Webdunia - Bharat's app for daily news and videos

Install App

പ്രായമായവര്‍ മാത്രമല്ല യുവാക്കളും പേടിക്കണം ഹൃദയാഘാതത്തെ; മുന്‍കരുതലുകള്‍ അറിയാം

ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങള്‍, അമിത സമ്മര്‍ദം, മതിയായ വ്യായാമമോ ചിട്ടയോ ഇല്ലാത്ത അലസമായ ജീവിതം തുടങ്ങിയ കാരണങ്ങളൊക്കെ യുവാക്കളിലെ ഹൃദയാഘാതത്തിന് കാരണമാകുന്നുണ്ട്

Webdunia
ബുധന്‍, 4 സെപ്‌റ്റംബര്‍ 2024 (20:11 IST)
ഒരു പത്ത് വര്‍ഷം മുന്‍പ് നോക്കുകയാണെങ്കില്‍, ഹൃദയാഘാതത്തെത്തുടര്‍ന്ന് എമര്‍ജന്‍സി വിഭാഗത്തില്‍ പ്രവേശിപ്പിച്ചവരില്‍ 40 വയസ്സില്‍ താഴെയുള്ളവരുണ്ടാകുന്നത് വളരെ അപൂര്‍വ്വമായി മാത്രമായിരുന്നു. എന്നാല്‍ ഇന്ന് ആ സാഹചര്യമാകെ മാറിക്കഴിഞ്ഞു. 30 വയസ്സിനും 35 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഹൃദയാഘാതമുണ്ടാകുന്നത് ഇന്ന് അപൂര്‍വ്വ കാഴ്ചയോ, ഡോക്ടര്‍മാര്‍ക്ക് പോലും ഞെട്ടലോ അല്ലാതായി. ഏറ്റവും ദുഖകരമായ കാര്യമെന്തെന്നാല്‍ ഇരുപതുകളിലുള്ള യുവാക്കള്‍ പോലും ഹൃദയാഘാത ഭീഷണിയില്‍ നിന്നും മുക്തരല്ല എന്നതാണ് വസ്തുത. ഗുരുതരവും വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ ഒരു പൊതു ആരോഗ്യവിഷയത്തെയാണ് ഈ മാറ്റം ചൂണ്ടിക്കാണിക്കുന്നത്. കൊളാറ്ററല്‍ സര്‍ക്കുലേഷന്‍ വികസിച്ചിട്ടില്ലാത്തതിനാല്‍ ചെറിയ പ്രായത്തില്‍ ഹൃദയാഘാതമനുഭവപ്പെടുന്നവരില്‍ മരണനിരക്ക് മുതിര്‍ന്ന പൗരന്മാരേക്കാള്‍ കൂടുതലാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. 
 
യുവാക്കളില്‍ ഹൃദയാഘാതം ഉയരുന്നതിന്റെ കാരണങ്ങള്‍?
 
ഈ ഒരു മാറ്റം ഉണ്ടായതിന് പുറകില്‍ നിരവധി കാരണങ്ങളുണ്ട്. നവ ജീവിതരീതികളിലൂടെയുണ്ടാകുന്ന ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങള്‍, അമിത സമ്മര്‍ദം,  മതിയായ വ്യായാമമോ ചിട്ടയോ ഇല്ലാത്ത അലസമായ ജീവിതം തുടങ്ങിയ കാരണങ്ങളൊക്കെ യുവാക്കളിലെ ഹൃദയാഘാതത്തിന് കാരണമാകുന്നുണ്ട്. അമിതമായ ലഹരി ഉപയോഗം, പുകവലി, ചികിത്സിക്കാതെയുള്ള രക്തസമ്മര്‍ദം എന്നിവയൊക്കെ ഹൃദയാഘാതത്തിനുള്ള അപകട സാധ്യത വീണ്ടും വര്‍ധിപ്പിക്കുന്നു. പാരമ്പര്യ ഘടകങ്ങളും ഇക്കാര്യത്തില്‍ തള്ളിക്കളയാനാകുന്നതല്ല. കുടുംബത്തിലെ മുന്‍തലമുറകളില്‍ ഹൃദ്രോഗമുള്ളവരാണെങ്കില്‍ നമുക്കും ചെറിയ പ്രായത്തില്‍ തന്നെ ഹൃദയാഘാതമുണ്ടാകുവാനുള്ള സാധ്യതകളുണ്ട്. 
 
യുവാക്കളിലെ ഹൃദയാഘാതം എത്രത്തോളം ഗുരുതരമാണ്?
 
കൊളാറ്ററല്‍ സര്‍ക്കുലേഷന്‍ പരിമിതമായതിനാല്‍ യുവാക്കളിലുണ്ടാകുന്ന ഹൃദയാഘാതം പലപ്പോഴും ഗുരുതരമായവയാണ്. മുതിര്‍ന്ന പൗരന്മാരായ രോഗികളില്‍ നിന്നും വ്യത്യസ്തമായി യുവാക്കളില്‍ അടഞ്ഞുപോയ ധമനികള്‍ക്ക് ചുറ്റുമുള്ള രക്തയോട്ടത്തിന് ബദല്‍ പാതകള്‍ വികസിച്ചിട്ടുണ്ടാവില്ല. അതിനാല്‍ രക്തക്കുഴലിലുണ്ടാവുന്ന തടസ്സങ്ങള്‍ വളരെ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുകയും ചികിത്സയ്ക്കുള്ള സമയം പരിമിതപ്പെടുത്തുകയും ചെയ്യും. 
 
മുന്‍കരുതലുകള്‍ എന്തൊക്കെ?
 
ഹൃദ്രോഗബാധയില്‍ നിന്നും രക്ഷനേടുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം നേരത്തേയുള്ള കൊളസ്‌ട്രോള്‍ തോതിന്റെ പരിശോധനയാണ്. 20 വയസ്സാകുമ്പോള്‍ തന്നെ ഓരോരുത്തരും ലിപിഡ് പ്രൊഫൈല്‍ ടെസ്റ്റ് ചെയ്യേണ്ടതാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു, പാരമ്പര്യമായി ഹൃദയാഘാതത്തിന്റെ സാധ്യതയുള്ളവര്‍  പ്രത്യേകിച്ചും. ശരീരത്തില്‍ ആകെയുള്ള കൊളസ്‌ട്രോളിന്റെ അളവാണ് ഈ പരിശോധനയിലൂടെ കണ്ടെത്തുന്നത്. 
 
ഹൈ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍ (എച്ച്ഡിഎല്‍):  ഇതിനെ ഗുഡ് കൊളസ്‌ട്രോള്‍ എന്നും വിളിക്കുന്നു. രക്തത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുന്ന ഘടകങ്ങളുള്ള കൊളസ്‌ട്രോളിനെ നീക്കം ചെയ്യുന്നതിന് എച്ച്ഡിഎല്‍ സഹായിക്കുന്നു. 
 
ലോ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍ (എല്‍ഡിഎല്‍): ഇതിനെ ബാഡ് കൊളസ്‌ട്രോള്‍ എന്നാണ് പറയുന്നത്. ഈ പ്രോട്ടീന്റെ അമിതമായ അളവ് ആര്‍ട്ടറി പ്ലാക്ക് അടിഞ്ഞുകൂടുന്നതിന് കാരണമാകും.
 
ട്രൈഗ്ലിസറൈഡ്‌സ്: ഉയര്‍ന്ന അളവിലാകുമ്പോള്‍ ഹൃദ്രോഗ സാധ്യതകളെ ഉയര്‍ത്തുന്ന ബ്ലഡ് ഫാറ്റാണിത്. 
 
വെരി ലോ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍ (വിഎല്‍ഡിഎല്‍): നോണ്‍ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ എന്ന് തരംതിരിക്കപ്പെട്ടിരിക്കുന്നു. അമിത അളവിലുള്ള വിഎല്‍ഡിഎല്‍ ശരീരത്തിന് ഹാനികരമാണ്. 
 
ഹൃദയാഘാതത്തിന്റേയോ ഉയര്‍ന്ന കൊളസ്‌ട്രോളിന്റേയോ ഫാമിലി ഹിസ്റ്ററിയുള്ളവര്‍ ലിപോപ്രോട്ടീന്‍ (എ) ടെസ്റ്റ് കൂടെ ചെയ്യേണ്ടത് നിര്‍ബന്ധമാണ്. അമിതതോതിലുള്ള ലിപോപ്രോട്ടീന്‍ (എ) ഹൃദയാഘാത നിരക്ക് ഉയര്‍ത്തും. 
 
എങ്ങനെ പ്രതിരോധിക്കാം
 
രോഗം നേരത്തേ കണ്ടെത്തുന്നതും ചികിത്സയും വളരെ പ്രധാനപ്പെട്ട കാര്യമാണെങ്കിലും അതോടൊപ്പം തന്നെ പ്രാധാന്യമുള്ള കാര്യമാണ് ഒരോ വ്യക്തിയുടേയും ജീവിതരീതികളും. ഹൃദയാഘാതത്തെ അകറ്റി നിര്‍ത്തുന്നതില്‍ ആരോഗ്യകരമായ ജീവിതരീതിക്ക് നിര്‍ണായക പങ്കാണുള്ളത്. 
 
1. ആരോഗ്യകരമായ ഭക്ഷണശീലം: മധുരവും കൊഴുപ്പും കുറഞ്ഞ ഭക്ഷണങ്ങള്‍ക്ക് ഡയറ്റില്‍ മുന്‍ഗണന നല്‍കാം. പഴങ്ങള്‍, പച്ചക്കറികള്‍, മുഴുധാന്യങ്ങള്‍, ലീന്‍ പ്രോട്ടീന്‍സ് എന്നിവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. 
 
2. സ്ഥിരമായ വ്യായാമം: ഓരോ ആഴ്ചയിലും ചുരുങ്ങിയത് 150 മിനുട്ടുകളെങ്കിലും എയ്റോബിക്സ് വ്യായാമങ്ങളോ, കാഠിന്യമേറിയ വ്യായാമമാണെങ്കില്‍ ചുരുങ്ങിയത് 75 മിനുട്ടുകളെങ്കിലും മുടങ്ങാതെ വ്യയാമം നിര്‍ബന്ധമാക്കണം. 
 
3. പുകവലി ഒഴിവാക്കാം: പുകവലി ഒഴിവാക്കുന്നത് ഹൃദ്രോഗ സാധ്യതകള്‍ വലിയ തോതില്‍ ഇല്ലാതാക്കും. 
 
4. മാനസീക സമ്മര്‍ദങ്ങള്‍ കുറയക്കാം: സ്ഥിരമായ വ്യായാമം, യോഗ, മെഡിറ്റേഷന്‍ തുടങ്ങിയവയിലൂടെ മാനസീക സമ്മര്‍ദം നിയന്ത്രിക്കുവാനാകും. 
 
5. കൃത്യമായ മെഡിക്കല്‍ ചെക്കപ്പുകള്‍: അപകട സാധ്യതകള്‍ നേരത്തേ മനസ്സിലാക്കുന്നത് വഴി കൃത്യമായ പരിശോധനകളും ചികിത്സയും സാധ്യമാകും. 
 
യുവാക്കളില്‍ ഉയര്‍ന്നുവരുന്ന ഹൃദയാഘാത സാധ്യതകള്‍ അടിയന്തിര ശ്രദ്ധ ആവശ്യപ്പെടുന്ന ഒരു ആരോഗ്യപ്രശ്നം തന്നെയാണ്. നേരത്തേയുള്ള കൊളസ്ട്രോള്‍ പരിശോധന, ജീവിതശൈലിയില്‍ ആരോഗ്യപരമായ മാറ്റങ്ങള്‍ വരുത്തുക, യുവാക്കളില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ ബോധവത്ക്കരണങ്ങള്‍ നടത്തുക തുടങ്ങിയ കാര്യങ്ങളിലൂടെ ഹൃദയാഘാത സാധ്യതകള്‍ കുറയ്ക്കുവാനാകും. 
 
ആരോഗ്യത്തോടെ കൂടുതല്‍ കാലം ജീവിക്കുന്നതിനായി ഇപ്പോള്‍ തന്നെ ഹൃദയാരോഗ്യം നിലനിര്‍ത്തുവാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ട് ചിട്ടയായി ജീവിച്ചുതുടങ്ങാം.

ലേഖകന്‍: ഡോ.റിനെറ്റ് സെബാസ്റ്റ്യന്‍
സീനിയര്‍ കണ്‍സള്‍ട്ടന്റ്
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കാര്‍ഡിയോതൊറാസിക് & വസ്‌കുലാര്‍ സര്‍ജറി
അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റല്‍, അങ്കമാലി, എറണാകുളം
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ganesha Chathurthi 2025:ഗണപതിക്ക് ഏത്തമിടുന്നതിന്റെ പിന്നിലെ രഹസ്യമിതാണ് !

ആ കന്നഡ നടന് പൊക്കിൾ ഒരു വീക്ക്നെസായിരുന്നു, എല്ലാ സിനിമയിലും നായികയുടെ പൊക്കിളിൽ ഫ്രൂട്ട് സലാഡ് ഉണ്ടാക്കുന്ന രംഗമുണ്ടാകും: ഡെയ്സി ഷാ

Rahul Mamkoottathil: എത്രയലക്കി വെളുപ്പിച്ചാലും രാവണൻ ക്രൂരനായ സ്ത്രീലമ്പടൻ , രാഹുൽ മാങ്കൂട്ടത്തിലിനെതിരെ താരാ ടോജോ അലക്സ്

വിശന്നിരിക്കില്ല, എത്ര തിരക്കായാലും മിതമായ ആഹാരം കഴിക്കും, ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി മലൈക അറോറ

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്താണ് കുറഞ്ഞ ഗ്ലൈസമിക് ഇന്‍ഡക്‌സ്, ഈ അഞ്ചുഭക്ഷണങ്ങളാണ് മികച്ചത്

ഫെര്‍ട്ടിലിറ്റി മുതല്‍ എല്ലുകളുടെ ബലം വരെ; മുപ്പതുകളില്‍ സ്ത്രീകളില്‍ കാണുന്ന മാറ്റങ്ങള്‍

ദിവസവും വെറും അഞ്ചുമിനിറ്റ് ചിലവഴിച്ചാല്‍ മതി, നിങ്ങളുടെ കരളിനെയും വൃക്കകളേയും ദീര്‍ഘകാലത്തേക്ക് സംരക്ഷിക്കാം

ഹെപ്പെറ്റെറ്റിസ് എ, ഇ രോഗങ്ങള്‍ വ്യാപകം; ഹെപ്പെറ്റെറ്റിസ് ബി, സി രോഗങ്ങള്‍ വരാതിരിക്കാന്‍ ജാഗ്രതവേണം

വീട്ടില്‍ എയര്‍ ഫ്രെഷനറുകള്‍ ഉപയോഗിക്കുന്നതിന്റെ അപകടങ്ങള്‍ അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments