Webdunia - Bharat's app for daily news and videos

Install App

യേശുദാസ് നിര്‍ബന്ധിച്ചു, കലാഭവന്‍ പിറന്നു!

ജെ പുതുച്ചിറ

Webdunia
ബുധന്‍, 31 ഓഗസ്റ്റ് 2011 (17:28 IST)
PRO
ആബേലച്ചനെ കാണാന്‍ ഒരു ദിവസം ഇരിങ്ങാലക്കുടക്കാരന്‍ വര്‍ഗീസ്‌ പുളിക്കന്‍ വന്നു. ഒപ്പം മറ്റൊരാളും ഉണ്ടായിരുന്നു. അപരിചിതന്‍. വര്‍ഗീസ്‌ കൂടെ വന്ന സുഹൃത്തിനെ പരിചയപ്പെടുത്തി.

‘ഇയാളാണ് കെ കെ ആന്‍റണി മാസ്റ്റര്‍... വലിയ സംഗീതജ്ഞനാണ്‌, അച്ചന്‌ ഉപകാരപ്പെടും’ - അച്ചന്‍ വിസ്മയത്തോടെ നോക്കിയിരിക്കുമ്പോള്‍, വര്‍ഗീസ്‌ പറഞ്ഞു. സിലോണ്‍ റേഡിയോയിലൊക്കെ മാസ്റ്റര്‍ പരിപാടി അവതരിപ്പിക്കുന്നുണ്ട്‌. ഇനി നാട്ടില്‍ തങ്ങണമെന്നുണ്ട്‌. കുടുംബം പോറ്റണ്ടേ. അച്ചന്റെ കൂടാവുമ്പോള്‍ എല്ലാം നടക്കും. അതുകൊണ്ടാണ് കൊണ്ടുവന്നത്.

അന്ന്‌ സംഗീതജ്ഞരെക്കുറിച്ചൊന്നും വലിയ വിവരമുണ്ടായിരുന്നില്ല. രചിച്ച പാട്ടുകള്‍ക്കെല്ലാം സുറിയാനി ട്യൂണിലായിരുന്നല്ലോ സംഗീതം. സുറിയാനി അറിയാവുന്ന അച്ചന്മാര്‍ക്ക്‌ അനായാസം പാടാവുന്നവയായിരുന്നു ഗാനങ്ങള്‍. ആര്‍ക്കും പാടാവുന്ന വിധം ലളിതവും മധുരവുമാണ്‌ സുറിയാനി ട്യൂണ്‍. ശ്രോതാക്കള്‍ക്കും പെട്ടെന്നു പഠിക്കാനാവും. മലയാളം പാട്ടു കുര്‍ബാനയ്ക്കും മറ്റും ഭാരതീയ സംഗീതം നല്‍കണമെന്ന്‌ എനിക്കും മോഹമുണ്ടായിരുന്നു.

ആന്റണി മാസ്റ്ററെ ദൈവം അതിനു കൊണ്ടു വന്നതാണെന്നിലോ? ഒന്നറിയുക തന്നെ. ഒരു പരീക്ഷണം. 'കര്‍ത്താവിന്‍ തിരുഭവനത്തില്‍ നാഥനെ വാഴ്ത്തിപ്പാടുവിന്‍' എന്ന ഒരു ഗാനം കൈവശമുണ്ടായിരുന്നു. അച്ചനതു മാസ്റ്ററെ ഏച്ചപിച്ചു, ട്യൂണ്‍ ചെയ്യാന്‍. പാടിക്കേട്ടപ്പോള്‍ ആബേലച്ചന്റെ മനസ് നിറഞ്ഞു, കണ്ണുകളും. ഇത്രയേറെ അവഗാഹമുള്ള ഒരു കലാകാരനെ പരീക്ഷിച്ചല്ലോ എന്നോര്‍ത്തപ്പോള്‍ ആത്മനിന്ദയും തോന്നി.

അന്നുമുതല്‍ ആന്റണിമാസ്റ്റര്‍ ആബേലച്ചനൊപ്പമായി. 18 വര്‍ഷം ആ ബന്ധം തുടര്‍ന്നു. മാസ്റ്റര്‍ ഈണം പകര്‍ന്ന ‘ഈശ്വരനെത്തേടി ഞാന്‍ നടന്നു...’, ‘പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരണമേ.....’, ‘നട്ടുച്ചനേരത്ത്‌....' തുടങ്ങിയ ഗാനങ്ങള്‍ ക്രൈസ്തവര്‍ മാത്രമല്ല, മലയാളക്കര ഒന്നടന്നം സ്വീകരിച്ചു. മാസ്റ്ററെ സഹായിക്കാന്‍ അന്ന്‌ എമിലും റെക്സും ഉണ്ടായിരുന്നു. പാടാന്‍ ജോളി എബ്രഹാമും..

എല്ലാവര്‍ക്കും വ്യക്തമായ ലക്‍ഷ്യബോധമുണ്ടായിരുന്നു. ആരാധനക്രമഗാനങ്ങള്‍ എഴുതി ട്യൂണ്‍ ചെയ്തു ടേപ്പിലാക്കി ഇടവകപ്പള്ളികള്‍ക്കു സൗജന്യമായി ലഭ്യമാക്കുക. അതിന് വേണ്ടിയാണ്‌ ക്രിസ്ത്യന്‍ ആര്‍ട്സ്‌ രൂപം കൊണ്ടത്‌.

ആര്‍ച്ച്‌ ബിഷപ്പ്‌സ് ഹൗസിന്റെ വളപ്പില്‍, സത്യദീപം പത്രാധിപരായിരിക്കെ ഫാദര്‍ ജോസഫ്‌ പാറേക്കാട്ടില്‍ ഉപയോഗിച്ചിരുന്ന മേല്‍മുറി ക്രിസ്ത്യന്‍ ആര്‍ട്ട്‌സിന്റെ ആസ്ഥാനമാക്കാന്‍ ലഭിച്ചു. പഴയ കുറേ മേശകള്‍, കസേരകള്‍, ഒരു പഴയ മോഡല്‍ ടേപ്‌ റിക്കാര്‍ഡര്‍... ഇതായിരുന്നു അവിടെയുണ്ടായിരുന്ന ഉപകരണങ്ങള്‍.

ക്രിസ്ത്യന്‍ ആര്‍ട്ട്‌സ് കലാകാരന്മാരുടെ ശ്രദ്ധാകേന്ദ്രമായി. ആന്റണി മാസ്റ്റര്‍, ഗിറ്റാര്‍ മാന്ത്രികന്‍ എമില്‍ ഐസക്‌, വയലിനില്ല്‌ റെക്സ്‌ ഐസക്‌, ദക്ഷിണാമൂര്‍ത്തി, റാഫി ജോസ്‌, എം കെ അര്‍ജുനന്‍..... തുടങ്ങിയവരൊക്കെ ആര്‍ട്ട്‌സിലെ അംഗങ്ങളായോ അംഗങ്ങളെപ്പോലെയോ ആയി.

ഭക്തിഗാനങ്ങള്‍ എഴുതി ട്യൂണ്‍ ചെയ്തു ടേപ്പു ചെയ്തു ആബേലച്ചനും കൂട്ടരും കാത്തിരിക്കും. പള്ളികള്‍ക്കു വേണ്ടി, വേണ്ടപ്പെട്ടവര്‍ വന്ന്‌ അവ ടേപ്പു ചെയ്തു കൊണ്ടു പോകും. ദിവസവും ധാരാളം പേര്‍ ഇതിനായി വന്നിരുന്നു.

ഇല്ലായ്മയുടെ ദിനങ്ങളായിരുന്നു അവ. കലാകാരന്മാര്‍ക്കു പ്രതിഫലമെന്നല്ല, ബസ്സുകൂലി പോലും നല്‍കാന്‍ പണമില്ലാതിരുന്ന നാളുകള്‍. ആന്റണി മാസ്റ്റര്‍ക്കു മാത്രം വല്ലതും നല്‍കി. 500 രൂപയിലധികം ഒരിക്കലും നല്‍കാനായിരുന്നില്ല. പാറേക്കാട്ടില്‍ തിരുമേനിയുടെ പിന്തുണ എന്തെന്നില്ലാത്ത ആവേശം പകര്‍ന്നു കൊടുത്തു.

കാരിക്കാമുറി ആശ്രമത്തിലായിരുന്നു അബേലച്ചന്റെ താമസം. രാവിലെ എട്ടിന്‌ ബ്രോഡ്‌വേയിലെ ഓഫീസിലേക്കു നടക്കും. വൈകുന്നേരം അഞ്ചരയ്ക്ക്‌ മടക്കവും നടന്നുതന്നെ. ചെലവു ചുരുക്കുന്നതിനൊപ്പം വ്യായാമവുമായി. കുറെ സുകൃതജപങ്ങളും ചൊല്ലാം.

പെരുമഴയിലും നടപ്പു തന്നെ. എറണാകുളമല്ലേ? കൊച്ചുമഴ പെയ്താല്‍ മതി നിരത്തിലാകെ വെള്ളമാകും. കുണ്ടും കുഴിയും തിരിച്ചറിയാനും ആവില്ല. അത്തരത്തിലൊരു ദിവസം അച്ചന്‍ നടക്കുകയാണ്‌. കാലെടുത്തു വച്ചത്‌ മുട്ടോളം ആഴമുള്ള ഒരു കുഴിയില്‍. വീണില്ല. കഷ്ടപ്പെട്ട്‌ കാലു പൊക്കിയെടുത്തപ്പോള്‍ കാലിച്ച കിടന്ന ചെരിപ്പില്ല. അങ്ങനെ നിഷ്പാദുകനായാണ്‌ അച്ചന്‍ ഓഫീസിലെത്തിയത്‌.

ഒരു ദിവസം ഒരു മലയാളം പാട്ട്‌ കാതുകളില്‍ വന്നലച്ചു. അതിന്റെ ഈണം ആബേലച്ചനെ വല്ലാതെ സ്പര്‍ശിച്ചു. ആ ഈണം മൂളിക്കൊണ്ടു നടന്നു. അതിന്‌ അക്ഷരം നല്‍കിയപ്പോള്‍ 'കുരിശില്‍ മരിച്ചവനേ' എന്ന ഗാനമായി. അതു കുരിശിന്റെ വഴിയിലെ ആദ്യഗാനമായി. പിന്നീട്‌ നിരവധി 'കുരിശിന്റെ വഴികള്‍' വന്നു. അവയ്ക്കൊന്നും ലഭിക്കാത്ത സ്വീകരണം ഇന്നും 'കുരിശില്‍ മരിച്ചവനു' ലഭിക്കുന്നു.

മലയാളക്കരയുടെ പ്രിയപ്പെട്ട ഗായകന്‍ യേശുദാസ്‌ 1968-ല്‍ ‘കുരിശിന്റെ വഴി’ പാടി, റിക്കോര്‍ഡ്‌ ചെയ്തു. പ്രതിഫലമൊന്നും വാങ്ങാതെ. കുരിശിന്റെ വഴിയില്‍ നിന്നും ലഭിച്ച പണം കലാഭവനു വേണ്ടിയാണ്‌ ചെലവാക്കിയത്‌. 1968-ലോ 69-ലോ ക്രിസ്തുമസിന്‌ ആകാശവാണിയുടെ തിരുവനന്തപുരം നിലയത്തില്‍ പ്രക്ഷേപണം ചെയ്യാന്‍ ആബേലച്ചനൊരു സംഗീതശില്‍പം തയ്യാറാക്കി. ‘ത്യാഗമൂര്‍ത്തി’ എന്നായിരുന്നു പേര്. അതിന്റെ റിക്കോര്‍ഡിംഗിന് എത്തിയപ്പോള്‍ അച്ചനൊരാശയം തോന്നി. ഭക്തിഗാനങ്ങളുടെ ഒന്നുരണ്ട്‌ ഡിസ്ക്‌ ഇറക്കിയാലോ?

അവിടെവച്ച്‌ ഈ മേഖലയൊക്കെ പരിചയമുള്ള തൃശൂര്‍ പി രാധാകൃഷ്ണനോട്‌ അച്ചനിതിനെക്കുറിച്ചു സംസാരിച്ചു. ‘അച്ചനൊക്കെ മദ്രാസിനു പോകാതെ ഇവിടെത്തന്നെ ഒരു റിക്കാര്‍ഡിംഗ്‌ സ്റ്റുഡിയോയും ഡബ്ബിംഗ് സ്റ്റുഡിയോയും സ്ഥാപിക്കരുതോ?’ - രാധാകൃഷ്ണന്‍ ചോദിച്ചു. 50,000 രൂപായുണ്ടെങ്കില്‍ ഒരു സ്റ്റുഡിയോ തുടങ്ങാം. ലാഭം ഉണ്ടാകുമെന്നതുകൊണ്ട്‌ പണമുള്ളവര്‍ സഹകരിക്കും. രാധാകൃഷ്ണന്‍ പറഞ്ഞു. ആ ആശയം ആബേലച്ചന്റെ മനസില്‍ വളര്‍ന്നു.

പാറേക്കാട്ടില്‍ പിതാവുമായി അച്ചനിക്കാര്യം സംസാരിച്ചു. തിരുമേനിക്ക്‌ ഏറെ സ്വീകാര്യമായിരുന്നു ഈ ഐഡിയ. ഭക്തിഗാനങ്ങളുടെ റിക്കാര്‍ഡിറക്കാന്‍ മദ്രാസിനു പോകുമ്പോള്‍ അച്ചന്റെ മനസില്‍ ഈ സ്വപ്നവും ഉണ്ടായിരുന്നു. അവിടെ യേശുദാസിനെ കണ്ടു. യേശുദാസിന്റെ കൂടി നിര്‍ബന്ധപ്രകാരം ക്രിസ്ത്യന്‍ ആര്‍ട്സ്‌ അങ്ങനെ ‘കലാഭവന്‍’ ആയി.

( യുകെയില്‍ പ്രസിദ്ധീകരിക്കുന്ന ബിലാത്തി മലയാളം (bilathi.info) എന്ന മാസികയുമായി സഹകരിച്ച് പ്രസിദ്ധീകരിക്കുന്നത്. ചിത്രത്തിന് കടപ്പാട് - കൊച്ചിന്‍ കലാഭവന്‍ ഡോട്ട് കോം)

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Russia- Ukraine War പറഞ്ഞത് വെറും വാക്കല്ല, ആണവ നയം തിരുത്തിയതിന് പിന്നാലെ യുക്രെയ്നെതിരെ ഭൂഖണ്ഡാന്തര മിസൈൽ ആക്രമണം നടത്തി റഷ്യ

തട്ടിപ്പുകാരില്‍ നിന്നും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിനെ സംരക്ഷിക്കാന്‍ ഈ അഞ്ചു കാര്യങ്ങള്‍ ചെയ്യണം

അദാനിയെ ഇന്നുതന്നെ അറസ്റ്റ് ചെയ്യണം, സംരക്ഷണം നല്‍കുന്നത് പ്രധാനമന്ത്രി: രാഹുല്‍ ഗാന്ധി

Bomb Cyclone in US: യുഎസില്‍ ഭീതി പരത്തി 'ബോംബ്' ചുഴലിക്കാറ്റ്

വിവാഹമോചന കേസിന്റെ സമയത്തും ഭര്‍തൃവീട്ടില്‍ സൗകര്യങ്ങള്‍ക്ക് ഭാര്യയ്ക്ക് അര്‍ഹതയുണ്ട്, മലയാളി ദമ്പതികളുടെ കേസില്‍ സുപ്രീം കോടതി

Show comments