Select Your Language

Notifications

webdunia
webdunia
webdunia
webdunia

എബോള മരുന്ന് പരീക്ഷണം തുടങ്ങി; പ്രാര്‍ഥനയോടെ ലോകം

എബോള മരുന്ന് പരീക്ഷണം തുടങ്ങി; പ്രാര്‍ഥനയോടെ ലോകം
ലൈബിരീയ , ചൊവ്വ, 3 ഫെബ്രുവരി 2015 (09:08 IST)
ലോകത്തെ ഭീതിയിലാഴ്ത്തിയ എബോള വൈറസിനെതിരായ പ്രതിരോധ മരുന്നിന്റെ പരീക്ഷണം ആരംഭിച്ചു. വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള വാക്സിനാണ് പരീക്ഷിക്കുന്നത്. ബാധിച്ച് ഏറ്റവുമധികം ആളുകള്‍ മരിച്ച ലൈബീരിയയിലാണ് വാക്സിന്‍ പരീക്ഷണത്തിന്‍റെ തുടക്കമിടുന്നത്. 30,000 സന്നദ്ധ പ്രവര്‍ത്തകരാണ് മരുന്ന് പരീക്ഷണത്തിന് വിധേയരാകാന്‍ സന്നദ്ധരായി രംഗത്തെത്തിയത്.
 
ഇവരില്‍ മരുന്ന് കുത്തിവയ്പ്പ് ആരംഭിച്ചുകഴിഞ്ഞു. വൈറസിന്‍റെ ദുര്‍ബലമായ ഘടകമാണു വാക്‌സിനിലുള്ളത്. ഈ വൈറസ് ശരീരത്തിനെ ദോഷകരമായി ബാധിക്കില്ല. എന്നാല്‍ വൈറസിനെതിരെ ശരീരം പ്രതിരോധിക്കുകയും ആന്റിബോഡി നിര്‍മ്മിക്കുകയും ചെയ്താല്‍ മരുന്ന് പരീക്ഷണം വിജയമാകും. എന്നാല്‍ എബോള ബാധയെ പ്രതിരോധിക്കുന്നതില്‍ ഇത് എത്ര കണ്ടു വിജയിക്കുമെന്ന് ഗവേഷകര്‍ക്ക് ഉറപ്പില്ല.
 
പരീക്ഷണത്തിനു വിധേയരായവരുടെ ശരീരം സ്വയം ആന്റിബൊഡി നിര്‍മ്മിക്കുകയാണെങ്കില്‍ അത് വൈദ്യ ശാസ്ത്രരംഗത്ത് മറ്റൊരു നാഴികക്കലായി മാറും. ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധ ശക്തിയെയാണ് വാക്സിനേഷന്‍ പ്രയോജനപ്പെടുത്തുന്നത്. നിര്‍വീര്യമായ രോഗാണുക്കളെ ശരീരത്തിലേക്ക് കടത്തിവിടുന്നു. ഇത്തരം രോഗാണുക്കളുടെ ശരീരത്തിലുള്ള ഡി‌എന്‍‌എയ്ക്കെതിരെ മനുഷ്യ ശരീരം സ്വയം പ്രതിദ്രവ്യം ഉത്പാദിപ്പിക്കുന്നു. ഇത് ദീര്‍ഘകാലം ശരീരത്തില്‍ നിലനില്‍ക്കുമെന്നതിനാല്‍ സജീവമായ രോഗാണു പിന്നീട് ശരീരത്തില്‍ പ്രവേശിച്ചാല്‍ പോലും അതിനെ പ്രതിരോധിക്കാന്‍ സാധിക്കും.
 
മരുന്ന് പരീക്ഷണം  മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇടയാക്കില്ലെന്ന് പരീക്ഷണത്തില്‍ പങ്കാളിയായ ലൈബീരിയന്‍ ശാസ്‌ത്രജ്‌ഞന്‍ സ്‌റ്റീഫന്‍ കെന്നഡി പറയുന്നു. പരീക്ഷണം മൂലം അതിനു വിധേയരാകുന്നവര്‍ക്ക് എബോള ബാധയുണ്ടാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച എബോള ബാധയില്‍ ഇതുവരെ 8500 പേര്‍ മരിച്ചതായാണ് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്. ഇതില്‍ 3600 പേരും ലൈബീരിയക്കാരായിരുന്നു. ഗിനിയ, ലൈബീരിയ, സിയേറ ലിയോണ്‍ എന്നിവിടങ്ങളിലായി ഇരുപതിനായിരത്തിലേറെ ആളുകളില്‍ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

Share this Story:

Follow Webdunia malayalam