പ്രതിസന്ധിയിലാകുന്ന പ്രവാസം, സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക വകുപ്പ്; നവകേരള കർമ പദ്ധതി നടപ്പാക്കും, ജനകീയ മുന്നേറ്റം ആവശ്യമെന്ന് ഗവർണർ
ഇനി വരുന്നത് കൊടും വരൾച്ച; കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം
സംസ്ഥാനം നേരിടുന്നത് കൊടും വരൾച്ചയെന്ന് ഗവർണർ പി സദാശിവം നിയമസഭയിൽ. സംസ്ഥാന സർക്കാരിന്റെ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗത്തിനിടയിലാണ് കേരളം നേരിടാൻ പോകുന്നത് കൊടും വരൾച്ചയാണെന്ന് ഗവർണർ വ്യക്തമാക്കിയത്. കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചു കൊണ്ടായിരുന്നു ഗവർണറുടെ പ്രസംഗം. നോട്ട് അസാധുവാക്കൽ സാധാരനക്കാരെ ബുദ്ധിമുട്ടിലാക്കിയെന്നും സഹകരണമേഖല സ്തംഭിച്ചുവെന്നും ഗവർണർ പറഞ്ഞു.
കേന്ദ്ര സർക്കാർ തിടുക്കപ്പെട്ട് എടുത്ത തീരുമാനം തിരിച്ചടിയായി. സാധാരണക്കാർക്ക് പ്രശ്നമുണ്ടാക്കി. നോട്ട് നിരോധനം നടപ്പിലാക്കിയതു മൂലമുണ്ടായ സ്ഥിതിഗതികൾ സാധാരണ നിലയിലാകാൻ എത്ര കാലമെടുക്കുമെന്ന് ജനത്തിനറിയണമെന്നും ഗവർണർ പറഞ്ഞു. വലിയ തോതിൽ പ്രവാസികൾ സംസ്ഥാനത്തേക്ക് മടങ്ങുകയാണെന്നും ഗവർണർ വ്യക്തമാക്കി. ഇതു തൊഴിലില്ലായ്മ നിരക്ക് കൂട്ടും, പ്രവാസികൾ കൂട്ടത്തോടെ തിരിച്ചു വരുന്നത് സംസ്ഥാനത്തെ വരുമാനത്തെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുസേവനം ഉറപ്പാക്കാൻ സമഗ്രനിയമം കൊണ്ടുവരും. സുതാര്യത, ഉത്തരവാദിത്വം, കാര്യക്ഷമത എന്നിവ ഉറപ്പാക്കുമെന്നും ഗവര്‍ണര്‍ സൂചിപ്പിച്ചു. 100 സ്കൂളുകളെ രാജ്യാന്തര തലത്തിലെത്തിക്കുന്നതിന് പദ്ധതി നടപ്പിലാക്കും. റബർ കർഷകരുടെ പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കും. ആരോഗ്യ മേഖലയിൽ എല്ലാവർക്കും ചികിൽസ ഉറപ്പാക്കാൻ ആർദ്രം പദ്ധതി. ജൈവ കൃഷി പ്രോത്സാഹിപ്പിക്കും. ക്ലാസ് മുറികൾ ഡിജിറ്റലാക്കും. വിദ്യാഭ്യാസ ആരോഗ്യ മേഖലകളുടെ നിലവാരം ഉയർത്തും. തുടങ്ങിയവയായിരുന്നു നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ
ആറ് മേഖലകളെ ലക്ഷ്യമിട്ട് നവകേരള കർമ പദ്ധതി നടപ്പാക്കും. 4.32 ലക്ഷം വീടുകൾ ഭവനരഹിതർക്ക് നിർമിച്ച് നൽകും. സമ്പൂര്‍ണ സാക്ഷരതാ യജ്ഞം, അധികാര വികേന്ദ്രീകരണം, കുടുംബശ്രീ തുടങ്ങിയവ സംസ്ഥാനത്ത് വളര്‍ച്ചാ നിരക്ക് വര്‍ദ്ധിപ്പിച്ചു. വലിയൊരു ജനകീയ മുന്നേറ്റം ആവശ്യമാണെന്നും ഈ പശ്ചാത്തലത്തിലാണ് നവകേരള കര്‍മ്മ പദ്ധതിയെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
അടിസ്ഥാന സൗകര്യ മേഖല വികസിപ്പിക്കും. അഞ്ചു വർഷത്തിനുള്ളിൽ കാർഷിക സ്വയം പര്യാപ്തത നേടും. ദേശീയപാത വികസനം, സ്മാർട്ട് സിറ്റി പദ്ധതികൾ വേഗത്തിലാക്കാൻ നടപടി. സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുന്നു. അതിനെ തടയാനുളള നിരവധി പദ്ധതികള്‍ കൊണ്ടുവരും. കുടിവെള്ളം എത്തിക്കുന്നതിന് പ്രത്യേക പരിപാടികള്‍ നടപ്പിലാക്കും. കുടിവെള്ള പ്രശ്നം നേരിടാൻ കലക്ടർമാർക്ക് പ്രത്യേക ഫണ്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ സുരക്ഷക്ക് പ്രത്യേക വകുപ്പ്. എല്ലാ താലൂക്കുകളിലും വനിതാ പൊലീസ് സ്റ്റേഷൻ. ലൈംഗിക ആതിക്രമങ്ങളുടെ ഇരകളെ സഹായിക്കാൻ സമഗ്ര നഷ്ടപരിഹാര നിധി. ലൈംഗിക കുറ്റവാളികളുടെ പട്ടിക തയാറാക്കി പരസ്യപ്പെടുത്തും. നീതി ആയോഗിനോടും വിയോജിപ്പ്, പഞ്ചവൽസര പദ്ധതികൾ തുടരും.
പദ്ധതികളിൽ ദുർബല വിഭാഗങ്ങൾക്ക് മുൻഗണന. - എന്നിവയും നയപ്രഖ്യാപന പ്രസംഗത്തിലെ പ്രസക്ത തീരുമാനങ്ങളാണ്.
ഗവര്‍ണറുടെ പ്രസംഗം തടസപ്പെടുത്താതെ തന്നെ സര്‍ക്കാരിനെതിരെയുളള പ്ലക്കാര്‍ഡുകളും ബാനറുകളുമായിട്ടാണ് പ്രതിപക്ഷം പ്രതിഷേധം അറിയിച്ചത്. അരിയില്ല, പണമില്ല, പണിയില്ല, വെള്ളമില്ല എന്ന ബാനർ ഉയർത്തിപ്പിടിച്ചാണ് പ്രതിപക്ഷം സഭയിലെത്തിയത്. മാര്‍ച്ച് മൂന്നിനാണ് സര്‍ക്കാറിന്റെ രണ്ടാമത്തെ ബജറ്റ് അവതരണം.