Webdunia - Bharat's app for daily news and videos

Install App

മുസ്ലീം യുവാക്കൾ ഉൾപ്പെടുന്ന മിശ്രവിവാഹങ്ങളിൽ ആശങ്ക‌യെന്ന് ദീപിക മുഖപത്രം

Webdunia
ചൊവ്വ, 19 ഏപ്രില്‍ 2022 (13:22 IST)
കോടഞ്ചേരി മിശ്രവിവാഹത്തിനെതിരെയും സിപിഐഎമ്മിനെതിരെയും  സിറോ മലബാർ സഭ മുഖപത്രം ദീപിക. മുസ്ലിം യുവാക്കൾ ഉൾപ്പെടുന്ന മിശ്രവിവാഹങ്ങളിൽ ആശങ്കയുണ്ടെന്ന് ദീപികയിലെ മുഖപ്രസംഗം പറയുന്നു. ലവ് ജിഹാദില്ലെന്ന് പറയുന്ന സിപിഐഎമ്മിനും ഇക്കാര്യത്തിൽ ഭയമുണ്ടെന്നും മുഖപ്രസംഗം പറയുന്നു. കോടഞ്ചേരി ഉയർത്തുന്ന ചോദ്യങ്ങൾ എന്ന തലക്കെട്ടോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
 
മുഖപ്രസംഗത്തിന്റെ പൂർണരൂപം
 
കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിൽ കത്തോലിക്കാ യുവതിയെ കാണാതായതും പിന്നീട് ഡിവൈഎഫ്ഐക്കാരനായ മുസ്ലിം യുവാവിനൊപ്പം കോടതിയിൽ ഹാജരായതും, വിവാഹത്തിനു തീരുമാനിച്ചെന്നും യുവാവിനൊപ്പം പോകാനാണ് ആഗ്രഹിക്കുന്നതെന്നും യുവതി പറഞ്ഞതും അനന്തരസംഭവങ്ങളുമൊക്കെ വലിയ വിവാദമായി. വിവാദങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. പെൺകുട്ടിയുടെ പിതാവ് സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി യെത്തുടർന്ന് അവരെ ഇന്നു ഹാജരാക്കണമെന്നു ഹൈക്കോടതി പോലീസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രണയിച്ചവരെ ഒന്നിപ്പിക്കണമെന്നും ഇതിനെ ലൗ ജിഹാദെന്നു പറഞ്ഞ് ചിലർ മതസൗഹാർദ അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണെന്നുമൊക്കെയാണ് സിപിഎം ഉൾപ്പെടെയുള്ള ചില രാഷ്ട്രീയ പാർട്ടികളും സംഘടനകളും ചില മാധ്യമങ്ങളുമൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത്. സ്വന്തം മകളുടെയോ സഹോദരിയുടെയോ കാര്യമല്ലെങ്കിലും അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. അതേസമയം, ആ പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് അവളുടെ ഭാവി സുരക്ഷിതമാക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമൊന്നുമില്ലേ?
 
മാർച്ച് 3നാണ് സൗദി അറേബ്യയിൽ ജോലിചെയ്യുന്ന കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി തെയ്യപ്പാറ സ്വദേശിനി ജോയ്സ്ന അവധിക്കു വീട്ടിലെത്തിയത്. അഞ്ചു വർഷമായി പ്രണയത്തിലായിരുന്ന വിദേശത്തു ജോലിയുള്ള യുവാവുമായുള്ള വിവാഹ ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് ഏപ്രിൽ ഒമ്പതിന് ജോയ്സ്നയെ കാണാതാകുന്നതെന്നാണ് ജോയ്സിയുടെ പിതാവ് പറയുന്നത്. താമരശേരിക്കു പോയ ജോയ്സ്നയെ കാണാതായതിനെ തുടർന്നു വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് അനുജത്തി, ജോയ്സ്നയുടെ സുഹൃത്തിനെ വിളിച്ചപ്പോഴാണ് ചേച്ചി ഇന്നു വരില്ല എന്നു സുഹൃത്ത് പറഞ്ഞത്. ചേച്ചിക്കു ഫോൺ കൊടുക്കാൻ നിർബന്ധിച്ചപ്പോൾ “ഇവർ എന്നെ പിടിച്ചുവച്ചിരിക്കുകയാണ്, വിടുന്നില്ല” എന്നു ജോയ്സ്ന പറഞ്ഞു. ഉടൻ തന്നെ ഫോൺ സ്വിച്ച് ഓഫ് ആകുകയും ചെയ്തു. ഇതോടെ ഭയന്നുപോയ കുടുംബം കോടഞ്ചേരി പോലീസിൽ വിവരമറിയിച്ചെന്നുമാണ് ജോയ്സിയുടെ പിതാവ് അറിയിച്ചത്. നേരമേറെയായിട്ടും ഫോണിന്റെ ലൊക്കേഷൻ കണ്ടെത്താനാകുന്നില്ലെന്നു പോലീസറഞ്ഞതോടെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎൽഎയുമായ ജോർജ് എം. തോമസുമായി ബന്ധപ്പെട്ടു. അതിനിടെയാണ് സിപിഎം, ഡിവൈഎഫ്ഐ നേതാവ് നൂറാംതോട് സ്വദേശി എം.എസ്. ഷെജിൻ എന്ന മുസ്ലിം യുവാവിനൊപ്പമാണ് ഉള്ളത് എന്നറിയുന്നത്. പിറ്റേന്നു കോടതിയിൽ ഹാജരാക്കുമ്പോൾ ജോയ്സ്നയുമായി സംസാരിക്കാൻ മാതാപിതാക്കൾക്ക് അവസരം നൽകാമെന്ന് സിപിഎം നേതാവ് പറയുകയും ചെയ്തു. പക്ഷേ, മാതാപിതാക്കൾ എത്തും മുമ്പേ ഷെജിനും ജോയ്സ്നയും കോടതിയിൽ നിന്നു മടങ്ങി. യുവാവിനൊപ്പം പോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നു യുവതി കോടതിയിൽ പറയുകയും ചെയ്തു.
 
പാർട്ടി ഇടപെട്ടു തിരുത്തുന്നതിനുമുമ്പ് സിപിഎം നേതാവ് ജോർജ് എം. തോമസ് പറഞ്ഞത് ഷെജിൻ കാണിച്ചത് ശരിയായില്ലെന്നും അങ്ങനെയൊരു പ്രണയമുണ്ടെങ്കിൽ, അങ്ങനെ മിശ്രവിവാഹം കഴിക്കണമെന്നുണ്ടെങ്കിൽ അതു പാർട്ടിയെ അറിയിച്ച് പാർട്ടിയുമായി ആലോചിച്ച്, പാർട്ടി സഖാക്കളുടെ നിർദേശം സ്വീകരിച്ചു തീരുമാനമെടുക്കേണ്ടതായിരുന്നു എന്നാണ്. പാർട്ടിയെ അറിയിക്കാതെ അടുത്ത സഖാക്കളോടു പോലും പറയാതെയാണ് ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നതത്രേ. അതു കൊള്ളാം. ഇത്തരമൊരു തീരുമാനമെടുക്കും മുൻപ് ഷെജിൻ അതു പാർട്ടിയോടും അടുത്ത സഖാക്കളാടും പറയണം. പക്ഷേ, പെൺകുട്ടിയെ ഇത്രകാലം സഹിച്ച് വളർത്തിയ മാതാപിതാക്കളോട് പെൺകുട്ടിയോ യുവാവോ ഒന്നും പറയേണ്ടതുമില്ല. വിദേശത്തു ലക്ഷങ്ങൾ ശമ്പളമുള്ള ഉദ്യോഗസ്ഥയായല്ലല്ലോ അവൾ ജനിച്ചത്. അവളെ പഠിപ്പിച്ചു സ്വന്തം കാലിൽ നിൽ ക്കാൻ പ്രാപ്തയാക്കാൻ അഹോരാത്രം വിയർപ്പൊഴുക്കിയത് മാതാപിതാക്കളാണ്. അവർക്കു സ്വന്തം മകളോട് ഒന്നു സംസാരിക്കാൻ പോലും അവസരം കൊടുക്കാതെ ദുരൂഹ സാഹചര്യത്തിൽ കൊണ്ടു പോകുന്നതാണോ മതേതരത്വം?
 
മറ്റൊരു കാര്യം സിപിഎം നേതാവ് പറഞ്ഞ് പ്രഫഷണൽ കോളജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതരമതസ്ഥനായ പെൺകുട്ടികളെ വർഗീയതയിലേക്കും തീവ്രവാദത്തിലേക്കും ആകർ ഷിക്കാൻ തീവ്രവാദ സംഘടനകൾ ശ്രമിക്കുന്നുണ്ടെന്ന പാർട്ടി രേഖയെക്കുറിച്ചാണ്. നേതാവു പറഞ്ഞത് പുതിയ കാര്യമല്ല. പാർട്ടി ഘടകങ്ങളിൽ ചർച്ച ചെയ്യാൻ തയാറാക്കിയ ഇത്തരമൊരു രേഖയെക്കുറിച്ച് 2021 സെപ്റ്റംബറിൽ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഒരു കാര്യം ഉറപ്പാണ്. ലൗ ജിഹാദ് ഇല്ലെന്നു പറയുന്ന സിപിഎമ്മിനു പോലും തീവ്രവാദികളുടെ നീക്കങ്ങളെക്കുറിച്ചു ഭയമുണ്ട്. പാർട്ടിക്കകത്തു ചർച്ച ചെയ്യണം, ഒരക്ഷരം പുറത്തു പറയരുത്. ഇതാണോ നയം?
 
ഇത് അത്ര നിഷ്കളങ്കമായ പ്രണയമാണോയെന്നും നിരവധിയാളുകൾ സംശയിക്കുന്നുണ്ട്. എന്തുകൊണ്ടാണ് വിവാഹ ഒരുക്കത്തിനിടെ തന്റെ പണം തിരിച്ചുതരണമെന്നാവശ്യപ്പെട്ട് ജോയ്സ്ന ഒരാളെ ഫോണിൽ വിളിച്ചുകൊണ്ടിരുന്നത്? ആരാണ് അവിവാഹിതയായ ഒരു യുവതിയുടെ കൈയിൽനിന്നു പണം വാങ്ങിയിട്ടു തിരിച്ചുകൊടുക്കാതിരുന്ന നേതാവ്? അനുജത്തി ഫോണിൽ ബന്ധപ്പെട്ടപ്പോൾ “എന്നെ പിടിച്ചുവച്ചിരിക്കുകയാണ്. വിടുന്നില്ല” എന്നു ജോയ്സ്ന ഭയന്നു പറഞ്ഞതെന്തിനാണ്? പ്രേമിക്കുന്നയാളെ ഭീഷണിപ്പെടുത്തി പിടിച്ചുവച്ചാണോ വിവാഹത്തിനു സമ്മതിപ്പിക്കേണ്ടത്? ചാറ്റിംഗിലൂടെയും പണമിടപാടുകളിലൂടെയും പെൺകുട്ടികളുടെ ഫോട്ടോ ദുരുപയോഗം ചെയ്തു കെണിയൊരുക്കി നിരവധി വിവാഹങ്ങൾ നടക്കാറുണ്ട്. പരിശുദ്ധ പ്രണയത്തിന്റെ പട്ടികയിലല്ല, കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ് അതൊക്കെ ചേർക്കാറുള്ളത്. അങ്ങനെയെന്തെങ്കിലുമാണോ തങ്ങളുടെ മകൾക്കും സംഭവിച്ചതെന്ന് അന്വേഷിക്കാൻ മാതാപിതാക്കൾക്ക് അവകാശമില്ലേ?
 
ലൗ ജിഹാദ് ഉണ്ടായോ ഇല്ലയോ എന്ന വിഷയം അവിടെ നൽക്കട്ടെ. കോടഞ്ചേരിയിലെ പെൺകുട്ടിയുടെ മാതാപിതാക്കൾ ഇതുവരെ അത്തരമൊരു വാദം ഉന്നയിച്ചിട്ടുമില്ല. ഷെജിന്റെ ഇതുവരെയുള്ള പശ്ചാത്തലവും അതല്ല. പക്ഷേ, മലയാളികളായ മുസ്ലിം യുവാക്കളെ വിവാഹം കഴിച്ച് ഐഎസിൽ ചേർന്ന് അഫ്ഗാനിസ്ഥാനിലെ ജയിലിൽ കഴിയുന്ന സോണിയ സെബാസ്റ്റ്യൻ, മെറിൻ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവയെക്കുറിച്ചൊക്കെ മലയാളികൾ ധാരാളം കേട്ടിട്ടുണ്ട്. ഒടുവിൽ അഫ്ഗാനിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകളിൽ നരകിക്കുന്ന മക്കളെ രക്ഷിക്കാൻ നിമിഷയുടെ അമ്മ ബിന്ദുവും സോണിയയുടെ പിതാവ് സെബാസ്റ്റ്യനും കേന്ദ്രസർക്കാരിനെയും സുപ്രിംകോടതിയെയുമൊക്കെ സമീപിച്ചു നടന്നതും കേരളം കണ്ടു. ആ മാതാപിതാക്കളെ സഹായിക്കാൻ മതേതര രാഷ്ട്രീയ പാർട്ടികളെയോ പുരോഗമനവാദികളെയോ ഒന്നും നാളിതുവരെ കണ്ടിട്ടുമില്ല. ഇതൊക്കെ കേരളത്തിലെ ശരാശരി മാതാപിതാക്കളെ ഭയചകിതരാക്കുന്ന കാര്യങ്ങളാണ്.
 
ക്രൈസ്തവർ ഉൾപ്പെട്ട മിക്ക വിവാദങ്ങളിലും കൃത്യമായി ഒരു പക്ഷത്ത് നിലയുറപ്പിക്കാറുള്ള കെ.ടി. ജലീൽ പറഞ്ഞത് രണ്ടു വ്യക്തികൾ തമ്മിലുള്ള വിവാഹതീരുമാനത്തെ അഖിലലോക പ്രശ്നമാക്കി അവതരിപ്പിക്കുന്ന ശൈലി പരിഷ്കൃതസമൂഹത്തിനു യോജിച്ചതല്ല എന്നാണ്. എന്തുകൊണ്ടാണ് ആയിരക്കണക്കിനു മിശ്രവിവാഹങ്ങ നടക്കുന്ന കേരളത്തിൽ വിരലിലെണ്ണാവുന്ന ചിലതിനു മാത്രം കോലാഹലമെന്നത് ചിന്തിക്കേണ്ടത് ജലീലിനെപ്പോലെയുള്ളവരാണ്. മുസ്ലിം യുവാക്കൾ ഉൾപ്പെടുന്ന മിശ്രവിവാഹങ്ങളിൽ ആശങ്കയുയർത്തുന്നത് ക്രൈസ്തവർ മാത്രമല്ല. ഹൈന്ദവ-ക്രിസ്ത്യൻ-മുസ്ലിം സമുദായങ്ങളിൽപ്പെട്ട എല്ലാ നല്ല മനുഷ്യരും ഒന്നിച്ചു ചിന്തിക്കേണ്ട കാര്യമാണിത്. അല്ലാത്തപക്ഷം, ഇസ്ലാമിക തീവ്രവാദ സംഘടനകൾ ഉയർത്തുന്ന ഭീഷണിക്ക് മുസ്ലിം സമുദായത്തിലെ നിരപരാധികൾ പഴികേൾക്കേണ്ട സാഹചര്യമുണ്ടാകും. ജോയ്സ്നയുടെ വിഷയത്തിൽ സംശയങ്ങൾ പരിഹരിക്കുകയും ദുരൂഹതയുടെ മറനീക്കുകയുമാണു ചെയ്യേണ്ടത്. അല്ലാതെ ജോയ്സ്നയുടെ നിസഹായരായ മാതാപിതാക്കളെയും ബന്ധുക്കളെയും മതത്വത്തിന്റെയോ മതസൗഹാർദത്തിന്റെയോ പേരുപറഞ്ഞു ഭയപ്പെടുത്തുകയല്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കാനന പാതയിലൂടെയുള്ള സഞ്ചാരസമയം ദീര്‍ഘിപ്പിച്ചു

ഇപി ജയരാജന്റെ പ്രവര്‍ത്തനരംഗത്തെ പോരായ്മ കൊണ്ടാണ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് എംവി ഗോവിന്ദന്‍

ഇരുരാജ്യങ്ങള്‍ തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാറുണ്ട്; ഷെയ്ഖ് ഹസീനയെ കൈമാറണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക കത്ത് അയച്ച് ബംഗ്ലാദേശ്

മദ്യവും മയക്കുമരുന്നും നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഇത്തരക്കാര്‍ക്ക് ആയുഷ്മാന്‍ ഭാരത് യോജന പദ്ധതിയുടെ ഗുണം ലഭിക്കില്ല!

അടുത്ത ലേഖനം
Show comments