സ്ത്രീകളുടെ ശബരിമലയില്‍ പൊങ്കാലയുടെ പുണ്യം
, ചൊവ്വ, 26 ഫെബ്രുവരി 2013 (10:42 IST)
സ്ത്രീകള്‍ക്കൊരു ശബരിമലയുണ്ടെങ്കില്‍ അതാണ് ആറ്റുകാല്‍ ദേവീക്ഷേത്രം. വരദായിനിയായ നാരായണീ സ്വരൂപത്തെ ദര്‍ശിക്കാനെത്തുന്ന ഭക്തരില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. കേരളത്തിലെ എണ്ണം പറഞ്ഞ ശക്തികേന്ദ്രങ്ങളില്‍ പ്രമുഖമാണ് ആറ്റുകാല്‍ ഭഗവതിക്ഷേത്രം. മാതൃകാരൂപത്തില്‍ സ്ഥിതിചെയ്യുന്ന ദേവീസാന്നിദ്ധ്യം, അലൗകികമായ ചൈതന്യപ്രസരത്തോടെ ഭക്തര്‍ക്ക് സാന്ത്വനമരുളുന്നു.തിരുവനന്തപുരത്ത് കിഴക്കേക്കോട്ടയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ തെക്കാണ് ആറ്റുകാല്‍ ക്ഷേത്രം. ഇവിടെയുള്ള ദേവീവിഗ്രഹം ദാരു ശില്പനിര്‍മ്മിതമാണ്. കുംഭത്തിലെ പൂരം നാളില്‍ ലക്ഷകണക്കിന് സ്ത്രീകള്‍ പങ്കെടുക്കുന്ന പൊങ്കാല മഹോത്സവം നടക്കുന്നു.ഗണപതി, നാഗരാജാവ്, മാടന്‍ തമ്പുരാന്‍ എന്നിവരാല്‍ പരിസേവിതയാണ് ആറ്റുകാല്‍ ഭഗവതി. കുംഭമാസത്തിലെ കാര്‍ത്തികയ്ക്ക് ഓലപ്പുര കെട്ടി ‘പച്ചപ്പന്തല്‍' എന്ന ഉത്സവം ആരംഭിക്കുന്നു.ഇതിന് പത്താം ദിവസം രാത്രി ഉത്രം നക്ഷത്രത്തില്‍ കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കുന്നു. മണക്കാട് ശാസ്താവ് ദേവിയുടെ സഹോദരനാണെന്നും വിശ്വാസമുണ്ട്. കുഴിക്കാട്ട് പോറ്റിയാണ് പ്രധാന തന്ത്രി. പഴയ കാലത്ത് 10 ഊരാളന്‍മാരായിരുന്നു ക്ഷേത്രം കൈയ്യാളിയിരുന്നത്. ഭൂമിയെ പ്രതിനിധീകരിക്കുന്ന മണ്‍കലവും അരിയും, മറ്റു ഭൂതങ്ങളായ വായു, ജലം, ആകാശം, അഗ്നി എന്നിവയോടു ചേരുമ്പോള്‍ ഉണ്ടാകുന്ന ആനന്ദമാണ് യഥാര്‍ത്ഥത്തില്‍ പൊങ്കാല നെവേദ്യം.പൊങ്കാലയ്ക്ക് പുതിയ മണ്‍കലവും പച്ചരിയും ശര്‍ക്കരയും നെയ്യും നാളികേരവും മറ്റുമാണ് ഉപയോഗിക്കുന്നത്. പഞ്ചഭൂതാത്മകമായ ശരീരത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന അംശങ്ങള്‍ ഒന്നിച്ചു ചേരുമ്പോള്‍ അതില്‍ നിന്നുണ്ടാകുന്ന ആനന്ദം പ്രതീകാത്മാകമായ ഒന്നാണ്. പൊങ്കാല മഹോത്സവത്തില്‍ ഭക്തരായ സ്ത്രീജനങ്ങള്‍ ജാതിമതഭേദമന്യേ തുറന്ന സ്ഥലത്തു വച്ച് ശുദ്ധവൃത്തിയായി പൊങ്കാല നെവേദ്യം സ്വയം പാകം ചെയ്ത് ആറ്റുകാലമ്മയ്ക്ക് സമര്‍പ്പിച്ച് സായൂജ്യമടയുന്നു.കുളി കഴിഞ്ഞ് ശുദ്ധിയോടെ ഈറന്‍ വസ്ത്രം ധരിച്ച് സൂര്യതാപം സഹിച്ചുകൊണ്ട് സൂര്യന് അഭിമുഖമായി സ്ത്രീജനങ്ങള്‍ നില്‍ക്കുമ്പോള്‍ തന്നെ ശരീരത്തിലുള്ള വിഷാംശങ്ങള്‍ മാറികിട്ടും എന്നാണ് ആയൂര്‍വേദാചാര്യന്‍മാരുടെ മതം. അനേകലക്ഷം സ്ത്രീജനങ്ങള്‍ പങ്കെടുക്കുന്ന പൊങ്കാല നെവേദ്യ സമര്‍പ്പണം ഒരുപൂര്‍വ്വ ദൃശ്യമാണ്. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള ലക്ഷക്കണക്കിന് സ്ത്രീജനങ്ങള്‍ തോളോടു തോള്‍ ചേര്‍ന്ന് ആറ്റുകാലമ്മയുടെ തിരുമുമ്പില്‍ പൊങ്കാല സമര്‍പ്പിക്കുന്നു. ദ്രാവിഡ ജനതയുടെ ആചാരവിശേഷമാണ് പൊങ്കാലയെങ്കിലും കേരളത്തിന്‍റെ തെക്കന്‍ നാടുകളില്‍ മാത്രം ആദ്യകാലങ്ങളില്‍ പ്രചരിച്ചിരുന്ന പൊങ്കാല ക്രമേണ മറ്റു സ്ഥലങ്ങളില്‍ കൂടി വ്യപരിക്കുന്നതായിട്ടാണ് കണ്ടു വരുന്നത്. കാര്‍ത്തിക നക്ഷത്രത്തില്‍ ആരംഭിക്കുന്ന ഉത്സവപരിപാടികള്‍ കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തു ചേരുന്ന ദിവസം (ഒമ്പതാം ദിവസം) നടക്കുന്ന പൊങ്കാലയോടും തുടര്‍ന്ന് കുരുതി തര്‍പ്പണത്തോടും കൂടി സമാപിക്കുന്നു.ഒന്നാം ദിവസം പച്ചപ്പന്തല്‍ കെട്ടി നിശ്ചിതമുഹൂര്‍ത്തത്തില്‍ കണ്ണകി ചരിതം പ്രകീര്‍ത്തിച്ചുകൊണ്ട് പാട്ടുപാടി ദേവിയെ കുടിയിരുത്തുന്നു. കൊടുങ്ങല്ലൂര്‍ ഭഗവതിയെ ആവാഹിച്ചു കൊണ്ടു വന്ന് ഈ പത്തു ദിവസവും കുടിയിരുത്തുന്നതായിട്ടാണ് സങ്കല്പം.പാട്ടു തുടങ്ങിയാല്‍ പൊങ്കാല വരെ എല്ലാ ദിവസങ്ങളിലും ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമേ വിവിധ കലാപരിപാടികളും അവതരിപ്പിക്കുന്നു. മിക്കവാറും എല്ലാ ദിവസവും പൂജ കഴിഞ്ഞ് നടയടയ്ക്കുന്നതിന് മുന്‍പ് വിവിധ വര്‍ണക്കടലാസുകളാലും ആലക്തിക ദീപങ്ങളാലും അലംകൃതങ്ങളായ ദേവീ വിഗ്രഹം വഹിച്ചു കൊണ്ടുള്ള നേര്‍ച്ച വിളക്കുകെട്ടുകള്‍ ക്ഷേത്രത്തിനു ചുറ്റും നൃത്തം വയ്ക്കാറുണ്ട്.
Follow Webdunia malayalam