ടി20 ക്രിക്കറ്റില്‍ ഇന്നുള്ളവരിലെ ഏറ്റവും മികച്ച ബാറ്ററെ തിരെഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരമായ ഹര്‍ഭജന്‍ സിംഗ്. ഇന്ത്യന്‍ സൂപ്പര്‍ താരമായ രോഹിത് ശര്‍മയോ, യുവതാരമായ അഭിഷേക് ശര്‍മയോ ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണറായ ട്രാവിസ് ഹെഡോ അല്ല ടി20 ക്രിക്കറ്റിലെ ഹര്‍ഭജന്‍ തിരെഞ്ഞെടുത്ത മികച്ച താരം. ലഖ്‌നൗവിന്റെ വിന്‍ഡീസ് താരമായ നിക്കോളാസ് പുറാനെയാണ് ഹര്‍ഭജന്‍ മികച്ച താരമായി തിരെഞ്ഞെടുത്തത്.
ഇന്നുള്ളവരില്‍ ഏറ്റവും മികച്ച ടി20 താരം പുറാനാണെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. ലഖ്‌നൗവിന്റെ ട്രംപ് കാര്‍ഡ് പൂറാനാണെന്നും ഹര്‍ഭജന്‍ എക്‌സില്‍ കുറിച്ചു. ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ലഖ്‌നൗവിന്റെ വിജയത്തില്‍ നിര്‍ണായകമായ പങ്കായിരുന്നു പുറാന്‍ വഹിച്ചത്.മത്സരത്തില്‍ 26 പന്തുകള്‍ നേരിട്ട പുറാന്‍ 6 ബൗണ്ടറികളും 6 സിക്‌സറുകളും സഹിതം 70 റണ്‍സ് അടിച്ചെടുത്തിരുന്നു. ലഖ്‌നൗവിന് വേണ്ടി 1000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും മത്സരത്തില്‍ പുറാന്‍ സ്വന്തമാക്കിയിരുന്നു. 31 മത്സരങ്ങളില്‍ നിന്നും 45.54 ശരാശരിയില്‍ 1002 റണ്‍സാണ് താരം നേടിയിട്ടുള്ളത്.