Select Your Language

Notifications

webdunia
webdunia
webdunia
webdunia

വ്യഥകളുടെ ‘എക്‍സ് എക്സ് വൈ’

വ്യഥകളുടെ ‘എക്‍സ് എക്സ് വൈ’
PROPRO
അര്‍ജന്‍റീനയിലെ പ്രതിഭാധനനായ സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ലൂയിസ് പുവന്‍സോയുടെ പുത്രി എന്ന നിലയില്‍ തന്നെ സംവിധായിക ലൂസിയാ പുവന്‍‌സോ പ്രസിദ്ധയാണ്. തിരക്കഥാകൃത്തായിരുന്ന അവര്‍ ആദ്യ ചിത്രമായ എക്‍സ് എക്സ് വൈയ്യിലൂടെ നല്ല സിനിമകളെ സ്നേഹിക്കുന്നവരുടെ പ്രശംസകള്‍ക്കും പുരസ്ക്കാരങ്ങള്‍ക്കും പാത്രമാകുന്നു.

മറ്റു മേളകളിലെ പോലെ തന്നെ അവരുടെ ആദ്യ ചിത്രത്തിന് ഐ എഫ് എഫ് കെയിലും ഗംഭീര സ്വീകരണമായിരുന്നു. വ്യക്തികളിലെ മാനസീകാവസ്ഥകളെ സ്പഷ്ടമായി അവതരിപ്പിക്കുന്നതില്‍ ആദ്യ ചിത്രത്തില്‍ തന്നെ ലൂസിയാ പുവെന്‍സോ വിജയിച്ചിരിക്കുന്നു. മനശ്ശാസ്ത്ര സമീപനത്തോടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം ക്രോമസോമുകളില്‍ നേരിയ വ്യതിയാനം മൂലം വിവേചനത്തില്‍ സ്ത്രീയുടെയോ പുരുഷന്‍റെയോ ഇനത്തില്‍ പെടാനാകാതെ പോയ ഒരു വ്യക്തിയുടെയും അവരുമായി ബന്ധപ്പെട്ടു കിടക്കുന്ന മറ്റുള്ളവരുടെയും വ്യഥകളിലൂടെയാണ് കടന്നു പോകുന്നത്.

മക്കളിലെ മൂത്തയാള്‍ പതിനഞ്ചുകാരിയായ അലക്‍സ് ആണിലും പെണ്ണിലും പെടില്ല എന്ന രഹസ്യം ഒളിപ്പിക്കുന്നതിനായിട്ടാണ് ക്രാക്കനും കുടുംബവും ബ്യൂണസ് ഐറിസില്‍ നിന്നും ഉറുഗ്വേയുടെ അതിര്‍ത്തിയിലെ ഒരു തീരപ്രദേശത്തിലേക്ക് വന്നു താമസിക്കുന്നത്. പെണ്‍കുട്ടിയായിട്ടാണ് വളര്‍ത്തുന്നതെങ്കിലും പക്വതയെത്തുമ്പോള്‍ അവള്‍ക്ക് അനുകൂലമായ ഒരു തീരുമാനത്തില്‍ എത്തിക്കാനാണ് അലക്സിന്‍റെ മാതാപിതാക്കളുടെ താല്പര്യം. അതിന് മാനസികമായി തയ്യാറെടുക്കുകയാണ് അവര്‍.

എന്നാല്‍ ക്രാക്കന്‍റെ സുഹൃത്ത് പ്ലാസ്റ്റിക്ക് സര്‍ജന്‍ റാമിറോ അലക്സിന്‍റെ കുടുംബത്തെ കാണാന്‍ വരുന്നത് ഭാര്യയോടും മകന്‍ അല്‍‌വാരോയുമൊത്താണ്. സുഹൃത്തും കുടുംബവും എത്തുന്നതോടെ അലക്‍സിയുടെ മാതാപിതാക്കള്‍ മകളുടെ രഹസ്യം മറച്ചുവയ്‌ക്കാനും ഒരു തീരുമാനമെടുക്കാനും കഴിയാതെ പാടുപെടുന്നു. അല്‍വാരോയും അലക്സും പ്രണയത്തില്‍ അകപ്പെടുകയും ലൈംഗികതയില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതോടെ മറച്ചു വച്ചിരുന്ന സത്യങ്ങള്‍ വെളിവാകുകയാണ്.

അലക്സിന്‍റെയും മാതാപിതാക്കളുടെയും മാനസിക വ്യഥകളെയും പ്രണയത്തെയും സൌഹൃദത്തെയുമെല്ലാം ഭംഗിയായിട്ട് ഇഴ ചേര്‍ത്തിരിക്കുകയാണ് ലൂസിയാന. പുറമേ കൌമാരക്കാരുടെ ലൈംഗികതയും സദാചാരങ്ങളുമെല്ലാം ചിത്രം പ്രമേയമാക്കുന്നു. ചലച്ചിത്രമേളയിലെ മത്സര ചിത്രമായതിനാലും ചിത്രം നേരത്തേ പ്രദര്‍ശിപ്പിച്ചതിന്‍റെ അഭിപ്രായം കേട്ടറിഞ്ഞതിനാലും പ്രേക്ഷകര്‍ തീയറ്റര്‍ നിറഞ്ഞു കവിഞ്ഞിരുന്നു. സീറ്റു കിട്ടാത്തവര്‍ തറയിലിരുന്നു വരെ ചിത്രം കാണാനും ആസ്വദിക്കാനും തയ്യാറായി.

Share this Story:

Follow Webdunia malayalam