Webdunia - Bharat's app for daily news and videos

Install App

നോവൽ എഴുതുന്നതിൽ വിശദീകരണം ആവശ്യപ്പെട്ടു, സർക്കാർ ജോലി രാജിവെച്ച് ഫ്രാൻസിസ് നൊറോണ

Webdunia
ഞായര്‍, 2 ഏപ്രില്‍ 2023 (12:00 IST)
അനുമതിയില്ലാതെ സാഹിത്യരചന നടത്തിൽ വിശദീകരണം ആവശ്യപ്പെട്ടതിനെ തുടർന്ന് മലയാളത്തിലെ പ്രമുഖ എഴുത്തുകാരിലൊരാളായ ഫ്രാൻസിസ് നൊറോണ സർക്കാർ ജോലിയിൽ നിന്നും രാജിവെച്ചു. കോഴിക്കോട് കുടുംബക്കോടതിയിൽ സീനിയർ ക്ലർക്കായി സേവനം അനുഷ്ഠിക്കുകയായിരുന്നു നൊറോണ. അദ്ദേഹത്തിൻ്റെ പുതിയ നോവലായ മാസ്റ്റർപീസിനെതിരെ ഹൈക്കോടതിയിൽ പരാതിയുണ്ടായിരുന്നു.
 
സ്വന്തന്ത്രമായി എഴുതാനുള്ള സാഹചര്യം തനിക്ക് നഷ്ടമായെന്നും അതിനാലാണ് ജോലിയിൽ നിന്നും രാജിവെയ്ക്കുന്നതെന്നും നെറോണ തൻ്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.3 വർഷം സർവീസ് ബാക്കിനിൽക്കെയാണ് എഴുത്തുകാരൻ്റെ രാജി.നെറോണയുടെ കഥയെ ആസ്പദമാക്കി രചിച്ച കക്കുകളി എന്ന നാടകത്തിനെതിരെ പുരോഹിതന്മാരും ബിഷപ്പുമാരും രംഗത്ത് വന്നിരുന്നു. ഇതിനെ തുടർന്നാണ് മാസ്റ്റർപീസ് എന്ന നോവലിനെതിരെ ഹൈക്കോടതിയിൽ പരാതി വന്നത്.
 
നെറോണയുടെ ഫേസ്ബുക്ക് പോസ്റ്റ്
 
പ്രിയരെ,
 
ഇന്നലെ (31.3.2023) ഞാൻ സർവ്വീസിൽ നിന്ന് വിരമിച്ചു. സോഷ്യൽ മീഡിയയിൽ ഇതിനെക്കുറിച്ചുള്ള കുറിപ്പുകളും, കുറേയധികം ആളുകളുടെ അന്വേഷണവും വരുന്നതുകൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റിടുന്നത്.. 
പ്രീമെച്വർ ആയിട്ടാണ് സർവ്വീസ് അവസാനിപ്പിച്ചത്. ഞാൻ വളരെയധികം ആലോചിച്ചെടുത്ത തീരുമാനമാണിത്.. അതിൽ തന്നെ ഉറച്ചു നിൽക്കേണ്ടതിനാലാണ് രണ്ടുമൂന്നു സുഹൃത്തുക്കളോടല്ലാതെ മറ്റാരോടും പറയാതിരുന്നത്..
ഇന്നലെ(31.3.23) ഓഫീസിൽ വെച്ചു നടന്ന വിരമിക്കൽ ചടങ്ങുകളുടെ ഫോട്ടോയൊടൊപ്പം ഈ വിവരം ചില വാട്സപ്പ് ഗ്രൂപ്പുകളിൽ എത്തിയിരുന്നു.. തുടർന്നാണ് ആളുകൾ ഇതിനെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങി യത്.. ഇപ്പോൾ പല രീതിയിൽ അതിനെ വ്യാഖ്യാനം ചെയ്യുന്നതിനാൽ ഒരു വിശദീകരണം ആവശ്യമാണെന്ന് തോന്നുന്നു.
 
മാസ്റ്റർപീസ് എന്ന നോവലിനെതിരെ നൽകിയ പരാതിയുടെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഞാൻ ഈ തീരുമാനത്തിൽ എത്തിച്ചേർന്നത്.. ഒരു Rectification നൽകിയിട്ട് ജോലിയിൽ തുടരാനാണ് മേലധികാരികൾ പറഞ്ഞത്. കക്കുകളി വിവാദമായിരിക്കെ ഇനിയങ്ങോട്ടുള്ള ഔദ്യോഗിക ജീവിതവും എഴുത്തും അത്ര എളുപ്പമല്ലെന്ന് നിങ്ങൾക്കും അറിയാമല്ലോ. ഉപജീവനമാണോ അതിജീവനമാണോ തുടരുക എന്നൊരു ഘട്ടം വന്നപ്പോൾ അതിജീവനമാണ് നല്ലതെന്ന് തീരുമാനിച്ചു. എഴുത്തില്ലെങ്കിൽ എനിക്ക് ഭ്രാന്തു പിടിക്കും. ജോലി പോകുന്നത്  ബുദ്ധിമുട്ടാണ്.
 
വളരെ  ശാന്തമായി ഞാനിതെല്ലാം പറയുന്നെങ്കിലും അങ്ങനെയൊരു തീരുമാനത്തിൽ എത്താൻ കുറച്ച് കഷ്ടപ്പെടേണ്ടി വന്നു. ആരാണ് പരാതി കൊടുത്തത് എന്നതിനേക്കാൾ മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചായിരുന്നു ആശങ്ക... മാസ്റ്റർപീസ് അറംപറ്റിയ നോവലാണെന്ന് എനിക്ക് തോന്നി. ജോലി ഉപേക്ഷിച്ച് എഴുത്തിലേക്ക് വരുന്ന ഒരു എഴുത്തുകാരന്റെ ദുരിതം പിടിച്ച ജീവിതമാണ് ഞാനതിൽ പറയുന്നത്. എനിക്കും അതുപോലെ സംഭവിച്ചരിക്കുന്നു. എന്റെ കഥാപാത്രം അനുഭവിച്ച കൊടിയ വേദനയിലേക്കും ഏകാന്തതയിലേക്കും ഞാനും അകപ്പെടുന്നതുപോലെ.
 
എഴുത്തിനുള്ളിലെ എഴുത്തിനെക്കുറിച്ച്  എഴുത്തായിരുന്നു മാസ്റ്റർപീസ്.. അതു വായിച്ചിട്ട് ആർക്കാവും മുറിവേറ്റത്.. എന്തിനാവും അവരത് ചെയ്തത്..  എന്റെ ഉറക്കംപോയി.. ഞാനൊരാവർത്തി കൂടി മാസ്റ്റർപീസ് വായിക്കാനെടുത്തു.
 
ഏറ്റവും അടുത്ത ഒന്നു രണ്ടു സുഹൃത്തക്കളോട് വിവരം പറഞ്ഞു.. ചില വ്യക്തികളിലേക്ക് അവരുടെ സംശയം നീളുന്നത് കണ്ടതോടെ  ഞാൻ തകർന്നു.. കേട്ട പേരുകളെല്ലാം ഞാൻ ബഹുമാനത്തോടെ മനസ്സിൽ കൊണ്ടു നടന്നവർ.. 
രാത്രി ഉറങ്ങാനായില്ല.. അവ്യക്തമുഖവുമായി ഒരു ശത്രു ഇരുട്ടത്ത്.. അവരെന്റെ അന്നം മുടക്കി.. അടുത്ത നീക്കം എന്താണെന്ന് അറിയില്ല.. ഇതിന്റേയെല്ലാം തുടർച്ചപോലെ എന്റെ കക്കുകളി വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ടു. ഞാൻ ടാർജെറ്റ് ചെയ്യപ്പെടുന്നതുപോലെ.
 
അറവുതടിക്കുമേലെ പുസ്തകങ്ങൾ നിരത്തിയുള്ള കവർചിത്രവുമായി  മാസ്റ്റർപീസ് എന്റെ മേശപ്പുറത്ത് കിടക്കുന്നു.. കുഞ്ഞു കുഞ്ഞു തമാശകളിലൂടെ ഞാൻ പരാമർശിച്ച കുറേ മുഖങ്ങൾ എന്റെ മനസ്സിൽ തെളിഞ്ഞു.. എനിക്കെതിരെ പരാതി കൊടുക്കാൻ മാത്രം മുറിവ്  ഞാൻ ഈ പുസ്തകത്തിലൂടെ അവര്‍ക്ക് ഉണ്ടാക്കിയോ.
 
തനിച്ചിരുന്ന് ഈ  പ്രതിസന്ധിയെ മാനസീകമായി മറികടക്കാനുള്ള കരുത്തു പതുക്കെ നേടിക്കൊണ്ടി രുന്നു.. എന്റെ മേലധികാരികൾ ഉൾപ്പെടെ പ്രിയപ്പെട്ട പലരും എന്നെ ഇതിൽ നിന്ന് പിൻതിരിപ്പിക്കാൻ ശ്രമിച്ചിരുന്നു.. 
ഞാൻ എഴുതുന്നതെല്ലാം ചിലർക്ക് പൊള്ളുന്നുണ്ട്.. എന്റെ എഴുത്തിനെ എങ്ങനെയും തടയണമെന്നായിരുന്നു പരാതി കൊടുത്തുവരുടെ ലക്ഷ്യം.. ഔദ്യോഗിക ജീവിതത്തിന്റെ പരിമിതിയിൽ ഞാൻ ഒതുങ്ങുമെന്ന് അവർ കരുതിയിട്ടുണ്ടാവും..എനിക്ക് പരാതികൊടുത്തവരുടെ മുന്നിൽ തോൽക്കാൻ വയ്യ.. സർക്കാർ സേവന ത്തിൽ നിന്നും ഞാൻ പ്രീമെച്വർ ആയി ഇന്നലെ വിരമിച്ചു.. ഇതിനായുള്ള പ്രോസീജിയറുകളെല്ലാം വേഗം ചെയ്തു തന്ന എന്റെ മേലധികാരികളോട് ആദരവ്.. എനിക്ക് ആത്മബലം തന്ന പ്രിയ സുഹൃത്തുക്കൾക്ക്, കുടുംബാംഗങ്ങൾക്ക്, വായനക്കാർക്ക്.. എല്ലാവർക്കും എന്റെ സ്നേഹം..
മാസ്റ്റർപീസിന്റെ താളുകൾക്കിടിയിൽ എവിടെയോ എന്റെ അജ്ഞാത ശത്രു... വിരുന്നൊരുക്കി വീണ്ടും എന്റെ എഴുത്തുമേശ.. ഞാനെന്റെ  പേന എടുക്കട്ടെ.
 
സ്നേഹത്തോടെ
നോറോണ

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ടച്ചിങ്‌സ് നൽകിയില്ല; തൃശൂരിൽ ബാർ ജീവനക്കാരനെ കുത്തിക്കൊന്നു

Kerala Weather Updates: മഴ തകര്‍ക്കുന്നു; ശക്തമായ കാറ്റിനും സാധ്യത

Kollam Athulya Case: 'അതുല്യയുടെ വീട്ടുകാരെ തല്ലാന്‍ ഗുണ്ടകളുമായി എത്തി': സതീഷ് അത്ര വെടിപ്പല്ല, നാട്ടിലും പ്രശ്‌നക്കാരനെന്ന് അയല്‍വാസികള്‍

വാട്‌സ്ആപ്പിലൂടെ പരിവാഹന്‍ വ്യാജ ലിങ്ക് അയച്ചുള്ള തട്ടിപ്പ്; രണ്ട് പേര്‍ പിടിയില്‍

നടപടി ദേശീയ നേതൃത്വം തീരുമാനിക്കട്ടെ, തരൂരിനെ തിരുവനന്തപുരത്തെ പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കില്ല : കെ മുരളീധരൻ

അടുത്ത ലേഖനം
Show comments