Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആഷര്‍ വീണ്ടും കേരളത്തിലെത്തിയപ്പോള്‍

ആഷര്‍ വീണ്ടും കേരളത്തിലെത്തിയപ്പോള്‍
WDFILE
പ്രശസ്ത ബഹുഭാഷ പണ്ഡിതന്‍ ആര്‍.ഇ. ആഷര്‍ വീണ്ടും കേരളത്തിലെത്തി. തുഞ്ചന്‍ ഉത്സവവും ബഷീര്‍ ജന്മ ശതാബ്‌ദിയും ഉദ്‌ഘാടനം ചെയ്യുന്നതിനു വേണ്ടിയാണ് വിദേശിയായ ആഷര്‍ വീണ്ടും ദൈവത്തിന്‍റെ സ്വന്തം നാട്ടിലെത്തിയത്.

ബേപ്പൂര്‍ സുല്‍ത്താന്‍റെ മാധുര്യമേറുന്ന മലയാള കൃതികള്‍ ഇംഗ്ലീഷിലും ഫ്രഞ്ചിലും മൊഴിമാറ്റം ചെയ്തത് ആഷറായിരുന്നു. ഉദ്‌ഘാടന കര്‍മ്മം നിര്‍വഹിച്ച ശേഷം പച്ച മലയാളത്തിലാണ് ആഷര്‍ സംസാരിച്ചത്.

മനുഷ്യ പ്രകൃതത്തെ സത്യസന്ധമായി തന്‍റെ കഥകളില്‍ അവതരിപ്പിച്ചുവെന്നതാണ് ബഷീറിനെ മറ്റു സാഹിത്യകാരന്‍‌മാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നതെന്ന് ആഷര്‍ പറഞ്ഞു.

അദ്ദേഹത്തിന്‍റെ ചിന്തകളിലെ മൌലികതകൊണ്ടാണ് അദ്ദേഹം ലോക നിലവാരത്തിലുള്ള സാഹിത്യകാരനായി മാറിയതെന്നും ആഷര്‍ പറഞ്ഞു. മാനവരാശിയുടെ വേദനയോടെയുള്ള മന്ദഹാസമാണ് ബഷീര്‍ കൃതികള്‍ എന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു കൊണ്ട് തുഞ്ചന്‍ സ്‌മാരക് ട്രസ്റ്റ് ചെയര്‍മാന്‍ എം.ടി.വാസുദേവന്‍ നായര്‍ പറഞ്ഞു.

‘ഏകാന്തതയുടെ മഹാതീരങ്ങളില്‍ സഞ്ചരിച്ചുകൊണ്ട് വിസ്‌മയിപ്പിക്കുന്നതും ചിരിപ്പിക്കുന്നതും നിഗൂഡമായി ദു:ഖിപ്പിക്കുന്നതുമായ കൃതികള്‍ അദ്ദേഹം സൃഷ്‌ടിച്ചു. ഏറെക്കാലം നിശബ്‌ദത പാലിച്ച് പിന്നീട് അതിനെയൊക്കെ തട്ടിമാറ്റി വിശിഷ്‌ടമായ ഒരു രചനയുമായി കടന്നു വരികയാണ് അദ്ദേഹത്തിന്‍റെ രീതി;‘എം.ടി പറഞ്ഞു.

ബഷീറിന്‍റെ ജന്‌മദിനത്തിന്‍റെ നൂറാം വാര്‍ഷികം അവഗണിച്ചു കൊണ്ടാണ് നാലുകെട്ടിന്‍റെ അന്‍‌പതാം വാര്‍ഷികം ആഘോഷിക്കുന്നതെന്ന് എം.വി.ദേവന്‍ ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം ബഷീറിന്‍റെ ജന്മദിനവര്‍ഷത്തിലുള്ള ആശയക്കുഴപ്പമാണ് അദ്ദേഹത്തിന്‍റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നതെന്ന് കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ എം.മുകുന്ദന്‍ പറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam