ബന്ധുനിയമനം: സിപിഎം കണ്ണൂർ ലോബിയിൽ വിള്ളൽ; കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ പാര്‍ട്ടിവേദിയിലും ഒറ്റപ്പെടും
സിപിഎം കണ്ണൂർ ലോബിയിൽ വിള്ളൽ
കണ്ണൂരില്‍ ഔദ്യോഗികപക്ഷത്തിന്റെ ഉരുക്കുകോട്ടയ്ക്കുള്ളിൽ അഭിപ്രായവ്യത്യാസത്തിന്റെ വിള്ളലുകൾ രൂപപ്പെടുന്നു. വിവാദവിഷയങ്ങളിലെല്ലാം ഒരുമിച്ചു നിൽക്കാറുള്ള സിപിഎമ്മിന്റെ കണ്ണൂർ ലോബിയിലുണ്ടായ വിള്ളലാണ് ഇ.പി. ജയരാജന്റെ രാജി ബാക്കിയാക്കുന്ന രാഷ്ട്രീയചിത്രം. കണ്ണൂരിൽ നിന്നുള്ള ചില നേതാക്കളാണ് ഇന്നലെ നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇ.പി. ജയരാജനെതിരെ വിമർശനവുമായി എഴുന്നേറ്റതെന്ന് വിള്ളലുണ്ട് എന്നതിന്റെ ചിത്രം വ്യക്തമാക്കുന്നു.
വീര്യത്തിലും വിഭാഗീയതയിലും എന്നും കണ്ണൂരിലെ ഒരുവിഭാഗത്തിന്റെ മുഖം ഇ.പി. ജയരാജനായിരുന്നു. പക്ഷേ, ബന്ധുനിയമന വിവാദത്തില്‍ അതേ കണ്ണൂരില്‍നിന്നുപോലും ജയരാജന് പിന്തുണലഭിക്കുന്നില്ല. സംഘടനാപ്രശ്നമല്ലാത്തതിനാല്‍ അണികളുടെ വികാരവും അദ്ദേഹത്തിനെതിരായി മാറുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇ പി ജയരാജൻ മട്ടന്നൂർ മണ്ഡലത്തിൽ മൽസരിക്കുന്നതു തടയാൻ മുന്നിട്ടിറങ്ങിയ രണ്ടു പ്രമുഖ നേതാക്കളാണ് ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട പടയ്ക്കു കണ്ണൂരിൽ മുന്നിൽ നിന്നത്.