Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രവചനാതീതമായി മത്സര ചിത്രങ്ങള്‍

അഭിലാഷ് ചന്ദ്രന്‍

പ്രവചനാതീതമായി മത്സര ചിത്രങ്ങള്‍
മത്സര വിഭാഗ ചിത്രങ്ങളുടെ പ്രദര്‍ശനം വ്യാഴാഴ്ച അവസാ‍നിച്ചപ്പോള്‍ ചിത്രങ്ങള്‍ എല്ലാം തന്നെ ഒന്നിനൊന്ന് മെച്ചപ്പെട്ടവയായിരുന്നു എന്ന അഭിപ്രായമാണ് പൊതുവെ ഉയരുന്നത്.

14 ചിത്രങ്ങളാണ് മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. മത്സര ചിത്രങ്ങളുടെ മൂന്നാംവട്ട പ്രദര്‍ശനങ്ങള്‍ക്ക് പോലും പ്രേക്ഷകരുടെ തിരക്ക് വന്‍‌തോതില്‍ ദൃശ്യമായിരുന്നു. ഇനി മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് മുഴങ്ങി കേള്‍ക്കുന്നത്.

ചിത്രങ്ങള്‍ എല്ലാം‌തന്നെ മികച്ചുനിന്നതിനാല്‍ ഒരു സാധ്യത പോലും പറയുവാനാകാത്ത സ്ഥിതിയാണുള്ളത്. പ്രേക്ഷകരുടെ അഭിപ്രായങ്ങളില്‍ മുന്നില്‍ നിന്നത് അബ്ദുള്ള ഓഗുസ് സംവിധാനം ചെയ്ത തുര്‍ക്കി ചിത്രമായ ‘ബ്ലിസ്’ ആയിരുന്നു.

ബലാത്സംഗത്തിന് ഇരയായ പതിനേഴുകാരിയായ മെറിയം എന്ന പെണ്‍കുട്ടിയുടെയും അവളെ കൊല്ലുവാന്‍ നിയോഗിക്കപ്പെട്ട കെമാല്‍ എന്ന ചെറുപ്പക്കാരന്‍റെയും കഥ പറയുന്ന ചിത്രത്തിന് ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന പരിഗണന ലഭിച്ചു എന്നുതന്നെ പറയേണ്ടതുണ്ട്.

അഭിനയ മികവ്, കലാമൂല്യം, സാ‍ങ്കേതിക മേന്‍‌മ എന്നിവകൊണ്ട് സിനിമാ പ്രേമികളുടെ മനം കവര്‍ന്ന ചിത്രമായിരുന്നു ബ്ലിസ്. പ്രണയം, പ്രണയിനിയോടുള്ള സ്വാര്‍ത്ഥത, ബന്ധങ്ങളുടെ തീവ്രത എന്നിവ ഈ ചിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയും. ഛായാഗ്രഹണം, സംവിധാന മികവ്, സംഭാഷണ ശൈലി എന്നിവയിലും ബ്ലിസ് മികവ് പുലര്‍ത്തി.

യാങ് ഴാങ് ഒരുക്കിയ ‘ഗെറ്റിങ്ങ് ഹോം’ എന്ന ചൈനീസ് ചിത്രത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. തന്‍റെ സുഹൃത്തിന്‍റെ മൃതദേഹം വീട്ടിലെത്തിക്കുവാന്‍ ചൈനയുടെ ഒരു അറ്റത്തുനിന്നും മറ്റേയറ്റം വരെ യാത്ര ചെയ്യുന്ന സാവോ എന്നയാളുടെ കഥ പറയുന്ന ചിത്രത്തിനെ കുറിച്ചും പ്രേക്ഷകര്‍ക്ക് പറയാനുള്ളത്. മികച്ച അഭിപ്രായങ്ങള്‍ മാത്രമാ‍ണ്.

മൊസാമ്പിക് എന്ന രാജ്യത്തെ ആഭ്യന്തര യുദ്ധവും അത് പകര്‍ന്ന വേദനകളുടെയും നേര്‍ക്കാഴ്ചകള്‍ ഒരുക്കിയ ‘സ്ലീപ് വാക്കിങ്ങ് ലാന്‍ഡ്’ എന്ന ചിത്രവും കലാമൂല്യം കൊണ്ടും സാങ്കേതിക മികവു കൊണ്ടും മികച്ചു നിന്ന ചിത്രമാണ്.

കൂടാതെ ചിലിയന്‍ ചിത്രമായ ‘ദ് കിംഗ് ഓഫ് സാന്‍ ഗ്രെഗോറിയോ’, ചൈനീസ് ചിത്രം ‘ടീത്ത് ഓഫ് ലൌ’ എന്നിവയും മികച്ച നിലവാരത്തിലൂടെ ശദ്ധ നേടിയ ചിത്രങ്ങളാണ്.

Share this Story:

Follow Webdunia malayalam