Kerala Weather: പതുക്കെ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകള്‍ക്ക് മുന്നറിയിപ്പ്

മഴയ്‌ക്കൊപ്പം ഇടിമിന്നലും ഉണ്ടാകുന്ന സാഹചര്യമാണുള്ളത്. അതിനാല്‍ അതീവ ജാഗ്രത പാലിക്കണം

രേണുക വേണു
ബുധന്‍, 30 ഏപ്രില്‍ 2025 (14:58 IST)
Kerala Weather: സംസ്ഥാനത്ത് വേനല്‍മഴ ശക്തമായേക്കുമെന്ന് മുന്നറിയിപ്പ്. നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്. 
 
മഴയ്‌ക്കൊപ്പം ഇടിമിന്നലും ഉണ്ടാകുന്ന സാഹചര്യമാണുള്ളത്. അതിനാല്‍ അതീവ ജാഗ്രത പാലിക്കണം. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും, വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.
 
- ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍, ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
 
- ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
 
- ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
 
- ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
 
- കുട്ടികള്‍, അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും ടെറസിലും കളിക്കുന്നത് ഒഴിവാക്കുക.
 
- ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.
 
- ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.
 
- മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേയ്‌ക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
 
- കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.
 
- ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
 
- ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാന്‍ പാടില്ല. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മല്‍സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ കാര്യങ്ങള്‍ നിര്‍ത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിര്‍ത്തി വെക്കണം.
 
- പട്ടം പറത്തുന്നത് ഒഴിവാക്കുക.
 
- ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
 
- വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റിക്കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങള്‍ക്ക് ഇടിമിന്നലേല്‍ക്കാന്‍ കാരണമായേക്കാം.
 
- അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാന്‍ സാധിക്കാത്ത വിധത്തില്‍ നിങ്ങള്‍ തുറസായ സ്ഥലത്താണങ്കില്‍, പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
 
- ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രൊട്ടക്ടര്‍ ഘടിപ്പിയ്ക്കാം.
 
- മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഉണ്ടായിരിയ്ക്കില്ല എന്ന് അറിഞ്ഞിരിയ്ക്കുക. അതിനാല്‍ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്. മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്‍ഡ് ജീവന്‍ രക്ഷിക്കാനുള്ള സുവര്‍ണ നിമിഷങ്ങളാണ്. ആ സമയം പാഴാക്കാതെ മിന്നലേറ്റ ആളിന് എത്രയും വൈദ്യ സഹായം എത്തിച്ചാല്‍ അയാളുടെ ജീവന്‍ രക്ഷിയ്ക്കാന്‍ സാധിച്ചേയ്ക്കാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് നാല്‍പതോളം ഇന്ത്യക്കാര്‍ക്കു ദാരുണാന്ത്യം

ബിഎല്‍ഒവിന്റെ ആത്മഹത്യ; ഇന്ന് ബിഎല്‍ഒമാര്‍ ജോലി ബഹിഷ്‌കരിക്കും

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Sabarimala: ഇനി ശരണംവിളിയുടെ പുണ്യനാളുകള്‍; വൃശ്ചിക പുലരിയില്‍ നട തുറന്നു

സഹോദരികൾ അടുത്തടുത്ത വാർഡുകളിൽ മത്സരം, പക്ഷെ എതിർ ചേരികളിലാണ് എന്നു മാത്രം

അടുത്ത ലേഖനം
Show comments