Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘കോലാഹലങ്ങള്‍ ഇല്ലാത്ത ഒരു പ്രേതസിനിമ’

‘കോലാഹലങ്ങള്‍ ഇല്ലാത്ത ഒരു പ്രേതസിനിമ’
, ബുധന്‍, 12 ഡിസം‌ബര്‍ 2007 (17:28 IST)
PRDFILE
കാതുകള്‍ അടപ്പിക്കുന്ന ശബ്‌ദ കോലാഹലങ്ങള്‍, കൂര്‍ത്ത പല്ലുകളുള്ള ഭയാനക രൂപങ്ങളുടെ പൊട്ടിച്ചിരികള്‍.. ഹോളിവുഡിലെയും മലയാളത്തിലെയും പ്രേതസിനിമകള്‍ ഇങ്ങനെയൊക്കെയാണ്. പ്രേഷകരായ നമ്മളെ പേടിപ്പിക്കുവാന്‍ സിനിമയിലെ അഭിനേതാക്കള്‍ നടത്തുന്ന ചില ശ്രമങ്ങള്‍ കാണുമ്പോള്‍ ചിരിയാണ് പലപ്പോഴും ഉണ്ടാകാറ്.

അതേസമയം കൈരളി തീയേറ്റ‌റില്‍ ബുധനാഴ്‌ച പ്രദര്‍ശിപ്പിച്ച ‘ഷാഡോസെ‘ന്ന ഗ്രീസില്‍ നിന്നുള്ള പ്രേതസിനിമ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായിരുന്നു. എന്നാല്‍, തുടക്കം മുതല്‍ അവസാനം വരെ ആസ്വാദകരെ പിടിച്ചിരുത്തിയ സിനിമയായിരുന്നു ഷാഡോസ്. സംവിധായകനായ മിലാക്കോ മഞ്ചവസ്‌കിയുടെ കൈയ്യടക്കമാണ് ഈ സിനിമക്ക് കെട്ടുറപ്പുള്ള ചട്ടക്കൂട് നല്‍കിയത്. നിഗൂഡതയുടെ സൌന്ദര്യം ഈ സിനിമയില്‍ ദര്‍ശിക്കാമായിരുന്നു.

ആധുനിക ലോകത്ത് യുക്തിക്ക് അതീതമായി നിലനില്‍ക്കുന്നവയെക്കുറിച്ച് നിരവധി സംവിധായകര്‍ സിനിമകള്‍ എടുത്തിട്ടുണ്ടെങ്കിലും ആസ്വാദകനെ അടിമുടി കോരി തരിപ്പിച്ച് ആസ്വദിക്കുവാന്‍ സിനിമ നല്‍കിയ ഒരു സംവിധായകന്‍ ഇന്ത്യക്കാരനായ മനോജ് നൈറ്റ് ശ്യാമളനാണ്. ‘സിക്സത് സെന്‍സ്‘, ‘സൈന്‍സ്‘, ‘വില്ലേജ്‘ തുടങ്ങിയ സിനിമകള്‍ നിഗൂഡമായ സസ്‌പെന്‍സ് ആനന്ദം ആസ്വാദകന് നല്‍കിയവയാണ്.

ഇത്തരത്തിലുള്ള അനുഭവം സംവിധായകനായ മഞ്ചവസ്‌കിക്ക് നല്‍കുവാന്‍ കഴിഞ്ഞിരിക്കുന്നു. നായകനായ ഡോക്‍ടര്‍ ലക്കിക്ക് ഒരു കാറപകടം സംഭവിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന ഒരു വര്‍ഷത്തിനു ശേഷമുണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ കേന്ദ്ര പ്രമേയം. അപകടത്തിനു ശേഷം ഒരു വൃദ്ധ, ഒരു യുവതി, ഒരു വൃദ്ധനും ഒരു കുഞ്ഞും ലക്കിയുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു.

തുടര്‍ന്ന് ലക്കി നടത്തുന്ന അന്വേഷണത്തിലൂടെ സിനിമ പുരോഗമിക്കുന്നു. അടുത്ത ഓരൊ നിമിഷവും എന്തു സംഭവിക്കും എന്ന ആകാംഷയോടെയാണ് ആസ്വാദകര്‍ ഈ സിനിമ ആസ്വദിച്ചത്. ചില സമയങ്ങളില്‍ തങ്ങള്‍ സ്വപ്‌നം കാണുകയാണോയെന്ന് തോന്നുന്ന അവസ്ഥയിലേക്കും പ്രേഷകര്‍ എത്തുന്നു. സാങ്കേതികയുടെ അതിപ്രസരം ഉപയോഗിച്ച് ആസ്വാദകന്‍റെ കണ്ണുകളെയും മനസ്സിനെയും പറ്റിക്കുന്ന തരികിട പരിപാടികള്‍ക്കൊന്നും ഈ സിനിമയുടെ സംവിധായകന്‍ മുതിര്‍ന്നിട്ടില്ല.

ഈ സിനിമയിലെ പ്രേതങ്ങള്‍ സാധാരണ മനുഷ്യരെ പോലെയുള്ളവരാണ്. കുഴിമാടത്തില്‍ നിന്ന് അവരുടെ ഭൌതിക അവശിഷ്‌ടങ്ങള്‍ പുറത്തെടുത്തപ്പോള്‍ അവര്‍ക്ക് ശാന്തി നഷ്‌ടപ്പെടുന്നു. തുടര്‍ന്ന് ശാന്തിയില്ലാതെ അലയുന്ന പ്രേതങ്ങള്‍ ഡോക്‍ടര്‍ ലക്കിയു‌ടെ സമാധാനം നഷ്‌ടപ്പെടുത്തുന്നു. യുക്തിയും അയുക്തിയും തമ്മില്‍ നടക്കുന്ന സംഘര്‍ഷം സിനിമക്ക് പിരിമുറുക്കം നല്‍കുന്നു.

മനോജ് നൈറ്റ് ശ്യാമളന്‍റെ ‘സൈന്‍‌സില്‍‘ യുക്തിയും അയുക്‍തിയും തമ്മിലുള്ള പോരാട്ടം കേന്ദ്രപ്രമേയമായിട്ടുള്ള സിനിമയാണ്. സിനിമയുടെ അവസാനത്തില്‍ യുക്തി അതീതമായി പലതും ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നായകന്‍ ദൈവമാര്‍ഗത്തിലേക്ക് തിരിയുന്നു.

‘ഷാഡോസി‘ല്‍ തന്‍റെ വീട്ടിലെത്തിയ ശരീര അവശിഷ്‌ടങ്ങള്‍ മറവ് ചെയ്‌ത് നായകന്‍ നാല് ആത്മാക്കള്‍ക്ക് ശാന്തി നല്‍കുന്നു. ഇതിലെ ഒരു ആത്മാവുമായി നായകന്‍ അടുക്കുന്നു. മണ്ണില്‍ അടിയുന്നതിനു മുമ്പ് ഈ പെണ്‍ ആത്മാവ് നായകനെ തങ്ങളുടെ ലോകത്തേക്ക് വിളിക്കുന്നുണ്ടെങ്കിലും നായകന്‍ പോകുവാന്‍ തയ്യാറാവുന്നില്ല; മരണം സത്യമാണെങ്കിലും ജീവിതത്തിന്‍റെ മനോഹാരിത ഒരു പാട് മനുഷ്യന്‍ ഇഷ്‌ടപ്പെടുന്നതുക്കൊണ്ട്.

Share this Story:

Follow Webdunia malayalam