അന്താരാഷ്ട്ര ചലച്ചിത്രമേളയിലൂടെ സിനിമയെ കുറിച്ചുള്ള പൊതുധാരണകള്‍ മാറുകയാണെന്ന് പന്ന്യന്‍ രവീന്ദ്രന് എം പി അഭിപ്രായപ്പെട്ടു. ചലച്ചിത്രമേളയുടെ ആറാം ദിനം രാവിലെ ശ്രീ തീയറ്ററില്‍ പ്രദര്‍ശിപ്പിച്ച ‘ലോസ്റ്റ് ഇന്‍ ബീജിങ്ങ്’ എന്ന ചിത്രം കണ്ടിറങ്ങിയ ശേഷം ‘വെബ്ദുനിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണ ആസ്വാദകനുമായി ആശയവിനിമയം നടത്തുന്ന രീതിയിലുള്ള മാറ്റം ശ്രദ്ധേയമാണ്. ഇവിടെ സംഭാഷണങ്ങള്‍ക്ക് മിതത്വം പാലിക്കപ്പെടുന്നു. പകരം ഭാവപ്രകടനങ്ങളിലൂടെയും വികാര പ്രകടനങ്ങളിലൂടെയുമാണ് ആശയ വിനിമയം നടക്കുന്നത്. ഇത് ആസ്വാദകന് പുതിയ ഒരു അനുഭവമാണ് നല്‍കുന്നത്.
ഇത്തരത്തിലുള്ള പുതിയ അനുഭവങ്ങള്‍ പ്രേക്ഷകന് ആസ്വാദനം നല്‍കുകയും ഒപ്പം സ്വാധീനിക്കുകയും ചെയ്യുന്നു. മാത്രമല്ല, ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള സംസ്കാരത്തെയും ജീവിതരീതികളേയും കുറിച്ചു അറിയുവാന്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ലോകസിനിമകളിലൂടെ കഴിയുന്നു.
കണ്ടത് ഒരു ചൈനീസ് ചിത്രമാണെന്ന് പറഞ്ഞ പന്ന്യന്‍ അതിന്റെ അനുഭവതലത്തിലേക്ക് കടന്നു. വ്യത്യമായ അനുഭവം പകരുന്ന ഒരു ചിത്രമായിരുന്നു അത് - പന്ന്യന്‍ പറഞ്ഞു. ഓരോ വര്‍ഷവും മേളയുടെ നിറം വര്‍ദ്ധിച്ചു വരികയാണെന്നും ഇത്തവണ പ്രദര്‍ശനത്തിനെത്തിയിട്ടുള്ളത് വളരെനല്ല സിനിമകളാണെന്നും പന്ന്യന്‍ രവീന്ദ്രന് അഭിപ്രായപ്പെട്ടു. സിനിമകളുടെ നിലവാരത്തെ കുറിച്ചും അദ്ദേഹത്തിന് പറയാനുള്ളത് നല്ല അഭിപ്രായം തന്നെ.