Webdunia - Bharat's app for daily news and videos

Install App

പതിമൂന്നാം വയസില്‍ വിവാഹം, ഭാര്യ അഞ്ചാം ക്ലാസുകാരി, അധ്വാനത്തിലൂടെ ഐഎഎസ്: ഇതാണ് ടിക്കാറാം മീണ

ദുരിതം നിറഞ്ഞതായിരുന്നു പഠനകാലം.

Webdunia
തിങ്കള്‍, 6 മെയ് 2019 (15:40 IST)
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊപ്പം കേരളം ചര്‍ച്ച ചെയ്ത പേരുകളില്‍ ഒന്നാണ്  ടിക്കാറാം മീണ ഐഎഎസിന്റെത്. സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറായി നിയമിക്കപ്പെട്ട അദ്ദേഹം ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നത് സംബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തോടെയാണ് മാധ്യമങ്ങളില്‍ ഇടം പിടിക്കുന്നത്.
 
ഇതുവരെയുള്ള സര്‍വീസ് കാലയളവില്‍ കാര്യമായ പേരുദോഷം കേള്‍പ്പിക്കാത്ത വ്യക്തിയാണ് ടിക്കാറാം മീണ. കാടിനോട് ചേര്‍ന്ന് കിടക്കുന്ന രാജസ്ഥാനിലെ വികസനമെത്താത്ത ഉള്‍ഗ്രാമത്തില്‍ നിന്നാണ് ടിക്കാറാം മീണ സിവില്‍ സര്‍വീസിലെത്തുന്നത്. വഴികാട്ടിയായത് മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കണമെന്ന പിതാവിന്റെ ആഗ്രഹവും.
 
രാജസ്ഥാനിലെ സാവായ് മധോപൂര്‍ സ്വദേശിയായ ജയ് റാം മീണയുടെ ആറുമക്കളില്‍ ഇളയ മകനാണ് ടിക്കാറാം മീണ. ജവഹര്‍ ലാല്‍ നെഹ്രുവിന്റെ പ്രസംഗങ്ങളുടെ കടുത്ത ആരാധകനായിരുന്നു പിതാവ്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച നെഹ്രു നടത്തിയ പ്രസംഗങ്ങളായിരുന്നു അദ്ദേഹത്തെ ആകര്‍ഷിച്ചത്.
 
തന്റെ ആറുമക്കളില്‍ രണ്ട് പേര്‍ക്കെങ്കിലും മികച്ച വിദ്യാഭ്യാസം നല്‍കണമെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. എല്ലാ മക്കള്‍ക്കും മികച്ച വിദ്യാഭ്യാസം എന്നത് ആ കര്‍ഷകന് താങ്ങാനാവുമായിരുന്നില്ല. മുത്തമകന്‍ രത്തന്‍ ലാല്‍, ഇളയ മകന്‍ ടിക്കാറാം മീണ എന്നിവര്‍ക്കായിരുന്നു അവസരം ലഭിച്ചത്. ഇരുവരും പിന്നീട് സിവില്‍ സര്‍വീസില്‍ എത്തുകയും ചെയ്തു. മനോരമയുടെ വാർത്താ ചാനലിനെ നേരെ ചൊവ്വെ എന്ന പരിപാടിയിലൂടെയാണ് ടിക്കാറാം മീണ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. 
 
മീണയുടെ വാക്കുകളിങ്ങനെ:
 
‘ഞാനൊരു വലിയ കര്‍ഷക കുടുംബത്തിലാണ് ജനിച്ചത്. 25 അംഗങ്ങളുള്ള തറവാടാണ് ഇപ്പോഴും എന്റെ വീട്. ഞങ്ങള്‍ ആറു മക്കളാണ്. ഇതില്‍ സ്‌കൂളില്‍ പോയി പഠിച്ചത് രണ്ടുപേര്‍ മാത്രമാണ്. ബാക്കിയെല്ലാവരും നിരക്ഷരരാണ്. കാരണം അന്ന് പഠിപ്പിക്കാന്‍ പണമില്ലായിരുന്നു അച്ഛന്. ഒരു രൂപ കിട്ടിയാല്‍ അത്ര വലിയ കാര്യമെന്ന് കരുതുന്ന കാലമല്ലേ അന്ന്.
 
എന്റെ അച്ഛന് ഒപ്പിടാന്‍ പോലും അറിയില്ല. അദ്ദേഹം ഇപ്പോഴും വിരല്‍മുദ്ര പതിക്കാറാണ് പതിവ്. എന്തിന് എറെ പറയുന്നു. എന്റെ ഭാര്യ അഞ്ചാം ക്ലാസുവരെ മാത്രമാണ് പഠിച്ചിട്ടുള്ളത്. 13ആം വയസിലാണ് വിവാഹം കഴിക്കുന്നത്. അങ്ങനെ വളരെ പാവപ്പെട്ട കര്‍ഷകന്റെ കുടുംബത്തില്‍ നിന്ന് വന്നതായത് കൊണ്ട് വീട്ടില്‍ ഇപ്പോഴും നിലത്തിരുന്നാണ് ഭക്ഷണം കഴിക്കാറുള്ളത്.
 
ദുരിതം നിറഞ്ഞതായിരുന്നു പഠനകാലം. തുണി സഞ്ചിയുമായിട്ടാണ് താന്‍ സ്‌കൂളില്‍ പോയിരുന്നതെന്ന് മീണ ഒരിക്കല്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. മഴയില്‍ നിന്നും വെയിലില്‍ നിന്നും രക്ഷപ്പെടാന്‍ ഈ സഞ്ചിയും പുസ്തകങ്ങളും മാത്രമായിരുന്നു ഉപാധി.
 
വീട്ടില്‍ നിന്നും 10 കിലോ മീറ്റര്‍ അകലെയുള്ള സ്‌കൂളിലായിരുന്നു മിഡില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. പുഴയടക്കം മുറിച്ച് കടന്നുവേണമായിരുന്നു സാഹസിക യാത്ര. തന്റെ  12ആം വയസ്സില്‍ പ്രദേശത്തെ അധ്യാപകന്‍ നല്‍കിയ ഇംഗീഷ് വാക്കുകളും അര്‍ത്ഥവുമുള്ള പുസ്തകമാണ് പുതിയ ലോകം തുറന്ന് തന്നത്.
 
കന്നുകാലികളെ മേയ്ക്കാന്‍ പോവുമ്പോഴായിരുന്നു അത് വായിക്കാന്‍ സമയം കണ്ടെത്തിയത്. എന്നാല്‍ ബിഎ കോഴ്‌സിന് ചേരുന്നത് വരെ തനിക്ക് ഇംഗ്ലീഷില്‍ ഔദ്യോഗിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. സഹോദരന്‍ രത്തന്‍ ലാല്‍ ഇതിനിടെ ഐപിഎസ് നേടി. മീണ തെരഞ്ഞെടുത്തത് ഐഎഎസും. (സഹോദരന്‍ അടുത്തിടെ സര്‍വീസില്‍ നിന്നും വിരമിച്ചു). സിവില്‍ സര്‍വീസ് കിട്ടിയതോടെ ആദ്യ പോസ്റ്റിങ്ങ് ലഭിച്ചത് കേരളത്തില്‍. മലപ്പുറം സബ് കളക്ടറായിട്ടായിരുന്നു നിയമനം.
 
കേരളത്തില്‍ തന്നെ കുഴക്കിയത് ഭാഷയാണെന്നായിരുന്നു ടിക്കാ റാം മീണയുടെ ആദ്യകാല പ്രതികരണങ്ങൾ‍. എന്നാല്‍ സംസ്ഥാനത്ത് 15 വര്‍ഷത്തെ സേവനം ചെയ്ത അദ്ദേഹം മലയാളം സംസാരിക്കാന്‍ നന്നായി തന്നെ പഠിച്ചു. ഇതിന് ശേഷം ലഭിച്ച ഡെപ്യൂട്ടേഷനില്‍ 2000-2007 കാലത്ത് കേന്ദ്ര പ്ലാനിങ്ങ് കമ്മീഷന്‍, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി എന്നിവയിലും ടിക്കാ റാം മീണ അംഗമായി. സാമ്പത്തിക വിദഗ്ദനല്ലാതിരുന്ന മീണയ്ക്ക ഈ രംഗത്തെ മികച്ച വ്യക്തികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവസരമായിരുന്നു ഇത്.
 
അന്നത്തെ പ്രധാന മന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ്, റിസര്‍വ് ബാങ്ക് ഡി സുബ്ബറാവു, മൊണ്ഡേഗ് സിങ്ങ് അലുവാലിയ എന്നവരാണ് ഇതിലെ പ്രമുഖര്‍. ഇതിന് ശേഷമാണ് അദ്ദേഹം സംസ്ഥാന ആസുത്രണ ബോര്‍ഡ് ഡയറക്ടറായി കേരളത്തില്‍ തിരിച്ചെത്തുന്നത്.
 
സംസ്ഥാന കൃഷി വകുപ്പില്‍ അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീണറുടെ അധിക ചുമതലയും കാര്‍ഷിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരവെയാണ് ടിക്കാറാം മീണയെ സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ എന്ന ചുമതലയില്‍ നിയോഗിക്കപ്പെടുന്നത്. പിന്നീട് ഉണ്ടായതെല്ലാം മലയാളികള്‍ അടുത്തിടെ നേരിട്ട് കണ്ടതും കേട്ടതുമാണ്.
 
ഒരിക്കല്‍ ഒരു ഭൂവുടമ അച്ഛന്റെ നെഞ്ചില്‍ തോക്ക് വച്ച് ഭീഷണിപ്പെടുത്തി. എന്നിട്ടുപോലും അദ്ദേഹം കുലുങ്ങിയില്ല. അച്ഛന്‍ എന്നോട് എപ്പോഴും പറയും. നമ്മള്‍ എല്ലാവരും മനുഷ്യരാണ്. പേടിയും വികാരങ്ങളുമെല്ലാം നമുക്ക് ഉണ്ടാകും. ജനിച്ചാല്‍ എന്തായാലും മരിക്കണം. മരിക്കുന്നെങ്കില്‍ അഭിമന്യുവിനെ പോലെ മരിച്ചോ. ഒരു പോരാളിയായി തന്നെ മരിക്കണം. ജീവിതം ഒന്നേയുള്ളൂ..’ ഈ വാക്കുകളാണ് ഔദ്യോഗിക ജീവിതത്തിലും തന്റെ കരുത്തെന്ന് ടിക്കാറാം മീണ പറയുന്നു. നാട്ടില്‍ പോകുമ്പോള്‍ ഇപ്പോഴും ഞാന്‍ തനി കര്‍ഷകനാകും. പുഴയില്‍ പോയി നീന്തും. വീട്ടില്‍ പശുക്കളുണ്ട്. അതിനൊക്കെ ഒപ്പമാണ് എന്റെ കുടുംബം ഇപ്പോഴും ജീവിക്കുന്നതെന്നും മീണ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകം മുഴുവന്‍ അവസാനിക്കുമ്പോള്‍, അവസരം ലഭിച്ചാല്‍ ഇന്ത്യയെ രക്ഷിക്കുമെന്ന് ചാറ്റ്ജിപിടി: കാരണമിത്

ഗര്‍ഭനിരോധന കോയില്‍ പിടിച്ച് കുഞ്ഞ്, അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് ഡോക്ടര്‍

ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയാക്കാന്‍ സര്‍ക്കാര്‍; കോണ്‍ഗ്രസ് എതിര്‍ത്തേക്കും

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും

റീൽസ് എടുക്കു, ജെൻ സിയെ കയ്യിലെടുക്കു: കോൺഗ്രസ് എംഎൽഎമാർക്ക് പുതിയ നിർദേശം

അടുത്ത ലേഖനം
Show comments