Select Your Language

Notifications

webdunia
webdunia
webdunia
webdunia

മേള നിലവാരമുയര്‍ത്തുന്നു

അഭിലാഷ് ചന്ദ്രന്‍

മേള നിലവാരമുയര്‍ത്തുന്നു
അന്താരാഷ്ട്ര ചലച്ചിത്രോത്സവം അഞ്ച് ദിവസം പിന്നിടുമ്പോള്‍ മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചിത്രങ്ങള്‍ എല്ലാംതന്നെ നിവാരമുള്ളവയാണെന്നാണ് ചലച്ചിത്ര ആസ്വാദകരുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. മത്സരവിഭാഗ ചിത്രങ്ങള്‍ മിക്കവയും നിറഞ്ഞ സദസുകളിലാണ് പ്രദര്‍ശനം നടത്തിവരുന്നത്. മത്സര വിഭാഗ ചിത്രങ്ങളുടെ രണ്ടാം പ്രദര്‍ശനത്തിന് പോലും തീയറ്ററുകള്‍ ഹൌസ് ഫുള്‍ ആകുന്ന കാഴ്ചയാണ് ചൊവ്വാഴ്ച കാണാനായത്.

മൊസാമ്പിക്കിലെ ആഭ്യന്തര കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ തെരേസ പ്രാട്ട സംവിധാ‍നം ചെയ്ത സ്ലീപ് വാക്കിങ്ങ് ലാന്‍ഡ് എന്ന ചിത്രത്തിന്‍റെ രണ്ടാം പ്രദര്‍ശനമാണ് ചൊവ്വാഴ്ച നടന്നതെങ്കിലും ചിത്രം തുടങ്ങുന്നതിന് വളരെ മുമ്പ് തന്നെ തീയറ്റര്‍ നിറഞ്ഞു കവിഞ്ഞിരുന്നു. സിനിമ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ടും ചിത്രത്തിന്‍റെ പ്രദര്‍ശം ശ്രദ്ധിക്കപ്പെട്ടു. പ്രശസ്ത ഹിന്ദി സിനിമാതാരം നസറുദ്ദീന്‍ ഷാ, പ്രമുഖ സംവിധായകരായ കമല്‍, ഷാജി കൈലാസ്, പി ടി കുഞ്ഞുമുഹമ്മദ്, നിര്‍മ്മാതാവ് സുരേഷ് കുമാര്‍, നടന്‍ നന്ദു തുടങ്ങി പ്രമുഖരുടെ ഒരു നീണ്ടനിര തന്നെ ചിത്രം കാണാന്‍ എത്തിയിരുന്നു.

ചിത്രം തുടങ്ങുന്നതിന് മുമ്പ് സംവിധായിക പ്രാട്ടയെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചിരുന്നു. ചലച്ചിത്ര അക്കാഡമി സമര്‍പ്പിക്കുന്ന ഉപഹാരം ചടങ്ങില്‍ വച്ച് അവര്‍ക്ക് കൈമാറി. കൈരളിയില്‍ ഉച്ചയ്ക്ക് ശേഷം പ്രദര്‍ശിപ്പിക്കപ്പെട്ട എക്സ് എക്സ് വൈ എന്ന അര്‍ജന്‍റീനിയന്‍ ചിത്രത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ ഇതിനും എത്തിയിരുന്നു.

Share this Story:

Follow Webdunia malayalam