Select Your Language

Notifications

webdunia
webdunia
webdunia
webdunia

അയ്യപ്പനെ കണ്ടുമുട്ടിയപ്പോള്‍

ശ്രീഹരി പുറനാട്ടുകര

അയ്യപ്പനെ കണ്ടുമുട്ടിയപ്പോള്‍
, തിങ്കള്‍, 1 ഒക്‌ടോബര്‍ 2007 (17:35 IST)
FILEFILE
തിരുവനന്തപുരത്ത് ട്രെയിനിറങ്ങിയപ്പോള്‍ സമയം 4.30. മാതൃഭൂമി പത്രം മേടിച്ച് വായന ആരംഭിച്ചു. മുന്‍‌പിലൂടെ ഒരാള്‍ വേഗത്തില്‍ നടന്നു പോകുന്നതു കണ്ടു. നോക്കിയപ്പോള്‍ എ.അയ്യപ്പന്‍. ബാഗെടുത്ത് പിറകെ വെച്ചടിച്ചു. ‘അയ്യപ്പേട്ടാ ആശുപത്രിയില്‍ നിന്ന് എന്നാണ് പോന്നത്?‘. ‘രണ്ട് ആഴ്‌ചയായി.ഒരാഴ്‌ച കോഴിക്കോട് കറങ്ങി. പിന്നെ ഒഡേസ ജെന്നിയുടെ വീട്ടിലും തങ്ങി. ഇപ്പോള്‍ വരുന്ന വഴിയാണ്‘.

‘ഒരു ഇന്‍റര്‍വ്യൂ തരുമോ?’.‘വിശന്നിട്ട് വയ്യ.വല്ലതും മേടിച്ചു തരണം’. ചായയും ദോശയും അയ്യപ്പേട്ടന് മേടിച്ചു കൊടുത്തു. അപ്പോള്‍ നേമത്തെ പെങ്ങളുടെ വീട്ടിലേക്ക് വരണമെന്നായി.

ബസിലും പെങ്ങളുടെ വീടിന്‍റെ ഉമ്മറത്തുവെച്ചും അദ്ദേഹവുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്..

1 അത്യാഹിതവിഭാഗത്തില്‍ കിടക്കുമ്പോള്‍ എന്താണ് തോന്നിയത്?

ഞാന്‍ അറിയാത്ത എത്രയാളുകളാണ് എന്നെ കാണുവാന്‍ വന്നത്. പക്ഷെ ഡോക്‍ടര്‍മാര്‍ അവരെയൊന്നും കടത്തിവിട്ടില്ല. ഞാന്‍ ഏകനല്ലെന്ന ബോധം അവിടെ കിടക്കുന്ന നേരത്ത് എനിക്ക് തോന്നി. ഡോക്‍ടര്‍മാര്‍ സ്‌നേഹപൂര്‍വ്വം പറഞ്ഞു.’ഇനി കുടിക്കരുത്. കരള്‍ ഇനി അധികം ബാക്കിയില്ല.നിങ്ങള്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നതു തന്നെ അദ്‌ഭുതമാണ്. ഈ സ്‌നേഹമെല്ലാം അനുഭവിച്ചപ്പോള്‍ ഞാന്‍ എന്‍റെ രോഗം മറന്നു. രോഗശയ്യയില്‍ കിടക്കുമ്പോഴും ഞാന്‍ കവിതയെഴുതി

2 ചികിത്സ ചെലവ്?
കേരള സര്‍ക്കാര്‍ കുറച്ച് പണം നല്‍കിയിരുന്നു. പിന്നെയുള്ള ചെലവ് ഒഡേസ ജെന്നിയാണ് വഹിച്ചത്.

3 ഡി.വിനയചന്ദ്രന്‍ ആശുപത്രിയിലേക്ക് കാണാന്‍ വന്നിരുന്നോ?

വിനയനും കാനായി കുഞ്ഞിരാമനും കാണാന്‍ വന്നിരുന്നു

4 കൂട്ടിന് ആരെങ്കിലും സ്വന്തമായി വേണമെന്ന് തോന്നി തുടങ്ങിയിട്ടുണ്ടോ?

ഇപ്പോള്‍ കുറച്ച് തോന്നി തുടങ്ങിയിരിക്കുന്നു. സ്വന്തമായി എന്തെങ്കിലുമൊക്കെ ജീവിതത്തില്‍ വേണമായിരുന്നുവെന്ന് തോന്നുന്നു.


5 ഡോക്‍ടര്‍മാര്‍ പറഞ്ഞ സ്ഥിതിക്ക് മദ്യപിക്കുന്നത് നിറുത്തണമെന്ന് തോന്നിയിട്ടുണ്ടോ?

നല്ല ചോദ്യം. മോനെ മദ്യം ഇല്ലെങ്കില്‍ ഞാനില്ല.കവിതയില്ല. ജീവിതമില്ല. ഇന്ന് രാവിലെ അഞ്ചു മണിക്കു തന്നെ ഞാന്‍ രണ്ട് പെഗ് അകത്താക്കി

6 ഈ അലച്ചിലുകള്‍ എന്തു നല്‍കി?

എനിക്ക് എന്തുണ്ടോ അതൊക്കെ. ഈ അലച്ചില്‍ ഇല്ലാതെ എനിക്ക് ഒന്നും സംഭാവന ചെയ്യുവാന്‍ കഴിയില്ല.

7 പണ്ട് ‘കാരമസോവ് സഹോദരന്മാര്‍‘ ഒരു പാട് തവണ വായിച്ചതിനെക്കുറിച്ച് പറഞ്ഞിരുന്നല്ലോ?. ഇപ്പോഴത്തെ വായനയെക്കുറിച്ച്?

പഴയപുസ്തകങ്ങള്‍ ആവര്‍ത്തിച്ച് വായിക്കുന്നു അത്രമാത്രം. കിഴവനും കടലും, കുട്ടികൃഷ്‌ണമാരാറുടെ വിമര്‍ശനങ്ങളും ഒരു പാടു തവണയായി ആവര്‍ത്തിച്ചു വായിച്ചു കൊണ്ടിരിക്കുന്നു.

8 കറങ്ങാന്‍ പോകുമ്പോള്‍ സഹോദരിയോട് പറയാറുണ്ടോ?

ലക്ഷ്‌മിയോട് ഞാനൊന്നും പറയാറില്ല. ഏതു പാതിരാത്രിക്കു മുട്ടിയാലും അവള്‍ വാതില്‍ തുറന്നു തരും

Share this Story:

Follow Webdunia malayalam