Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രപഞ്ചത്തിനും മുമ്പൊരു തമോഗര്‍ത്തം, കണ്ടെത്തലില്‍ അമ്പരന്ന് ശാസ്ത്രലോകം

പ്രപഞ്ചത്തിനും മുമ്പൊരു തമോഗര്‍ത്തം, കണ്ടെത്തലില്‍ അമ്പരന്ന് ശാസ്ത്രലോകം
, വ്യാഴം, 26 ഫെബ്രുവരി 2015 (20:30 IST)
പ്രപഞ്ചം ഉണ്ടായത് ഒരു മഹാ വിസ്ഫോടനത്തിനു ശേഷമാണ് എന്നാണ് നിലവില്‍ അംഗീകരിച്ചിരിക്കുന്ന പ്രപഞ്ചോല്‍പ്പത്തിയേക്കുറിച്ചുള്ള സിദ്ധാന്തം. തമോര്‍ഗര്‍ത്തങ്ങള്‍ രൂപം കൊണ്ടത് മഹാവിസ്ഫോടനത്തിനും ശേഷം ആയിരത്തോളം കോടി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എന്നാണ് ശാസ്ത്രലോകം കരുതിയിരുന്നത്. എന്നാല്‍ ആ നിഗമനങ്ങളേ പാടെ തെറ്റിക്കുന്ന തരത്തില്‍ പ്രപഞ്ചം ആരംഭിച്ച അവസ്ഥയില്‍ രൂപം കൊണ്ട തമോഗര്‍ത്തത്തെ ശാസ്ത്രലോകം തിരിച്ചറിഞ്ഞു.
 
പുതിയതായി കണ്ടെത്തിയ തമോഗര്‍ത്തം SDSS J0100+2802 എന്നാണ് അറിയപ്പെടുന്നത്. ഭൂമിയില്‍നിന്ന് 1280 കോടി പ്രകാശവര്‍ഷമകലെയാണ് അതിന്റെ സ്ഥാനം (പ്രകാശം ഒരുവര്‍ഷം സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശവര്‍ഷം). നിലവില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ഈ തമോഗര്‍ത്തം രൂപം കൊണ്ടത് മഹാവിസ്ഫോടനത്തിനു ശേഷം വെറും 90 കോടി വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. എന്നാല്‍ ഇത്രയും കുറഞ്ഞ കാലയളവില്‍ ഒരു തമോഗര്‍ത്തം എങ്ങനെ രുപം കൊണ്ടു എന്ന് ഗവേഷകര്‍ ഇപ്പോള്‍ ആശ്ചര്യത്തിലാണ്.
 
കണ്ടെത്തിയ അതിഭീമന്‍ തമോഗര്‍ത്തത്തിനാണ് സൂര്യന്റെ 1200 കോടി മടങ്ങ് ദ്രവ്യമാനമാണുള്ളത്. ഇത് നിലനില്‍ക്കുന്നതാകട്ടെ പ്രപഞ്ചാരംഭത്തില്‍ രൂപം കൊണ്ട ക്വാസറുകള്‍ക്കിടയിലും. ഇതെല്ലാം ശാസ്ത്രജ്ഞരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്.  പ്രപഞ്ചത്തിന്റെ വിദൂരകോണുകളില്‍നിന്ന് ഭീമമായ തോതില്‍ വികിരണോര്‍ജം പുറപ്പെടുവിക്കുന്ന ദുരൂഹവസ്തുക്കളാണ് ക്വാസറുകള്‍. 1963 ല്‍ ആണ് ഇവരെ ആദ്യമായി മനുഷ്യന്‍ തിരിച്ചറിഞ്ഞത്. വലിയ തിളക്കമുള്ള വസ്തുക്കളാണെങ്കിലും, പ്രപഞ്ചത്തിന്റെ വിദൂരകോണുകളിലായതിനാല്‍ ക്വാസറുകള്‍ വല്ലാതെ മങ്ങിയാണ് നമുക്ക് കാണാനാവുക. അതിനാല്‍ തിരിച്ചറിയാന്‍ വലിയ ബുദ്ധിമുട്ടാണ്. 
 
പ്രാചീന പ്രപഞ്ചത്തില്‍ കണ്ടെത്തിയിട്ടുള്ള ഏറ്റവും തിളക്കമേറിയ വസ്തുക്കളാണ് ക്വാസറുകള്‍. മഹാവിസ്‌ഫോടനം കഴിഞ്ഞ് വെറും 70 കോടി വര്‍ഷം മുതലുള്ള ഏതാണ്ട് രണ്ടുലക്ഷം ക്വാസറുകള്‍ ഇതിനകം ശാസ്ത്രലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്രയും പ്രാചീനമായ ഇവയുടെ ഇടയിലാണ് ഏകദേശം അതേ പ്രായത്തിലുള്ള തമോഗര്‍ത്തത്തേയും കണ്ടെത്തിയിരിക്കുന്നത്. ഈ സമയത്ത് ആദ്യത്തെ ഗ്യാലക്സികളും ഏകദേശം നക്ഷത്രങ്ങളും രൂപം കൊണ്ട് വരുന്നതേയുള്ളു എന്ന് ഓര്‍ക്കണം. അപ്പോള്‍ എത്തരത്തിലാണ് തമോഗര്‍ത്തങ്ങള്‍ രൂപം കൊള്ളുക എന്ന് വിശദീകരിക്കാനാകാതെ കുഴങ്ങുകയാണ് ബഹിരാകാശ ഗവേഷകര്‍.
 
'അത്ര പെട്ടന്ന് ഇത്രയും ഭീമമായ തമോഗര്‍ത്തം രൂപപ്പെട്ട കാര്യം നിലവിലുള്ള സിദ്ധാന്തങ്ങളുടെ സഹായത്തോടെ വിശദീകരിക്കുക ബുദ്ധിമുട്ടാണ്', പഠനസംഘത്തില്‍ ഉള്‍പ്പെട്ട ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ.ഫുയാന്‍ ബിയന്‍ പറഞ്ഞു. മഹാവിസ്‌ഫോടനം കഴിഞ്ഞ് വെറും 90 കോടി വര്‍ഷം കഴിഞ്ഞപ്പോള്‍ ഇത്തരമൊരു തിളക്കമേറിയ ഭീമന്‍ ക്വാസര്‍ രൂപപ്പെട്ടിരുന്നു എന്ന അറവ് ഉദ്വേഗജനകമാണ് അദ്ദേഹം പറഞ്ഞു. 
 
നാസയുടെ 'ന്യൂക്ലിയര്‍ സ്‌പെക്ട്രോസ്‌കോപ്പിക് ടെലസ്‌കോപ്പ് (NuSTAR), യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇസ) യുടെ 'എക്‌സ്.എം.എം-ന്യൂട്ടണ്‍ ടെലസ്‌കോപ്പ്' എന്നിവയാണ് ആ അതിഭീമന്‍ തമോഗര്‍ത്തത്തിന്റെ ചുറ്റിനും എല്ലാ ദിശയിലേക്ക് അതിശക്തമായ വാതകപ്രവാഹം തിരിച്ചറിഞ്ഞത്. ആ വിവരമാണ് ഭീമന്‍ തമോഗര്‍ത്തം കണ്ടെത്തുന്നതിലേക്ക് നയിച്ചത്. പുതിയ ക്വാസര്‍ തമോഗര്‍ത്തം വളരെ സവിശേഷമാണെന്ന്, ചൈനയില്‍ പെക്കിങ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ.ഷുവെ-ബിങ് വു ചൂണ്ടിക്കാട്ടി. കണ്ടുപിടിത്തം സംബന്ധിച്ച് നേച്ചര്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിന് നേതൃത്വം നല്‍കിയത് പ്രൊഫ.വു ആണ്. 

Share this Story:

Follow Webdunia malayalam