Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദീപാവലിപ്പെരുമ

ദീപാവലിപ്പെരുമ
ദീപാവലിയുടെ ഐതിഹ്യത്തിനും പ്രാദേശിക ഭേദമുണ്ട്. ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷം അഞ്ച് നാളുകള്‍ നീളുന്നുവെങ്കില്‍ ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളൂ.

ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ വ്യത്യസ്തമാക്കുന്നത് അതുമായി ബന്ധപ്പെട്ട ഐതിഹ്യകഥകളാണ്.

നരകാസുരവധം മുതല്‍ വര്‍ധമാന മഹാവീര നിര്‍വാണം വരെ അവ നീണ്ടു കിടക്കുന്നു. എങ്കിലും ദുര്‍ഗാദേവിയുടെ നരകാസുരവധകഥയ്ക്കാണ് കൂടുതല്‍ പ്രചാരം.

നരകാസുരവധം : ഭൂമിദേവിക്ക് അവിഹിതബന്ധത്തില്‍ പിറന്ന നരകാസുരന്‍ ത്രിലോകത്തിനും ശല്യമായപ്പോള്‍ വിഷ്ണുവും ഇന്ദ്രനും ഗരുഡനും ചേര്‍ന്ന് നരകാസുരനെ വധിച്ചതിന്‍െറ ആഹ്ളാദ സൂചകമായാണ് ദീപാവലി ആഘോഷിക്കുന്നതെന്ന് ഒരു കഥയുണ്ട്.

പടക്കം പൊട്ടിച്ചും ദീപങ്ങള്‍ കത്തിച്ചും മധുരപലഹാരം വിതരണം ചെയ്തും ഈ ദിനം ആഘോഷിക്കുന്നത് ആ ഓര്‍മ്മ പുതുക്കാനാണെന്നാണ് പറയുന്നത്.

ഭൂമിദേവിയുടെ അഭ്യര്‍ഥന മാനിച്ച് മഹാവിഷ്ണു നരകാസുരന്‍റെ സംരക്ഷണത്തിന് നാരായണാസ്ത്രം നല്കിയതോടെ നരകാസുരന്‍ വിശ്വരൂപം കാട്ടി.

ഇന്ദ്രന്‍റെ വെണ്‍കൊറ്റക്കുട അപഹരിച്ചും ഇന്ദ്രമാതാവിന്‍റെ കുണ്ഡലങ്ങള്‍ കവര്‍ന്നും പതിനായിരത്തില്‍പരം ദേവ-മനുഷ്യ സ്ത്രീകളെ തടവിലിട്ടും രാജ്യത്തിന്‍െറ കാവല്‍ അസുരരെ ഏല്പിച്ചും അഴിഞ്ഞാടിയ ഈ അസുര ചക്രവര്‍ത്തിയെ വധിക്കാനാണ് മഹാവിഷ്ണു മുന്നിട്ടിറങ്ങിയത്.

പിതൃ ദിനം : ബംഗാളില്‍ മറ്റൊരു വിധത്തിലാണ് ആഘോഷം. ഈ ദിനത്തില്‍ ഭൂമിയിലെത്തുന്ന പിതൃക്കള്‍ക്ക് വഴികാട്ടാനായി വലിയ ദണ്ഡുകള്‍ ഉയര്‍ത്തിവച്ച് മുകളില്‍ ദീപം കത്തിച്ചു വച്ചാണ് ഇവരുടെ ആഘോഷം.

മധുപാന മഹോത്സവം :വാത്സ്യായനന്‍റെ കാമസൂത്രത്തില്‍ യക്ഷന്മാരുടെ രാത്രിയാണ് ദീപാവലി. മധുപാന മഹോത്സവമാണ് അന്നത്തെ മുഖ്യ ആഘോഷം.

മഹാബലി:മഹാരാഷ്ട്രയില്‍ മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതിന്‍റെ സ്മരണ പുതുക്കലാണ് ദീപാവലി. ധാന്യപ്പൊടി കൊണ്ടോ, ചാണകപ്പൊടി കൊണ്ടോ മഹാബലിയുടെ രൂപമുണ്ടാക്കി അദ്ദേഹത്തിന്‍െറ രാജ്യം വീണ്ടും വരട്ടെ എന്ന് സ്ത്രീകള്‍ പ്രാര്‍ഥിക്കുന്നതാണ് ഈ ആഘോഷത്തിലെ മുഖ്യ ചടങ്ങ്.

വിക്രമവര്‍ഷാരംഭ ദിനം: വിക്രമാദിത്യ ചക്രവര്‍ത്തി സ്ഥാനാരോഹണം ചെയ്ത വിക്രമവര്‍ഷാരംഭ ദിനമായും ജാതക കഥകളില്‍ വര്‍ധമാന മഹാവീരന്‍ നിര്‍വാണം പ്രാപിച്ച ദിനത്തിന്‍റെ ഓര്‍മ്മയ്ക്കായും ഈ ദിനം ആഘോഷിക്കുന്നു.

ശ്രീരാമപട്ടാഭിഷേകം : രാവണനിഗ്രഹത്തിനുശേഷം സീതാസമേതനായി അയോധ്യയിലെത്തിയ ശ്രീരാമന്‍ പട്ടാഭിഷേകം നടത്തിയതിന്‍റെ ഓര്‍മയ്ക്കായും ഈ ദിനം ആഘോഷിക്കുന്നു.

ചൂതാട്ടം :ശിവപാര്‍വതിമാരും ഗണപതിസുബ്രഹ്മണ്യന്മാരും ചൂതാട്ടം നടത്തിയതിന്‍റെ ഓര്‍മ പുതുക്കാനാണ് ദീപാവലി ആഘോഷമെന്ന കഥയ്ക്കും പ്രചാരമുണ്ട്.



Share this Story:

Follow Webdunia malayalam