Select Your Language

Notifications

webdunia
webdunia
webdunia
webdunia

കലമണ്ഡലത്തിലെ കളിയച്ഛന്‍

കലമണ്ഡലത്തിലെ കളിയച്ഛന്‍
കഥകളിയെ അഭിമാനാര്‍ഹമായ കലാസപര്യയാക്കിയ പ്രതിഭാധനനാണ് ഗുരു കുഞ്ചുക്കുറുപ്പെന്ന ഗുരു തകഴി കുഞ്ചുക്കുറുപ്പ്.

അദ്ദേഹം അന്തരിച്ചിട്ട് ഏപ്രില്‍ 2ന് 35 കൊല്ലം തികയുന്നു. ഇന്ത്യയാകെ പരന്ന ആ നടനപ്രഭ 1973 ഏപ്രില്‍ രണ്ടിനാണ് അസ്തമിച്ചത്. അദ്ദേഹത്തിന്‍റെ 127ാം പിറന്നാളും ഈ മാസമാണ്.

കഥകളിയില്‍ ഭാവരസാഭിനയങ്ങള്‍ക്കു മുന്തിയ പ്രാധാന്യം കൊടുക്കുന്ന തെക്കന്‍ ചിട്ടയെന്ന കപി്ളങ്ങാടന്‍ ശൈലിയുടെ മാത്തൂര്‍ കളരിയിലെ സൂര്യതേജസ്സായിരുന്ന ഈ മഹാനടന്‍ . വിഖ്യാത സാഹിത്യകാരന്‍ തകഴി ശിവശങ്കരപ്പിള്ളയുടെ ഇളയച്ഛനായിരുന്നു.

അഭ്യാസത്തിന്‍റെയും അംഗീകാരത്തിന്‍റെയും പൂര്‍ണശോഭ പകരുന്ന വടക്കന്‍ കല്ലുവഴിച്ചിട്ടയ്ക്ക്, ഭാവാഭിനയത്തിന്‍റെ മുഖശ്രീ പകര്‍ന്നത് ഗുരു കുഞ്ചു ക്കുറുപ്പാണെന്ന് പറഞ്ഞാലത് തെറ്റാവില്ല.

കലാമണ്ഡലം ആരംഭിച്ചപ്പോള്‍ കഥകളി അഭ്യസിപ്പിക്കാന്‍ ഗുരു കുഞ്ചുക്കുറുപ്പിനെയാണ് നിയോഗിച്ചത്. ഗുരുഗോപിനാഥ്, കലാമണ്ഡലം കൃഷ്ണന്‍ നായര്‍, ആനന്ദശിവറാം തുടങ്ങി അദ്ദേഹത്തിന്‍റെ ശിഷ്യര്‍ ഏറെയാണ്.

തകഴിയിലാണ് ഗുരു കുഞ്ചുക്കുറുപ്പ് ജനിച്ചത്. ചമ്പക്കുളം ശങ്കുപ്പിള്ളയാശാന്‍റെ ശിക്ഷണത്തില്‍ 12-ാം വയസ്സില്‍ കഥകളി അഭ്യസനം ആരംഭിച്ചു. മാത്തൂര്‍ കുഞ്ഞുപ്പിള്ള പണിക്കരുടെ കളിയോഗത്തില്‍ അംഗമായിരുന്നു.

1902ല്‍ മലബാര്‍ പര്യടനം നടത്തിയ അദ്ദേഹം കൂടല്ലൂര്‍ മന്ത്രേടത്ത് മനയ്ക്കല്‍ താമസിച്ച് അഭിനയവും പരിശീലനവും തുടര്‍ന്നു. മലബാറില്‍ നിന്നു തന്നെയാണ് വിവാഹം കഴിച്ചത്.

കുടുംബപാരമ്പര്യപ്രകാരം സംസ്കൃതം പഠിച്ചു. കല്ലുവഴിച്ചിട്ട അഭ്യസിച്ച ഗുരു കുഞ്ചുക്കുറുപ്പ് ഒരു ആദ്യാവസാന വേഷക്കാരന്നെ നിലയില്‍ പ്രശസ്തി നേടി. കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍, കൊച്ചി മഹാരാജാവ് തുടങ്ങി പല രാജാക്കന്മാരിലും പ്രഭുക്കന്മാരിലും നിന്ന് കുഞ്ചുക്കുറുപ്പിന് ഒട്ടേറെ പാരിതോഷികങ്ങള്‍ ലഭിച്ചു.

പച്ചയും കത്തിയുമാണ് പ്രധാന വേഷങ്ങള്‍. തെക്കന്‍ സമ്പ്രദായത്തിലും വടക്കന്‍ സമ്പ്രദായത്തിലും ഒരുപോലെ പ്രാവീണ്യം സിദ്ധിച്ച ഗുരുകുഞ്ചുക്കുറുപ്പിന്‍റെ കാട്ടാളന്‍, നളന്‍, കുചേലന്‍ തുടങ്ങിയ വേഷങ്ങള്‍ പ്രസിദ്ധമാണ്.

1956ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം നേടി. ഇന്ത്യ ഗവണ്‍മെന്‍റ് 1965ല്‍ പത്മശ്രീ നല്‍കി ആദരിച്ചു. പിന്നീട് പത്മഭൂഷണ്‍ ബഹുമതി ഗുരുകുഞ്ചുക്കുറുപ്പിന് ലഭിച്ചു.

Share this Story:

Follow Webdunia malayalam