Webdunia - Bharat's app for daily news and videos

Install App

ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവരെ മഹത്വവല്‍ക്കരിക്കുന്നു; ആര്‍എസ്എസിനെയും മോദിയെയും കടന്നാക്രമിച്ച് പിണറായി

ഇന്ത്യന്‍ പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തെ ആര്‍എസ്എസിനെ മഹത്വപ്പെടുത്താന്‍ ഉപയോഗിച്ചത് ആ ദിനത്തെ തന്നെ അവഹേളിക്കുന്നതിനു തുല്യമാണ്

രേണുക വേണു
ശനി, 16 ഓഗസ്റ്റ് 2025 (14:13 IST)
Pinarayi Vijayan

ബ്രിട്ടീഷുകാര്‍ക്കു പാദസേവ ചെയ്തവരെ മഹത്വവത്കരിക്കാന്‍ സ്വാതന്ത്ര്യദിനം തിരഞ്ഞെടുത്തത് സ്വാതന്ത്ര്യസമരത്തെ അപമാനിക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ അപഹാസ്യ നടപടികൊണ്ടൊന്നും ആര്‍എസ്എസിനെ പോലെ വിഭജന രാഷ്ട്രീയത്തിന്റെ വിഷലിപ്തമായ ചരിത്രമുള്ള വര്‍ഗീയ സംഘടനയെ വെള്ളപൂശാനാവില്ലെന്നും പിണറായി പറഞ്ഞു. 
 
പിണറായി വിജയന്റെ വാക്കുകള്‍: 
 
ഗാന്ധി വധത്തെത്തുടര്‍ന്നു നിരോധിക്കപ്പെട്ട ആര്‍എസ്എസിനും വധഗൂഢാലോചനയില്‍ വിചാരണ നേരിട്ട വിഡി സവര്‍ക്കര്‍ക്കും സ്വാതന്ത്ര്യത്തിന്റെ പിതൃത്വം ചാര്‍ത്തി കൊടുക്കാനുള്ള ശ്രമം ചരിത്ര നിഷേധമാണ്. ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവരെ മഹത്വവല്‍ക്കരിക്കാന്‍ സ്വാതന്ത്ര്യദിനം തന്നെ തെരഞ്ഞെടുത്തത് സ്വാതന്ത്ര്യസമരത്തെ അപമാനിക്കാനാണ്. ഈ അപഹാസ്യ നടപടികള്‍ കൊണ്ടൊന്നും ആര്‍എസ്എസിനെപ്പോലെ വിഭജന രാഷ്ട്രീയത്തിന്റെ വിഷലിപ്തമായ ചരിത്രമുള്ള വര്‍ഗ്ഗീയ സംഘടനയെ വെള്ളപൂശാനാവില്ല. 
 
ഇന്ത്യന്‍ പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തെ ആര്‍എസ്എസിനെ മഹത്വപ്പെടുത്താന്‍ ഉപയോഗിച്ചത് ആ ദിനത്തെ തന്നെ അവഹേളിക്കുന്നതിനു തുല്യമാണ്. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിനാശംസാ കാര്‍ഡില്‍ മഹാത്മാ ഗാന്ധിക്ക് മുകളില്‍ വി.ഡി.സവര്‍ക്കറെ പ്രതിഷ്ഠിച്ചത് കൂട്ടി വായിക്കുമ്പോള്‍ വിപുലമായ ഗൂഢാലോചനയുടെ ഭാഗമാണ് ഇതൊക്കെ എന്നാണ് തെളിയിയുന്നത്. സ്വാതന്ത്ര്യസമര ചരിത്രത്തെ ഭയപ്പെടുന്നവരുടെ വെപ്രാളമാണ് പ്രകടമാകുന്നത്.
 
ജാതി, മത, വേഷ, ഭാഷാ വ്യത്യാസങ്ങള്‍ക്കതീതമായി ഇന്ത്യക്കാര്‍ ഒരുമിച്ചാണ് ദേശീയ സ്വാതന്ത്ര്യസമരത്തില്‍ അണിചേര്‍ന്നത്. ഒറ്റുകാരുടെ വേഷമായിരുന്നു അന്ന് ആര്‍എസ്എസിന്. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ അടിസ്ഥാന പ്രത്യയശാസ്ത്ര സങ്കല്പങ്ങളോട് പരസ്യമായി വിപ്രതിപത്തി പ്രകടിപ്പിച്ചവരാണ് ആര്‍എസ്എസ്. നാനാത്വത്തില്‍ ഏകത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യന്‍ ദേശീയതയ്ക്ക് പകരം ഭൂരിപക്ഷ വര്‍ഗ്ഗീയതയിലൂന്നിയ ഹിന്ദുത്വ ദേശീയതയെയാണ് അവര്‍ ഉയര്‍ത്തിപ്പിടിച്ചത്. 1949 നവംബര്‍ 26 ന് കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി ഇന്ത്യയുടെ ഭരണഘടനയ്ക്ക് അന്തിമ അംഗീകാരം നല്‍കിയപ്പോള്‍ ഭരണഘടനയ്ക്കു പകരം മനുസ്മൃതിയെ ഉയര്‍ത്തിപ്പിടിക്കണമെന്നാണ് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ മുഖപ്രസംഗം എഴുതിയത്.
 
കൊളോണിയല്‍ ഭരണകൂടത്തിനു മുന്നില്‍ സാഷ്ടാംഗപ്രണാമം നടത്തി മാപ്പിരന്ന വി.ഡി.സവര്‍ക്കര്‍ അധ്യക്ഷനായുള്ള ഹിന്ദുമഹാസഭ 1947 ആഗസ്റ്റ് 15-ന്റെ സ്വാതന്ത്രദിന ആഘോഷങ്ങള്‍ ബഹിഷ്‌കരിക്കുവാനാണ് തീരുമാനിച്ചത്. ഇതേ സവര്‍ക്കറിനെയാണ് മഹാത്മാ ഗാന്ധിയ്ക്കു പകരം സ്വാതന്ത്ര്യസമര നായകനായി സംഘപരിവാര്‍ എഴുന്നള്ളിക്കുന്നത്. 
 
സ്വാതന്ത്ര്യസമര ഘട്ടങ്ങളിലാകെ അതിനോട് പിന്തിരിഞ്ഞു നിന്ന ആര്‍എസ്എസ്, ദേശീയ പ്രസ്ഥാനത്തില്‍ തങ്ങള്‍ക്കും പങ്കുണ്ടെന്നു സ്ഥാപിച്ചെടുക്കാനുള്ള വ്യാജ ആഖ്യാനങ്ങളിലാണ് വ്യാപൃതരാവുന്നത്. പുന്നപ്ര-വയലാറില്‍ വെടിയേറ്റുവീണ അനശ്വര രക്തസാക്ഷികളെയും വാഗണ്‍ കൂട്ടക്കൊലയില്‍ മരിച്ചുവീണ ധീര രക്തസാക്ഷികളെയും സ്വാതന്ത്ര്യസമരസേനാനികളുടെ പട്ടികയില്‍ നിന്നുമൊഴിവാക്കാന്‍ വ്യഗ്രത കാട്ടിയവരാണ് ഇപ്പോള്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കുപറ്റാന്‍ വരുന്നത് എന്നു കാണണം. ആഗസ്ത് 14 ന് വിഭജനഭീതിയുടെ ഓര്‍മ്മദിനമാചരിക്കാന്‍ ആഹ്വാനം ചെയ്തവര്‍ക്ക് സ്വാതന്ത്ര്യദിനത്തോട് എന്തു മതിപ്പാണുള്ളത്?
 
വെറുപ്പിന്റെയും വര്‍ഗീയതയുടെയും കലാപങ്ങളുടെയും വിഴുപ്പു ഭാരമാണ് ആര്‍എസ്എസ് പേറുന്നത്. മനുഷ്യത്വ വിരുദ്ധമായ വിഭാഗീയതയുടെ പ്രത്യയശാസ്ത്രം ചുമന്നു നടക്കുന്നവര്‍ക്ക് കയ്യിട്ടു വാരാനുള്ളതല്ല ഇന്ത്യയുടെ മഹിതമായ സ്വാതന്ത്ര്യ സമര ചരിത്രം. അത്തരക്കാരുമായി തുല്യപ്പെടുത്താന്‍ ഉള്ളതല്ല ഗാന്ധിജിയുടെയും ഭഗത് സിംഗിന്റെയും രക്തസാക്ഷികളുടെയും സ്മരണ. മനുഷ്യ സ്‌നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും ചരിത്രത്തെ കുഴിച്ചുമൂടി വെറുപ്പിനെ പകരം വെക്കാനുള്ള ഏതു നീക്കത്തെയും രാജ്യം ഒറ്റക്കെട്ടായി നിന്ന് നേരിടേണ്ടതുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Breaking News: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Rahul Mamkootathil: ആരോപണം ഉന്നയിച്ച യുവതിക്കെതിരെ വാര്‍ത്താസമ്മേളനം നടത്താന്‍ രാഹുലിന്റെ പദ്ധതി; തടഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം

അക്രമകാരികളായ നായയെ എന്തുചെയ്യും; പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അറിയാം

'നിന്നെ രക്ഷിക്കാൻ എനിക്ക് ഒന്നും ചെയ്യാനായില്ല'; ഉള്ളുനീറി മകന്റെ ശവകുടീരത്തിനരികെ സെലീന ജെയ്റ്റ്‌ലി

പുതിയ നിയമങ്ങള്‍: പഴയ വാഹനങ്ങള്‍ക്ക് 20 വര്‍ഷത്തേക്ക് സാധുത ഉണ്ടായിരിക്കും, പക്ഷേ WI രജിസ്‌ട്രേഷന്‍ ഫീസായി നിങ്ങള്‍ വലിയ തുക നല്‍കേണ്ടിവരും

അടുത്ത ലേഖനം
Show comments