മേളക്കൊഴുപ്പിലും കുടമാറ്റത്തിന്‍റെ വര്‍ണജാലത്തിലും ആനകളുടെ ഗാംഭീര്യത്തിലും കരിമരുന്ന് പ്രയോഗത്തിന്‍റെ വിസ്മയത്തിലും ആറാടി കേരളത്തിന്റെ സാംസ്കാരിക നഗരത്തില്‍ പൂരങ്ങളുടെ പൂരം അരങ്ങേറുന്നു. പൂരദിനത്തില്‍ പുലര്‍ച്ചെ ഘടകപൂരങ്ങളുടെ വരവോടെ പൂരനഗരി ആവേശത്തിലാകും. പ്രശസ്‌തമായ പഞ്ചവാദ്യവും പാണ്ടിമേളവും പൂരത്തിന്‍റെ മാറ്റ് കൂട്ടും. രണ്ടുമണിയോടെയാണ് ഇലഞ്ഞിത്തറമേളം. തുടര്‍ന്ന് അഞ്ചരയോടെ കുടമാറ്റത്തിന് തുടക്കമാവും. മഴയുടെ ഭീഷണിയുണ്ടെങ്കിലും ഇത്തവണയും പൂരം പൊടിപാറുമെന്നാണ് പ്രതീക്ഷ.
വടക്കുന്നാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്ന തേക്കിന്‍കാട് മൈതാനത്തില്‍ അരങ്ങേറുന്ന തൃശൂര്‍ പൂരത്തിന് പിന്നില്‍ ഐതീഹ്യങ്ങളുടെ വലിയ പൂരം തന്നെയുണ്ട്. ചുടലപ്പറമ്പില്‍ ഉറങ്ങുന്ന, ശനി ദോഷം മൂലം ഭിക്ഷ യാചിക്കേണ്ടി വന്ന മഹാദേവനെ സംരക്ഷിക്കുന്നതിനായി ശക്തന്‍ തമ്പുരാന്‍ ക്ഷേത്രത്തിനു ചുറ്റും വലിയ മതിലുകള്‍ പണിതു. പരമേശ്വര സന്നിധിയിലേക്ക് എത്താനായി നാലു കൂറ്റന്‍ കവാടങ്ങളും തമ്പുരാന്‍ പണികഴിപ്പിച്ചു. ഇതിലൊക്കെ കേമമായി ശക്തന്‍ തമ്പുരാന്‍ ഒരു കാര്യം കൂടി ചെയ്തു - ജനകീയമായ ഒരു പൂരം സംഘടിപ്പിച്ചു. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളോട് തേക്കിന്‍ കാട് മൈതാനിയില്‍ പൂരം സംഘടിപ്പിക്കുവാന്‍ ആവശ്യപ്പെട്ടതും 36 മണിക്കൂറുള്ള പൂരത്തിന്‍റെ സമയക്രമം നിശ്ചയിച്ചതും ശക്തന്‍ തമ്പുരാനാണ്. അദ്ദേഹം നിശ്ചയിച്ച നിയമങ്ങള്‍ അതേപടി പാലിച്ചുകൊണ്ടാണ് ഇപ്പോഴും തൃശൂര്‍ പൂരം നടക്കുന്നത്.
തൃശൂര്‍ പൂരത്തിലെ പഞ്ചവാദ്യം ഒരുക്കുന്ന ശ്രവ്യ അനുഭവം അനുപമമാണ്. 200ലധികം കലാകാരന്‍മാര്‍ ചേര്‍ന്ന് നടത്തുന്ന ഈ നാദ വിസ്മയം നേരിട്ട് അനുഭവിക്കാന്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പൂരപ്രേമികള്‍ എത്തുന്നു.
പൂരത്തിനോട് മുന്നോടിയായി നടക്കുന്ന ആനച്ചമയങ്ങളുടെ പ്രദര്‍ശനം, പൂര ദിവസം നടക്കുന്ന കുടമാറ്റം എന്നിവ എത്ര കണ്ടാലും മതിവരാത്ത ഓര്‍മ്മയാണ് മലയാളികളുടെ മനസ്സില്‍ കോറിയിടുന്നത്.
തൃശൂര്‍ പൂരത്തിന്‍റെ മറ്റൊരു പ്രത്യേകത അതിന്‍റെ മതേതര സ്വഭാവമാണ്. പൂരത്തിനായി മനോഹരമായ പന്തലുകളില്‍ ഭൂരിഭാഗവും നിര്‍മ്മിക്കുന്നത് മുസ്ലീം സമുദായത്തില്‍ നിന്നുള്ളവരാണ്. രണ്ടുനൂറ്റാണ്ടിന്‍റെ പഴക്കമുള്ള തൃശൂര്‍ പൂരം അതിന്‍റെ മതേതരഭാവം കൊണ്ടുതന്നെയാണ് മലയാളികള്‍ അവരുടെ സ്വന്തം ആഘോഷമായി കൊണ്ടാടുന്നത്.