ഇക്കാലത്ത് സമൂഹത്തിലും കുടുംബത്തിലും പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരേപോലെയുള്ള പരിഗണനയാണ് ലഭിച്ചുവരുന്നത്. എന്നാല്‍, ആണ്‍കുട്ടികള്‍ വേണമെന്ന് ആഗ്രഹിച്ച് ചതിപ്രയോഗങ്ങളില്‍ കുടുങ്ങി ഉദരത്തില്‍ വളരുന്ന കുരുന്നിനെ നശിപ്പിക്കുന്ന ആളുകളും കുറവല്ല. വിശ്വസിച്ചാലും ഇല്ലെങ്കിലും പരമ്പരയിലൂടെ ഇത്തവണ ഞങ്ങള്‍ അവതരിപ്പിക്കുന്നത് ഈ സാമൂഹിക പ്രശ്നമാണ്.
ആണ്‍കുട്ടി മാത്രം ജനിക്കാനായി മരുന്ന് നല്‍കുന്ന ഒരു ആയുര്‍വേദ ചികിത്സകനെയാണ് ഇത്തവണ ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്! പവന്‍കുമാര്‍ അജ്‌മേര എന്ന ആയുര്‍വേദ ഡോക്ടര്‍ അവകാശപ്പെടുന്നത് അയാള്‍ നല്‍കുന്ന മരുന്ന് കഴിച്ചാല്‍ ആണ്‍കുട്ടി മാത്രമേ പിറക്കൂ എന്നാണ്.
WD
WD
പവന്‍കുമാറിന്‍റെ ക്ലിനിക് ഇന്‍ഡോറിലെ ഗാന്ധിനഗറിലാണ് സ്ഥിതിചെയ്യുന്നത്. ക്ലിനിക്കിന്‍റെ ചുവരിലെങ്ങും ഇയാളുടെ ചികിത്സയുടെ മഹത്വങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് കാണാം. ഒരു പെണ്‍കുട്ടിയെങ്കിലും ഉള്ള ആളുകള്‍ക്കേ മരുന്ന് നല്‍കുകയുള്ളൂ എന്നാണ് ഇദ്ദേഹം പറയുന്നത്. മാത്രമല്ല, ചികിത്സയ്ക്ക് എത്തുന്നവര്‍ പെണ്‍കുട്ടി ജനിച്ചു എന്ന് തെളിയിക്കുന്ന പ്രമാണവും ഹാജരാക്കണം. ചികിത്സയിലൂടെ 300 സ്ത്രീകള്‍ക്ക് ആണ്‍കുട്ടികള്‍ ജനിച്ചു എന്നും പവന്‍കുമാര്‍ അവകാശപ്പെടുന്നു. ഇവിടെ നിന്നും ലഭിക്കുന്ന മരുന്ന് പാലില്‍ ചേര്‍ത്താണ് സ്ത്രീകള്‍ കഴിക്കേണ്ടത്.
ആണ്‍കുട്ടി വേണമെന്ന് ആഗ്രഹിക്കുന്ന നിരവധി മാതാപിതാക്കള്‍ നമ്മുടെ സമൂഹത്തിലുണ്ട്. പവന്‍കുമാറിന്‍റെ അടുത്ത് എത്തുന്ന ഇവര്‍ അയാളില്‍ പൂര്‍ണമായും വിശ്വാസം അര്‍പ്പിക്കുന്നു. പലരും ഇയാളുടെ ചികിത്സയിലൂടെ ആണ്‍കുട്ടി ജനിച്ചതായും അവകാശപ്പെടുന്നു. ചികിത്സയിലൂടെ ആണ്‍കുട്ടിയെ ലഭിച്ചു എന്നാണ് ഞങ്ങള്‍ ഇവിടെവച്ച് പരിചയപ്പെട്ട മോഹിനി ഉപാധ്യായ എന്ന സ്ത്രീ പറയുന്നത് . ഇവര്‍ക്ക് ആദ്യം പിറന്നത് ഒരു പെണ്‍കുട്ടിയായിരുന്നു. ഒരു ആണ്‍കുട്ടി കൂടി വേണമെന്ന ആഗ്രഹം ശക്തമായിരിക്കുമ്പോഴാണ് പവന്‍കുമാറിനെ കുറിച്ച് കേട്ടതും ഇവിടെ എത്തിച്ചേര്‍ന്നതും.
എന്നാല്‍, മിക്ക ഡോക്ടര്‍മാരും പവന്‍ കുമാറിന്‍റെ അവകാശവാദം തള്ളിക്കളയുകയാണ് ചെയ്യുന്നത്. ഈ അവകാശവാദം ആളുകളോടുള്ള വഞ്ചനയാണെന്നും, ശാസ്ത്രീയമായി പറഞ്ഞാല്‍, ആണ്‍കുട്ടിക്ക് ജന്മം നല്‍കുക എന്നത് നേരത്തെ ഉറപ്പിക്കാന്‍ പറ്റില്ല എന്നും ശിശുരോഗ വിദഗ്ധന്‍ മുകേഷ് ബിര്‍ള വെബ്ദുനിയയോട് പറഞ്ഞു.
WD
WD
ഡോക്ടര്‍മാര്‍ എന്തോക്കെ അഭിപ്രായം വേണമെങ്കിലും പറയട്ടെ. പവന്‍കുമാറിന്‍റെ ചികിത്സയ്ക്ക് വളരെ വലിയ പ്രസിദ്ധിയാണുള്ളത്. ആണ്‍കുട്ടിയെ ലഭിക്കാന്‍ വേണ്ടി ചികിത്സ നടത്താന്‍ ദിവസവും നിരവധി ആളുകള്‍ ഇവിടെ എത്തിച്ചേരുകയും ചെയ്യുന്നു. പെണ്‍കുട്ടികളുടെ ജനന നിരക്കില്‍ വ്യക്തമായ കുറവുണ്ടായിട്ടും പൊതുജനങ്ങള്‍ ഇതിനോട് പ്രതികരിക്കുന്നില്ല. ഇതെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം, ഞങ്ങളെ അറിയിക്കൂ.