Select Your Language

Notifications

webdunia
webdunia
webdunia
webdunia

മനസ്സിനെ ശൂന്യമാക്കിയ ‘ക്രിസ്‘

മനസ്സിനെ ശൂന്യമാക്കിയ ‘ക്രിസ്‘
, ഞായര്‍, 9 ഡിസം‌ബര്‍ 2007 (15:24 IST)
പ്രതീക്ഷകളും സ്വപ്‌നങ്ങളും തകര്‍ത്താണ് മരണം കടന്നുവരിക. മരണത്തേക്കാള്‍ ഭീകരമാണ് അത് പ്രതീക്ഷിച്ചുക്കൊണ്ടുള്ള കിടപ്പ്. മരണം ഉറപ്പാകുമ്പോഴാണ് ജീവിതം അതിമനോഹരമാണെന്ന തോന്നല്‍ നമ്മളിലുണ്ടാകുക. അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ കൈരളി തീയേറ്ററില്‍ ഞായറാഴ്‌ച പ്രദര്‍ശിപ്പിച്ച ‘ക്രിസ്‘ എന്ന സ്വിറ്റ്‌സര്‍ലന്‍റ് സിനിമ മരണം പ്രതീക്ഷിച്ചു കിടക്കുന്ന ക്രിഗുവെന്ന അര്‍ബുദ രോഗിയുടെ കഥയാണ് പറയുന്നത്.

താന്‍ ഈ ലോകത്തില്‍ ജീവിച്ചുവെന്നതിന് തെളിവായി രോഗബാധിതനായ ശേഷം ക്രിഗു തന്‍റെ ജീവിതം ക്യാമറയില്‍ പകര്‍ത്തുന്നു. ഇന്ത്യയിലെ നടത്തിയ സന്ദര്‍ശനവും ക്രിഗു ക്യാമറയില്‍ പകര്‍ത്തുന്നുണ്ട്. നായകന്‍ നടത്തുന്ന ആത്മഭാഷണം ആസ്വാദകര ഒരു പാട് ആകര്‍ഷിച്ചു.

ഹൃദയത്തിലേക്ക് ഒരു സൂചി കുത്തിയിറക്കുന്ന അനുഭവമാണ് ഈ സിനിമ ആസ്വാദകര്‍ക്ക് പകര്‍ന്നു നല്‍കിയത്. ജാന്‍ ഗാസ്‌മാന്‍റേന്ന സംവിധായക മികവാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ജീവിതത്തിന്‍റെ മനോഹാരിതക്കിടയിലും മരണത്തിന്‍റെ യാഥാര്‍ത്ഥ്യത്തിനുമിടയില്‍ ക്രിഗു യുവാവ് അനുഭവിക്കുന്ന സംഘര്‍ഷം മനോഹരമായി സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നു.

‘മരണമെന്ന യാഥാര്‍ത്ഥ്യം അടുത്തേക്ക് വരുമ്പോള്‍ മനുഷ്യന്‍ നിസഹായനാകുന്ന അവസ്ഥ വ്യക്തമാക്കുന്ന ചിത്രമാണ് ക്രിസ് ` ’-സിനിമ നിരൂപകനായ ഷണ്‍‌മുഖദാസ് പറഞ്ഞു. സിനിമയുടെ ഇടക്ക് കുറച്ച് ആസ്വാദകര്‍ എഴുന്നേറ്റ് പോയിരുന്നുവെങ്കിലും ഭൂരിഭാഗം ആളുകളും സിനിമ ശ്രദ്ധയോടെ വീക്ഷിക്കുന്നത് കാണാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മേളയുടെ സംഘാടന വൈഭവത്തെ അഭിനന്ദിക്കുവാനും അദ്ദേഹം മറന്നില്ല.

മദ്യപിച്ച് ആടി ഉലഞ്ഞ് സിനിമ ആസ്വദിക്കുവാന്‍ ചെറുതല്ലാത്ത ആസ്വാദകര്‍ എത്തുന്നുണ്ട്. ‘തര്‍ക്കോവസ്‌കിയുടെ സിനിമകളെക്കുറിച്ച് എനിക്ക് സാറുമായി ചര്‍ച്ച നടത്തണം’- പ്രശസ്‌തനായ ഒരു സിനിമ നിരൂപകനോട് മദ്യപിച്ച് ആടിയുലഞ്ഞ ഒരു യുവാവ് പറയുന്നത് കേള്‍ക്കാമായിരുന്നു.

തിരുവനന്തപുരം സ്വദേശിയാണ് ദിനേശന്‍. മേളയില്‍ പ്രദര്‍ശിപ്പിച്ച മേഴ്‌സി, ഫാദര്‍, ബുദ്ധ കൊളോസാപഡ് തുടങ്ങിയ ചിത്രങ്ങള്‍ കണ്ടിട്ടാണ് അദ്ദേഹം ‘ക്രിസ്‘ ആസ്വദിക്കുവാന്‍ കൈരളിയില്‍ എത്തിയത്. ‘സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ഭാര്യക്കും പ്ലസ്‌ടു വിദ്യാര്‍ത്ഥികളായ മക്കള്‍ക്കും ചലച്ചിത്ര മേളക്ക് വരണമെന്നുണ്ട്. ‘ഭാര്യക്ക് ലീവില്ല, മക്കളുടെ പഠനം മുടങ്ങുമെന്നതിനാല്‍ വരുവാനും കഴിയില്ല. അതുക്കൊണ്ട് സിനിമകള്‍ കണ്ട് അവയെക്കുറിച്ച് ഭാര്യക്കും മക്കള്‍ക്കും പറഞ്ഞു കൊടുക്കും’-ദിനേശന്‍ പറഞ്ഞു.

‘മൊബൈല്‍ ഫോണുകള്‍ തീയേറ്ററുകള്‍ക്കുള്ളില്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ടെങ്കിലും നിരവധിയാളുകള്‍ തീയേറ്ററിനുള്ളില്‍ അവ ഉപയോഗിക്കുന്നത് സിനിമയുടെ രസച്ചരട് മുറിയുന്നതിന് പല്ലപ്പോഴും കാരണമായി’-പ്രശസ്ത ഗാനരചയിതാവായ ശ്രീകുമാരന്‍ തമ്പി പറഞ്ഞു. സംഘാടകരുടെ അടുത്ത് ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തീയേറ്ററിനുള്ളില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നിലപാട് എടുക്കുമെന്ന് അറിയിച്ചു.

മേളയില്‍ രാഷ്‌ട്രീയ ചിത്രങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ സി.ആര്‍. നീലകണ്‌ഠന്‍ പറഞ്ഞു. ‘ എന്നാലും കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് ഇക്കൊല്ലം കൂടുതല്‍ നല്ല ചിത്രങ്ങളാണ് എത്തിയിട്ടുള്ളത്. രാഷ്‌ട്രീയ പോരാട്ടങ്ങള്‍ അടുത്തറിയുക വഴി നമ്മുടെ ജനങ്ങളുടെ പ്രതികരണ ശേഷി വര്‍ദ്ധിക്കും’- നീലകണ്‌ഠന്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam