Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയത്തിന്‍റെ പല്ല്‌

ബി ഗിരീഷ്

പ്രണയത്തിന്‍റെ പല്ല്‌
PRO
ഒരു പെണ്‍കുട്ടിയുടെ പ്രണയത്തിന്‍റെ വേദനകളാണ്‌ ചൈനീസ്‌ ചിത്രം‘ടീത്ത്‌ ഓഫ്‌ ലൗ’( പ്രണയത്തിന്‍റെ പല്ല്‌) പറയുന്നത്‌. വേദനയല്ലാതെ പ്രണയത്തിന്‌ കുറുക്കുവഴികളില്ലെന്ന്‌ ചിത്രം അടിവരയിടുന്നു. കേരളത്തിന്‍റെ ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തിലുള്ള ഈ സുയാങ്ങ്‌ യുക്സിന്‍ ചിത്രം ഇതിനോടകം തന്നെ ഏറെ നിരൂപക ശ്രദ്ധ നേടിയിട്ടുണ്ട്‌.

ചിയാങ്ങ്‌ യേ ഹോങ്ങ്‌ (യാന്‍ ബിന്‍ഗ്യാന്‍) എന്ന യുവതിയുടെ മൂന്ന്‌ ജീവിത കാലഘട്ടത്തിലെ മൂന്ന്‌ പ്രണയങ്ങളാണ്‌ സംവിധായകന്‍ പറയുന്നത്‌. അതിലൂടെ ചൈനയുടെ പോയ ദശകങ്ങളിലും സാമൂഹികവും രാഷ്ട്രീയവുമായ മാറ്റവും രേഖപ്പെടുത്തപ്പെടുന്നു.

ശരീരത്തിലും മനസിലും ഉണങ്ങാത്ത മുറിവുകള്‍ അവശേഷിപ്പിച്ചാണ്‌ അവളുടെ ഓരോ പ്രണയവും തകരുന്നത്‌. ബെയ്ജിങ്ങിലെ കൗമാര കാലത്ത്‌ അവള്‍ക്ക്‌ ഒരു കൂട്ടുകാരനെ കിട്ടുന്നു.രാഷ്ട്രീയവും അവരുടെ വേര്‍തിരിവിന്‌ കാരണമാകുന്നു.അവന്‍ എന്നേക്കുമായ് അപ്രത്യക്ഷമായിട്ടും അവളുടെ ശരീരത്തില്‍ അവന്‍ അവശേഷിപ്പിച്ച വേദന മാറുന്നില്ല.

പിന്നീട്‌ അവള്‍ ഡോക്ടറായി ജോലി ചെയ്യുന്നു. കല്യാണം കഴിച്ച പുരുഷനാണ്‌ അപ്പോള്‍ അവളുടെ ജീവിത്തില്‍ എത്തുന്നത്‌. ഗര്‍ഭഛിദ്രത്തിന്‍റെ വേദനയോടെയാണ്‌ ആ ബന്ധം വേര്‍പിരിയുന്നത്‌. അയാളെ രക്ഷിക്കാനായ് എല്ലാ തെറ്റും സ്വയം ഏറ്റെടുത്ത് അവള്‍ ശിക്ഷ എറ്റുവാങ്ങുന്നു.

രാജ്യത്ത്‌ സംഭവിക്കുന്ന നാടകീയ മാറ്റങ്ങള്‍ക്ക്‌ ഒടുവില്‍ ഒരു കശാപ്പ്‌ശാലയില്‍ ജോലിക്ക്‌ എത്തുന്ന അവള്‍ സ്നേഹിക്കാന്‍ കഴിയാത്ത ആളെയാണ്‌ കല്യാണം കഴിക്കുന്നത്‌. അവനില്‍ നിന്ന്‌ വിവാഹമോചനം തേടുമ്പോള്‍ തന്‍റെ പ്രണയത്തിന്‍റെ സമ്മാനമായി അവന്‍ സ്വന്തം കോന്ത്രപല്ല് സമ്മാനമായി നല്‍കുന്നു. വേദന സഹിച്ചു കൊണ്ടു തന്നെ സ്വന്തം പല്ല് പറിച്ച് അവന് നല്‍കാന്‍ അവള്‍ ദന്തിസ്റ്റിനെ സമീപിക്കുന്നു, കാരണം ഓരോ പ്രണയത്തിന്‍റേയും ഓര്‍മ്മക്ക് അവള്‍ക്ക് ഓരോ വേദന വേണം.

സ്നേഹം സമ്മാനിച്ച മുറിവുകള്‍ താലോലിച്ച്‌ ഭൂതകാല പ്രണയങ്ങളില്‍ അഭിരമിക്കുകയാണ്‌ അവള്‍. പ്രണയത്തിന്‍റെ കുറുക്ക്‌ വഴി വേദനയാണെന്ന്‌ അവള്‍ തിരിച്ചറിയുന്നു.

ബിജിങ്ങ്‌ ഫിലിം അക്കാദമിയിലെ അധ്യാപകനും ചൈനയിലെ ടെലിവിഷന്‍ തിരക്കഥാകൃത്തുമായ സുയാങ്ങ്‌ യുക്സിന്‍ പത്തുവര്‍ഷത്തെ പരിശ്രമത്തിലൂടെയാണ്‌ സിനിമയുടെ തിരക്കഥ ഒരുക്കിയത്‌ എന്ന്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌.

നിരവധി രാജ്യാന്തരമേളകളില്‍ ഇതിനോടകം ചിത്രം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്‌.ഡുവില്ലെ ഏഷ്യന്‍ ചലച്ചിത്രമേളയില്‍ ചിത്രം മികച്ച കഥാചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Share this Story:

Follow Webdunia malayalam