Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു സൌഹൃദത്തിന്‍റെ ഓര്‍മ്മയ്ക്ക്

പ്രവീണ്‍

ഒരു സൌഹൃദത്തിന്‍റെ ഓര്‍മ്മയ്ക്ക്
FILEFILE
മറ്റൊരു സൌഹൃദ ദിനം കൂടി കടന്നുവരുന്നു. നമ്മുടെ കൂട്ടുകാരെയൊക്കെ ഓര്‍ക്കാന്‍ ഒരു ദിനം ഇന്ന് ഞാന്‍ ആരെ കുറിച്ച് എഴുതണം?

ഏതായാലും ആദ്യം മനസിലേക്കോടിയെത്തിയത് എന്നോടൊപ്പം പഠിച്ചിരുന്ന അതീവ സുന്ദരിയായ ഒരു പെണ്‍കുട്ടിയെയാണ്.

അവളുടെ സൌന്ദര്യമാണ് ആദ്യം എന്നെ ആകര്‍ഷിച്ചത്. ക്ലാസിലെ എന്നല്ല കലാലയത്തിലെ തന്നെ ഏറ്റവും സുന്ദരിയായിരുന്നു അവള്‍. അത്രയും സുന്ദരിയായ ഒരു പെണ്‍കുട്ടിയുമായി സൌഹൃദം സ്ഥാപിക്കാന്‍ എനിക്കും ഇഷ്ടമായിരുന്നു. വെറുതെ ഒരു കൌതുകം.

അങ്ങനെ ഞങ്ങള്‍ പരിചയപ്പെട്ടു. വെറുതെ കൌതുകത്തിന് തുടങ്ങിയ പരിചയപ്പെടലിന് ദിവസങ്ങള്‍ കടന്നു പോകും തോറും ആത്മാര്‍ത്ഥതയും ഏറി വന്നു. കോളേജില്‍ വരുന്നതും പോകുന്നതും ഒരുമിച്ചായി. അവധി ദിവസങ്ങളില്‍ തമ്മില്‍ കാണാന്‍ കഴിയാത്തത് മനസിന് വിങ്ങലുണ്ടാക്കിയിരുന്നു. എങ്കിലും ഫോണുള്ളത് അനുഗ്രഹമായി.

‘എ പേഴ്സണ്‍ ഈസ് നോണ്‍ ബൈ ദി കമ്പനി ഹി കീപ്സ്’ (ഒരാള്‍ അറിയപ്പെടുന്നത് അയാളുടെ കൂട്ടുകാരിലൂടെ ആണെന്ന്) പണ്ടാരോ പറഞ്ഞത് ഓര്‍മ്മ വരുന്നു. ഏതായാലും കലാലയത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്തായ എനിക്കും ‘പബ്ലിസിറ്റി ’കിട്ടിത്തുടങ്ങി. അവളിലുടെ ഞാനും അറിയപ്പെട്ടു. ഇത്തരി ഗമയൊക്കെ എനിക്കും തോന്നിയിരുന്നു.

പക്ഷേ ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്നാണ് പലരും കരുതിയിരുന്നത്. ആള്‍ക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നമ്മുടെ നാട്ടില്‍ ഒരാണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും സുഹൃത്തുക്കളാകാന്‍ കഴിയില്ലല്ലോ!


അറുബോറന്‍ ക്ലാ‍സുകള്‍ ‘കട്ട്’ ചെയ്തിരുന്ന എനിക്കായി അവള്‍ നോട്ട് കുറിക്കാന്‍ തുടങ്ങി. എന്തിന് ഉച്ചയ്ക്ക് എനിക്കു കൂടി ഭക്ഷണം കരുതാനും തുടങ്ങി. രാവിലെ ‘കൃത്യാന്തരബഹുല്യം’ നിമിത്തം എനിക്ക് പലപ്പോഴും ഉച്ചഭക്ഷണം കുടെ കരുതാന്‍ കഴിയാത്തതിനാലായിരുന്നു അത്. മെല്ലെ മെല്ലെ ആണെങ്കിലും എന്‍റെ സ്വതന്ത്രമായ ജീവിതത്തിന് അവള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും തുടങ്ങി.

നിയന്ത്രണങ്ങള്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും അവളുടെ ആത്മാര്‍ത്ഥത തിരിച്ചറിഞ്ഞിരുന്നതിനാല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. മദ്യപാനികളായ സുഹൃത്തുക്കളുമായി കമ്പനി കൂടുന്നതിനായിരുന്നു ആദ്യമേ അവള്‍ തടയിട്ടത്. ഇതില്‍ മറ്റ് സുഹൃത്തുക്കള്‍ നീരസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ അവളോട് മുഖം കറുപ്പിക്കാന്‍ ആവാത്തതിനാല്‍ ഞാന്‍ അവരില്‍ നിന്ന് ഒഴിഞ്ഞ് തന്നെ നിന്നു. ക്യാമ്പസ് രാഷ്ട്രീയത്തില്‍ ഞാന്‍ ഇടപെടുന്നതും അവള്‍ വിലക്കിയിരുന്നു.

പക്ഷേ ഞങ്ങളുടെ പഠനകാലം പെട്ടെന്ന് അവസാനിച്ചു. വിട്ടുപിരിയുന്നത് ഞങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. ഇനി എങ്ങനെയാ കാണുക? അവസാന പരീക്ഷയും കഴിഞ്ഞ് യാത്ര പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു. എന്‍റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. എന്നെ ഏറ്റവും സ്വാധീനിച്ച പെണ്‍കുട്ടിയായിരുന്നു അവള്‍.

ദിവസങ്ങള്‍ കടന്നു പോയി. അവളെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നെ വേട്ടയാടാത്ത ദിവസങ്ങളുണ്ടായിരുന്നില്ല. അങ്ങനെ ഇരിക്കെ ഒരു ദിവസം ഒരു ഫോണ്‍ കോള്‍. അതെ അതവള്‍ തന്നെയായിരുന്നു. “ഞാന്‍ നിങ്ങളുടെ വീടിനടുത്തുള്ള അമ്പലത്തില്‍ വരുന്നു. അമ്പലത്തില്‍ വച്ച് കാണാം”. സന്തോഷം തോന്നി. പിന്നീട് തമ്മില്‍ കാണുന്നത് അമ്പലത്തില്‍ വച്ചായി.

പിന്നീടെപ്പോഴോ പറഞ്ഞു വീട്ടില്‍ വിവാഹാലോചനകള്‍ നടക്കുന്നുണ്ടെന്ന്. ഞാന്‍ ഒന്നും പറഞ്ഞില്ല. പക്ഷേ അവള്‍ എന്‍റെ കണ്ണുകളിലേക്ക് തന്നെ ഉറ്റ് നോക്കുന്നത് ഞാന്‍ കണ്ടിരുന്നു. പിന്നെയും കാണുമ്പോള്‍ വിവാഹ ജീവിതത്തെ കുറിച്ചും സ്വപ്നങ്ങളെ കുറിച്ചും അവള്‍ പറഞ്ഞു. ഞാന്‍ വെറുതെ കേട്ടു നിന്നതല്ലാതെ പ്രതികരിക്കുമായിരുന്നില്ല.

പിന്നീട് ഒരു ദിവസം അവള്‍ ഫോണില്‍ വിളിച്ചു. വിവാഹമാണ് വരണം. അത്രമാത്രമേ പറഞ്ഞുള്ളൂ. എനിക്ക് വിവാഹ ക്ഷണക്കത്ത് അയച്ചതുമില്ല. എന്നിട്ടും വിവാഹത്തില്‍ ഞാന്‍ സംബന്ധിച്ചു. ബ്രിട്ടനില്‍ ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന ആളായിരുന്നു അവളെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് വരനോടൊപ്പം കാറില്‍ കയറുന്നതിന് മുന്‍പ് അവളൊന്നു തിരിഞ്ഞ് നോക്കി. ഒരുപാട് അര്‍ത്ഥങ്ങളുണ്ടായിരുന്നു ആ നോട്ടത്തിന് എന്നെനിക്കറിയാമായിരുന്നു.

വിഷമം തോന്നി. ശരിക്കും ഞാന്‍ അവളെ പ്രണയിച്ചിരുന്നോ? ഇല്ല. അതിനെ സൌഹൃദം എന്ന് വിളിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. HAPPY FRIENDSHIP DAY.

Share this Story:

Follow Webdunia malayalam