്നതുമായ കഥകളല്ല. മലയാള സിനിമയില്‍ അരങ്ങേറ്റ ചിത്രത്തില്‍ തന്നെ ഒരു കിഡ്‌നാപ്പിങ്ങിനിടെയില്‍ പെട്ടുപോകുന്ന തൊഴില്‍രഹിതരായ അല്ലെങ്കില്‍ അല്ലലുകളില്‍ അലയുന്ന മൂന്ന് പേരെ വെച്ചാണ് സിദ്ദിഖ് ലാല്‍ കഥ പറയുന്നത്. ആദ്യപകുതിയിലെ രസകരമായ ഹാസ്യം രണ്ടാം പകുതിയിലേക്കെത്തുമ്പോള്‍ തൊഴിലില്ലായ്മയേയും കിഡ്‌നാപ്പിംഗിലേക്കുമെല്ലാം തിരിഞ്ഞ് കഥ സങ്കീര്‍ണ്ണമാകുമ്പോഴും ഹാസ്യത്തിന്റെ രസചരട് സിദ്ദിഖ് ലാല്‍ മുറിക്കുന്നതേയില്ല.
 
രണ്ടാം സിനിമയായ ഇന്‍ ഹരിഹര്‍ നഗറിലേക്ക് വരുമ്പോഴും ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയില്‍ മരണപ്പെട്ട് പോകുന്ന സേതുമാധവന്‍, സേതുമാധവന്റെ കൊലപാതകം, സേതുമാധവന്‍ തട്ടിയെടുത്ത പണം കൈക്കലാക്കാന്‍ വരുന്ന ജോണ്‍ ഹോനായി എന്നിങ്ങനെ വളരെ സങ്കീര്‍ണ്ണമാണ് കഥ. എന്നാല്‍ തൊഴില്‍ രഹിതരായ നാലു കൂട്ടുകാരിലൂടെയാണ് കഥ വികസിക്കുന്നത്. വളരെ സാധാരണമായി തുടങ്ങുകയും പിന്നീട് സങ്കീര്‍ണ്ണമായ ഒരു പ്രശ്‌നത്തില്‍ ചെന്നുചാടുകയും എന്നാല്‍ ഈ അവസ്ഥയില്‍ എല്ലാം തന്നെ ഹാസ്യത്തെ മുറുകെ പിടിക്കുകയും ചെയ്യുന്നത് കഥ പറയുന്നവര്‍ക്ക് എളുപ്പം സാധിക്കുന്നതല്ല.

 
ഒരുഭാഗത്ത് വയറ് വേദനിക്കുന്നത് വരെ നമ്മെ ചിരിപ്പാക്കാനും കഥയുടെ ആഴങ്ങളില്‍ ചെന്ന് കണ്ണ് ഈറനണിയിക്കാനും കഥാപാത്രങ്ങളോട് ഇഴുകി ചേരാനും സിദ്ദിഖ് ലാല്‍ സിനിമകള്‍ക്ക് സാധിച്ചിരുന്നു. ഇവരുടെ തന്നെ മൂന്നാം ചിത്രമായ ഗോഡ് ഫാദര്‍ പറയുന്നത് രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള കുടിപ്പകയെ പറ്റിയാണെങ്കിലും കാണുന്ന പ്രേക്ഷകന് കഥാപരിസരത്തിന്റെ ഭാരം സിദ്ദിഖ് ലാല്‍ ഒരിക്കലും തോന്നിപ്പിച്ചിരുന്നില്ല. ഇതിനുള്ള കൃത്യമായ മറയായി അവര്‍ ഉപയോഗിച്ചിരുന്നത് ഹാസ്യമായിരുന്നു. ഈ ശൈലി സിദ്ദിഖ് ലാലിനെ പോലെ മറ്റൊരാള്‍ക്കും തന്നെ തങ്ങളുടെ സിനിമകളില്‍ ഫലപ്രദമായി ഇത്രത്തോളം സന്നിവേശിപ്പിക്കാന്‍ സാധിച്ചിരുന്നില്ല.

 
സിദ്ദിഖ് ലാല്‍ ഒരുമിച്ച് സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളിലും തന്നെ ഈ സവിശേഷത നമുക്ക് എടുത്ത് കാണാവുന്നതാണ്. രണ്ട് പേരും ഒരുമിച്ച് സംവിധാനം ചെയ്ത സിനിമകളില്‍ കാബൂളിവാലയില്‍ മാത്രമാണ് ഡ്രാമ കോമഡിയേക്കാള്‍ മുന്നിട്ട് അല്ലെങ്കില്‍ അതുവരെ വന്നുപോയ ചേരുവയില്‍ അല്പം മാറ്റമുണ്ടായതായി തോന്നിച്ച സിനിമ. കാബൂളിവാലയ്ക്ക് ശേഷം ഇരുവരും ഒരുമിച്ച് സിനിമകള്‍ വന്നില്ല എന്നത് ഈ കെമിസ്ട്രിയില്‍ വന്ന മാറ്റത്തിന്റെ കൂടെ ഭാഗമാകാം.
 
ആദ്യ ചിത്രം മുതല്‍ പിന്നീട് ചെയ്ത ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍,വിയറ്റ്‌നാം കോളനി എന്നിവയെല്ലാം മലയാളത്തിലെ ഒരു ബ്രാന്‍ഡ് ആയി മാറ്റിനിര്‍ത്തപ്പെടുത്തുവാന്‍ കഴിയുന്ന ചിത്രങ്ങളാണ്. ലാലുമായി വേര്‍പിരിഞ്ഞ് സ്വതന്ത്ര സംവിധായകനായി മാറിയ സിദ്ദിഖിന് പിന്നീട് വലിയ വിജയങ്ങള്‍ കണ്ടെത്താന്‍ സാധിച്ചെങ്കിലും ഫ്രണ്ട്‌സ്,ബോഡി ഗാര്‍ഡ് എന്നീ ചുരുക്കം ചിത്രങ്ങള്‍ മാത്രമാണ് ഓര്‍ക്കാനാവുന്ന കോമഡി രംഗങ്ങള്‍ സൃഷ്ടിച്ച രംഗങ്ങള്‍. ലാല്‍ പിന്നീട് സ്വതന്ത്ര സംവിധാകനായപ്പോള്‍ ചിരി ചിത്രങ്ങള്‍ സമ്മാനിക്കാനായെങ്കിലും കഥ ആവശ്യപ്പെടുന്ന മുറുക്കം സമ്മാനിക്കാന്‍ ലാല്‍ എന്ന സംവിധായകനായില്ല. സിദ്ദിഖ് ലാല്‍ എന്ന സംവിധായക ജോഡി പരസ്പരപൂരകങ്ങളാകുന്നത് അവിടെയാണ്. തനിയെ വിജയങ്ങള്‍ സൃഷ്ടിക്കാന്‍ രണ്ടുപേര്‍ക്കും ആയെങ്കിലും അതൊരിക്കലും ഒരു സിദ്ദിഖ്‌ലാല്‍ സിനിമയായി മാറിയില്ല. ഇന്ന് ആ ജോഡിയിലെ ഒരാള്‍ വിടപറയുമ്പോള്‍ വലിയ ശൂന്യതയാണ് അത് മലയാള സിനിമാലോകത്ത് സൃഷ്ടിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സിഖുക്കാരെ പരിഹസിച്ചു, ഒരു മാസത്തിനിടെ കൊമേഡിയൻ കപിൽ ശർമയുടെ ഹോട്ടലിനെതിരെ രണ്ടാം തവണയും വെടിവെയ്പ്പ്

ഇനിയും വില കുറയ്ക്കാം: ഇന്ത്യക്ക് ക്രൂഡോയില്‍ വാഗ്ദാനവുമായി റഷ്യ

കുട്ടികളുടെ വിഷമങ്ങള്‍ മനസിലാക്കാന്‍ സ്‌കൂളുകളില്‍ പരാതിപ്പെട്ടി; എല്ലാ ആഴ്ചയും പരിശോധിക്കണം

ഗാസ പിടിച്ചെടുക്കാന്‍ ഇസ്രയേല്‍ സുരക്ഷാ ക്യാബിനറ്റിന്റെ അനുമതി; ബന്ദികളുടെ ജീവനില്‍ ആശങ്ക

India US trade conflict:തെമ്മാടികള്‍ക്കെതിരെ ഒരടി പിന്നോട്ട് പോകരുത്, ട്രംപിന്റെ തീരുവ വര്‍ധനവില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ചൈനീസ് അംബാസഡര്‍

അടുത്ത ലേഖനം
Show comments