Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബുദ്ധനെ നാണിപ്പിച്ച പെണ്‍കുട്ടി

ബി.ഗിരീഷ്

ബുദ്ധനെ നാണിപ്പിച്ച പെണ്‍കുട്ടി
PROPRO
അച്ഛന്‍ ,മക്മല്‍ ബഫിന്‍റെ അതേ സിനിമ സങ്കേതങ്ങളിലൂടെ യുദ്ധവും പലായനവും നിത്യസംഭവമായി മാറിയ നാട്ടിലെ കുട്ടികളുടെ ജീവിതമാണ്‌ ‘ലജ്ജയാല്‍ തകര്‍ന്ന ബുദ്ധനില്‍‍’ ഹന മക്മല്‍ ബഫ് എന്ന പത്തൊന്‍പത്കാരി പറയുന്നത്.ചലച്ചിത്രസങ്കേതത്തിലും ഹന ‘ബഫ്‌ ശൈലി’ പിന്തുടരുന്നു.

കേരളത്തിന്‌ ഏറെ പ്രിയപ്പെട്ട ചലച്ചിത്രകാരനായ മക്മല്‍ബഫിന്‍റെ കുടുംബത്തിലെ ഏറ്റവും ഇളയവളായ ഹന ശിലയെ പോലും നാണിപ്പിക്കുന്ന അഫ്ഗാന്‍ യാഥാര്‍ത്ഥ്യങ്ങളാണ്‌ ലോകത്തോട് പറയുന്നത്.

സിനിമക്ക്‌ കടുത്ത വിലക്കുകള്‍ ഉള്ള ഇറാനില്‍ നിന്നും വരുന്ന ബഫിന്‍റെ നിയോ റിയലിസ്റ്റിക്‌ ശൈലിയിലുള്ളചിത്രങ്ങല്‍ ലോകം ഏറെ കൗതകത്തോടെയാണ്‌ സ്വീകരിച്ചത്‌. ചെറിയ സംഭവങ്ങളില്‍ ഒളിപ്പിച്ചു വയ്ക്കുന്ന കടുത്ത യാഥാര്‍ത്ഥ്യങ്ങളായിരുന്നു ബഫ്‌ കുടുംബത്തില്‍ നിന്നുള്ള ചിത്രങ്ങളുടെ പ്രത്യേകത.

ഒരിടത്തും സ്ഥിരമായി ഉറപ്പിച്ച്‌ വയ്ക്കാതെ കഥാപാത്രങ്ങള്‍ക്ക്‌ ഒപ്പം സഞ്ചരിക്കുന്ന ഹാന്‍റ്‌ഹെല്‍ഡ്‌ ക്യാമറ, സംഭവങ്ങളുടെ സ്വാഭാവികമായ അവതരണം, നടന്മാരല്ലാത്തവര്‍ തന്നെ പ്രധാന വേഷങ്ങളില്‍ എത്തുന്നു, ഒരോ വാചകത്തിലും സന്ദര്‍ഭത്തിലും ഒളിപ്പിച്ചു വച്ചിരിക്കുന്ന രാഷ്ട്രീയം തുടങ്ങിയ ‘ബഫ്‌ ശൈലി’കളെല്ലാം ഹനയും കന്നിചിത്രത്തില്‍ സ്വാംശീകരിച്ചിരിക്കുന്നു.

ഈ ദശകത്തില്‍ മധ്യേഷ്യയില്‍ സംഭവിക്കുന്ന കടുത്ത ജീവിത യാഥാര്‍ത്ഥ്യങ്ങളെ പറയാതെ പറയുകയാണ്‌ ചിത്രം. രസകരമായ കഥകള്‍ വായിക്കാനുള്ള മോഹവുമായി അക്ഷരം പഠിക്കാന്‍ വിദ്യാലയത്തിലേക്ക്‌ ഇറങ്ങി പുറപ്പെടുന്ന ചെറിയ പെണ്‍കുട്ടിയുടെ യാത്രയുടെ മാത്രം കഥയല്ല സിനിമ.

താലിബാന്‍റെ അടിച്ചമര്‍ത്തല്‍ ഭരണത്തിന്‍ കീഴില്‍ ആ പ്രദേശത്തെ സ്ത്രീകള്‍ അനുഭവിക്കുന്ന ആത്മവേദനയുടെ തുറന്നു കാട്ടല്‍ കൂടിയാണ്‌. വലിയവരെ കണ്ട്‌ കുട്ടികള്‍ യുദ്ധം കളിക്കുന്നതും വരുതിയില്‍ വരാത്ത പെണ്ണിനെ ശിക്ഷിക്കാനും അമേരിക്കയെ വെറുക്കാനും ദൈവനാമത്തില്‍ സ്വയം വിധികള്‍ നടപ്പാക്കാനും ആണ്‍കുട്ടികള്‍ പഠിച്ചത്‌ ആവിടുത്തെ മുതിര്‍ന്നവരില്‍ നിന്നാണ്‌.

അയല്‍വീട്ടിലെ പയ്യന്‍ വായിക്കുന്നത്‌ പോലെ പുസ്തകം വായിക്കണമെന്ന മോഹവുമായി ബക്തെ എന്ന ചെറിയ പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങുകയാണ്‌.മുട്ട വിറ്റ്‌ പുസ്തകം വാങ്ങി, ദൂരങ്ങള്‍ താണ്ടി അവള്‍ സ്കൂളിലെത്തുന്നു. അമൂല്യമായി അവള്‍ കരുതിയ നോട്ട്‌ ബുക്കിലെ പേപ്പറുകള്‍ വഴിമധ്യേ ഓരോന്നായി നഷ്ടപ്പെട്ട്‌ ഒടുവില്‍ പൂര്‍ണമായും ഇല്ലാതാകുന്നു. ആണ്‍കുട്ടികള്‍ യുദ്ധം കളിക്കുമ്പോള്‍ അവള്‍ ഇരയാകുന്നു.

താലിബാന്‍ മാതൃകയില്‍ വഴിതെറ്റിയ പെണ്ണിനെ അവര്‍ ശിക്ഷിക്കുകയും തട്ടികൊണ്ട്‌ പോകുകയും അമേരിക്കന്‍ വിമാനങ്ങളെ അക്രമിക്കുകയും ചെയ്യുന്നു. അവരുടെ വെടിയേറ്റ്‌ മരിച്ചു വീഴുന്നതായി അഭിനയിച്ച്‌ കൂട്ടുകാരന്‍ യുദ്ധക്കളിയില്‍ നിന്ന്‌ രക്ഷപ്പെടുന്നു.

“മരിച്ചാല്‍ മാത്രമേ നീ സ്വതന്ത്രയാകു” എന്ന്‌ കൂട്ടുകാരന്‍ വിളിച്ചു പറയുമ്പോള്‍ അവളും താലിബന്‍ കുട്ടി പോരാളികള്‍ക്കു മുന്നില്‍ മരിക്കാന്‍ തയ്യാറാകുന്നു. കുട്ടികളിലേക്ക് പോലും പടരുന്ന മൌലികവാദ യുദ്ധകൊതി കണ്ട് ലജ്ജയാല്‍ ബുദ്ധന്‍ തകരുന്നു.

കുട്ടി അഭിനേതാക്കളും ഹന കൈകാര്യം ചെയ്യുന്ന രീതിയാണ്‌ ചിത്രം കാണുന്നവരെ ഏറെ ആകര്‍ഷിക്കുക. അങ്ങേയറ്റം സ്വാഭാവികമായ പ്രതികരണമാണ്‌ കുട്ടികളില്‍ നിന്നും ഹന്നയിലെ സംവിധായിക നേടി എടുക്കുന്നത്‌. ബഫ്‌ ചിത്രങ്ങളുടെ പ്രിയ പ്രദേശമായ്‌ അഫ്ഗാന്‍ ഏറെ കാലമായി മാറിയിട്ടുണ്ട്‌.

ഹനയുടെ ചിത്രം താലിബാന്‍റെ ക്രൂരതയെ കുറിച്ച്‌ ആത്മരോഷത്തോടെ സംസാരിക്കുന്നു, എന്നാല്‍ അമേരിക്ക അഫ്ഗാനില്‍ ചെയ്യുന്നതിനെ കുറിച്ച്‌ വലിയ മൗനം പാലിക്കുന്നു.

Share this Story:

Follow Webdunia malayalam