എം എം മണിയെ പാര്‍ട്ടി മന്ത്രിസഭയിലേക്ക് ശുപാര്‍ശ ചെയ്തു; അദ്ദേഹത്തിന്റെ വകുപ്പ് മുഖ്യമന്ത്രി തീരുമാനിക്കും: കോടിയേരി ബാലകൃഷ്ണന്‍
കേരളത്തിൽ വർഗീയത വളർത്തുന്നത് ആർഎസ്എസും ഐഎസുമെന്ന് കോടിയേരി
ആർഎസ്എസും ഇസ്‍ലാമിക് സ്റ്റേറ്റുമാണ് കേരളത്തിൽ വർഗീയത വളർത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചാണ് വർഗീയത വളർത്തുന്നതിനായുള്ള ശ്രമങ്ങള്‍ നടക്കുന്നത്. ഇത്തരം വർഗീയതയ്ക്കെതിരെ മതനിരപേക്ഷകർ ഒന്നിക്കണമെന്നും മാധ്യമപ്രവർത്തകരോടു സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് നമ്മുടെ ആരാധനാലയങ്ങൾ വർഗീയ ശക്തികൾ കൈയടക്കുന്നത്. ഇതിനെതിരെയണ് എല്ലാ വിശ്വാസികളും ജാഗ്രത പാലിക്കേണ്ടത്. വർഗീയശക്തികൾക്കെതിരെ മുന്നിട്ടിറങ്ങി പ്രവർത്തിക്കുന്നതിനാണ് സിപിഎമ്മിന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ഇ.പി ജയരാജന്‍ രാജിവച്ച ഒഴിവിലേക്കാണ് എം.എം മണിയെ പാര്‍ട്ടി മന്ത്രിസഭയിലേക്ക് ശുപാര്‍ശ ചെയ്തത്. മണിയുടെ വകുപ്പ് ഏതാണെന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു. സഹകരണമേഖലയ്ക്കായി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിക്കണം. അതിനായുള്ള പ്രക്ഷോഭത്തിൽ മറ്റു രാഷ്ട്രീയപ്പാർട്ടികളുമായി സഹകരിക്കാൻ സിപിഎം തയാറാണെന്നും അദ്ദേഹം പറഞ്ഞു.