Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒറ്റദിവസം കൊണ്ട് സൃഷ്ടിച്ചതാണ് ഭരതം, 25 വര്‍ഷത്തെ തിളക്കം, കല്ലൂര്‍ ഗോപിനാഥനെ എങ്ങനെ മറക്കും?

ഭരതത്തിന് 25 വയസ്!

ഒറ്റദിവസം കൊണ്ട് സൃഷ്ടിച്ചതാണ് ഭരതം, 25 വര്‍ഷത്തെ തിളക്കം, കല്ലൂര്‍ ഗോപിനാഥനെ എങ്ങനെ മറക്കും?
, ബുധന്‍, 30 മാര്‍ച്ച് 2016 (16:03 IST)
മലയാളത്തിലെ ക്ലാസിക് ചിത്രമായ ‘ഭരതം’ 25 വര്‍ഷം പൂര്‍ത്തിയാകുന്നു. 1992 മാര്‍ച്ച് 29നായിരുന്നു ആ ചിത്രം റിലീസ് ചെയ്തത്. ഇന്നും മലയാളികള്‍ പറഞ്ഞറിയിക്കാനാവാത്ത ഹൃദയവികാരത്തോടെ കാണുന്ന സിനിമയാണ് ഭരതം. ലോഹിതദാസിന്‍റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത സിനിമ. 
 
ജ്യേഷ്ഠന്‍റെ ചിതയില്‍ ചവിട്ടിനിന്ന് ‘രാമകഥ’ പാടുന്ന കല്ലൂര്‍ ഗോപിനാഥന്‍റെ വ്യഥയില്‍ ഏവരും വേദനിച്ചു. ഒന്നു പൊട്ടിക്കരയാന്‍ പോലുമാകാതെ, ഉമിത്തീയിലെന്നവണ്ണം നീറി നില്‍ക്കുന്ന ഗോപിനാഥന്‍ മോഹന്‍ലാല്‍ ജീവന്‍ പകര്‍ന്ന ഏറ്റവും നല്ല കഥാപാത്രമാണ്. അയാളെപ്പോലെ ഒരു അനുജനെ ഏത് ജ്യേഷ്ഠനും ആഗ്രഹിക്കും. അയാളെപ്പോലെ ഒരു മകനെ ഏത് അമ്മയും ആഗ്രഹിക്കും.
 
സിബിക്കു വേണ്ടി അടുത്തതായി ചെയ്യുന്ന സിനിമയ്ക്ക് ഒരു കഥ ആലോചിച്ചുവച്ചു ലോഹി. എല്ലാ കാര്യങ്ങളും തീരുമാനിച്ചു. ആര്‍ട്ടിസ്റ്റുകളെ നിശ്ചയിച്ചു. മോഹന്‍ലാലും നെടുമുടിയും ഉര്‍വശിയും ഉള്‍പ്പടെയുള്ള താരനിര. ഷൂട്ടിംഗ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ കഥയ്ക്ക് പഴയ ഒരു സിനിമാക്കഥയോട് സാമ്യമുണ്ട് എന്ന് തിരിച്ചറിയുന്നു. ബാലചന്ദ്രമേനോന്‍റെ ഒരു സിനിമയുടെ കഥയുമായി വളരെ അടുത്ത സാമ്യം. അത് വലിയ ഞെട്ടലായിരുന്നു എല്ലാവര്‍ക്കും.
 
ഇനി എന്ത് ചെയ്യും? രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഷൂട്ടിംഗ് തുടങ്ങണം. പ്രൊജക്ട് വേണ്ടെന്നുവച്ചാല്‍ വലിയ നഷ്ടമുണ്ടാകും. എന്തായാലും കൂടുതല്‍ ആരെയും ഇക്കാര്യം അറിയിക്കാതെ മറ്റൊരു കഥ ആലോചിക്കാന്‍ സിബിയും ലോഹിയും തീരുമാനിച്ചു. അടുത്തിടെ കണ്ട ഒരു പത്രവാര്‍ത്ത ലോഹിയുടെ മനസില്‍ ഉടക്കിയിരുന്നു. അടുത്ത ബന്ധുവിന്‍റെ മരണവിവരം മറച്ചുവച്ചുകൊണ്ട് ഒരു വീട്ടില്‍ നടന്ന വിവാഹത്തിന്‍റെ വാര്‍ത്ത. അതിനൊപ്പം രണ്ട് സംഗീതജ്ഞരുടെ കഥയും കൂടി ചേര്‍ത്തുവച്ചപ്പോള്‍ മനസില്‍ നോവുപടര്‍ത്തുന്ന ഒരു കഥ പിറന്നു. 
 
കല്ലൂര്‍ ഗോപിനാഥന്‍റെയും രാമനാഥന്‍റെയും ജീവിതത്തിലെ സംഘര്‍ഷഭൂമിയിലൂടെ നടക്കുന്ന പ്രേക്ഷകര്‍ക്കറിയുമോ അതു വെറും ഒരു ദിവസത്തിന്‍റെ ആയുസുകൊണ്ട് ലോഹിയെന്ന മാജിക്കുകാരന്‍ സൃഷ്ടിച്ച അത്ഭുതമാണെന്ന്. അതുകൊണ്ടുതന്നെയാണ് ഉര്‍വശി പറഞ്ഞത്, ശൂന്യതയില്‍ നിന്ന് ഒരു ‘ഭരതം’ സൃഷ്ടിക്കാന്‍ ലോഹിക്ക് മാത്രമേ കഴിയൂ എന്ന്.
 
ചിത്രത്തിലെ അഭിനയത്തിന് മോഹന്‍ലാലിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. എന്നാല്‍ ആ അവാര്‍ഡ് നെടുമുടിവേണുവിനായിരുന്നു ലഭിക്കേണ്ടിയിരുന്നത് എന്ന് അഭിപ്രായപ്പെട്ടവരും ഏറെയാണ്. കല്ലൂര്‍ ഗോപിനാഥനേക്കാള്‍ പലപ്പോഴും തിളങ്ങിയതും ഉള്ളില്‍ തട്ടിയതും കല്ലൂര്‍ രാമനാഥനായിരുന്നു എന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍, അതിന് നെടുമുടിവേണു തന്നെ മറുപടി പറഞ്ഞിട്ടുണ്ട് - രാമനാഥന് സഞ്ചരിക്കാന്‍ ഒരു പാതയേ ഉള്ളൂ. ഗോപിനാഥന്‍ അങ്ങനെയല്ല. അയാള്‍ പലപ്പോഴും ജീവിതത്തിന്‍റെ നൂല്‍പ്പാലത്തിലൂടെയാണ് സഞ്ചരിക്കുന്നത്. 
 
പ്രണവം ആര്‍ട്സിന്‍റെ ബാനറില്‍ മോഹന്‍ലാല്‍ നിര്‍മ്മിച്ച ഭരതം 25 വര്‍ഷത്തിന് ശേഷവും ഉള്ളുപൊള്ളിക്കുന്ന ഓര്‍മ്മയായി ഓരോ മലയാളിയും നെഞ്ചിലേറ്റുന്നു. 

Share this Story:

Follow Webdunia malayalam