Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഖുദാ കേലിയേ’ ഷൊയബിനു പറയാനുണ്ട്

പി എസ് അഭയന്‍

‘ഖുദാ കേലിയേ’ ഷൊയബിനു പറയാനുണ്ട്
PROPRO
ഷൊയബ് മന്‍സൂര്‍ എന്ന പാകിസ്ഥാന്‍ ചലച്ചിത്രകാരന് ചിലത് പറയാനുണ്ട്. നിങ്ങള്‍ക്ക് തിരക്കില്ലെങ്കില്‍ ഇതൊന്നു കേള്‍ക്കുക. ഐ എഫ് എഫ് കെ ചലച്ചിത്രമേളയില്‍ പങ്കെടുക്കാനെത്തിയ പാകിസ്ഥാന്‍ ചലച്ചിത്രം ‘ഖുദാ കേലിയേ’ ചില യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെയാണ് ക്യാമറ തിരിക്കുന്നത്. എന്നാല്‍ മൂന്നു മണിക്കൂറില്‍ എല്ലാം പറയാനാകുന്നില്ലെന്നു മാത്രം.

ഇസ്ലാമിക രാഷ്ട്രം എന്ന നിലയില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ടു പോയ പാകിസ്ഥാന്‍ മുസ്ലീംങ്ങളിലേക്കാണ് ഷൊയബ് മന്‍സൂര്‍ ക്യാമറ തിരിക്കുന്നത്. ഇസ്ലാമിക തത്വദര്‍ശനങ്ങളും ജീവിത രീതികളും പ്രാകൃതവും സങ്കുചിതവുമാണെന്ന പൊതു കാഴ്ചപ്പാടുകള്‍ തെറ്റാണെന്ന് ആത്മീയ ദര്‍ശനങ്ങളെ തന്നെ കൂട്ടുപിടിച്ച് ഷൊയബ് തുറന്നു കാട്ടുന്നു.

മത തീവ്രവാദത്തിന്‍റെ പേരില്‍ ലോകത്തുടനീളമുള്ള മുസ്ലീങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുമ്പോള്‍ അവരിലെ നന്‍‌മയും നല്ല വശങ്ങളും കാണാതെ പോകുന്നതും വംശീയതയുടെ പേരില്‍ മറുനാട്ടിലെ മുസ്ലീങ്ങള്‍ പീഡനത്തിനിരയാകുന്ന ദൃശ്യങ്ങള്‍ക്കു നേരെയും ഷൊയബ് സത്യസന്ധമായി കടന്നു ചെല്ലുന്നുണ്ട്. അക്കാദമിക്കലായോ സാങ്കേതികമായോ ചിത്രം മുന്നിലല്ലെന്നു തോന്നാമെങ്കിലും പ്രമേയത്തിന്‍റെ കാലിക പ്രാധാന്യം തന്നെയാണ് പ്രത്യേകത.

സംഗീത കുടുംബത്തിലെ പാട്ടുകാരായ സഹോദരങ്ങള്‍ക്കിടയില്‍ ഒരാള്‍ ഇസ്ലാമിക മതാന്ധതയിലേക്കു കൂപ്പു കുത്തുകയാണ്. സഹോദരന്‍റെ വഴി തെറ്റാണെന്നു തിരിച്ചറിയുന്നുണ്ടെങ്കിലും അയാള്‍ക്ക് അനുജനെ തിരുത്താനാകുന്നില്ല. സംഗീത പഠനത്തിനായി വിദേശത്തേക്കു പോകുന്ന മൂത്തയാള്‍ ഒരു യുവതിയുമായി പ്രണയത്തില്‍ അകപ്പെടുന്നു.

എന്നിരുന്നാലും അവളുടെ അന്യ മതത്തെയും സംസ്ക്കാരത്തെയും തിരിച്ചറിയാനും മനസ്സിലാക്കാനുമുള്ള സന്‍‌മനസ്സ് അവനുണ്ട്. എന്നാല്‍ സെപ്തം‌ബര്‍ 11 ന് നടക്കുന്ന ആക്രമണത്തെ തുടര്‍ന്ന് അമേരിക്കന്‍ ഭരണ വര്‍ഗ്ഗത്തില്‍ നിന്നും നേരിടേണ്ടി വരുന്നത് കടുത്ത തെറ്റിദ്ധാരണകളും വംശീയാക്ഷേപവും പീഡനങ്ങളുമാണ്.

ജിഹാദ് എന്ന ആശയത്തിനു വ്യത്യസ്തമായി സമാധാനം ആഗ്രഹിക്കുകയും അന്യ മതത്തെയും സംസ്ക്കാരത്തെയും സ്നേഹിക്കുകയും തിരിച്ചറിയുകയും ചെയ്യാനുതകുന്ന മനുഷ്യത്വമുള്ള മുസ്ലീങ്ങളുണ്ടെന്നും മന്‍സൂര്‍ സ്വന്തം ചിത്രത്തിലൂടെ പറയുന്നു. ഒപ്പം തന്നെ ഇസ്ലാമിക ദര്‍ശനങ്ങള്‍ നന്‍മയിലേക്ക് നയിക്കുന്നതാണെന്നും വ്യക്തമാക്കുന്നു.

കടുത്ത നിലപാടുകാരായ ഇസ്ലാമികളുടെ ഇടയിലെ സ്ത്രീകളുടെ അവസ്ഥയേയും ഇന്ത്യയെ കുറിച്ചുള്ള പാകിസ്ഥാനികളുടെ സങ്കല്‍പ്പങ്ങളെയും ഷൊയബ് തുറന്നു വയ്‌ക്കുന്നു. സിനിമ എന്ന വലിയ മാധ്യമത്തിലൂടെ ജനങ്ങളിലേക്ക് നല്ല സന്ദേശത്തെ പകരുക എന്ന 80 കളിലെ തത്വത്തെയാണ് ഷൊയബ് ഉള്‍ക്കൊണ്ടിരിക്കുന്നതെന്ന് കോടതി വ്യവഹാരങ്ങളിലെ ചില ദൃശ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വ്യക്തമാകും.

ചിത്രത്തേക്കുറിച്ച് അഭിപ്രായമറിഞ്ഞ് എത്തിയ പ്രേക്ഷകരായിരുന്നു ഭൂരിഭാഗവും. അക്കാദമിക ചിത്രങ്ങളുടെ തള്ളില്‍ പെട്ടു പോയ ഈ കൊച്ചു ചിത്രത്തിനു വേണ്ട ശ്രദ്ധ ലഭിച്ചില്ല. അതുകൊണ്ട് തന്നെ രണ്ടാം വട്ട പ്രദര്‍ശനത്തിനു പോലും കാര്യമായ പ്രേക്ഷകരില്ലായിരുന്നു. എന്നിരുന്നാലും ചിത്രം കണ്ടിറങ്ങുന്നവരിലെ സംതൃപ്തി അവയൊക്കെ മറികടക്കും.

Share this Story:

Follow Webdunia malayalam