Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ദുബായ്പ്പുഴ‘യുടെ കഥാകാരന്‍ സംസാരിക്കുന്നു

‘ദുബായ്പ്പുഴ‘യുടെ കഥാകാരന്‍ സംസാരിക്കുന്നു
, ബുധന്‍, 19 സെപ്‌റ്റംബര്‍ 2007 (18:05 IST)
FILEFILE
2001 ലാണ് കൃഷ്‌ണദാസിന്‍റെ ‘ദുബായ്പ്പുഴ’ പുറത്തിറങ്ങിയത്.പ്രവാസ ജീവിതത്തിന്‍റെ ചൂടും ചൂരും ഏറ്റുവാങ്ങിയ കൃതിയായിരുന്നു അത് . പിന്നീട്, കൃഷ്‌ണദാസ് നീണ്ട മൌനത്തിലായിരുന്നു.കൃഷ്‌ണദാസുമായി വെബ്‌ദുനിയ നടത്തിയ അഭിമുഖത്തില്‍ നിന്ന്.


1 2001ല്‍ ‘ദുബായ്‌പ്പുഴ‘ എഴുതിയതിനു ശേഷം താങ്കള്‍ ഒന്നും എഴുതിയില്ല . എന്തായിരുന്നു കാരണം?.

വളരെയധികം പൂര്‍ണ്ണത ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്‍റെ മനസ്സില്‍ ഒരു പാട് അനുഭവങ്ങളുണ്ട്. അവ നല്ല രീതിയില്‍ ചെത്തിമിനുക്കി കടലാസിലേക്ക് പകര്‍ത്തണമെങ്കില്‍ കുറച്ച് അധികം സമയം വേണം. ‘ദു‌ബായ്പ്പുഴ‘യുടെ രചനക്ക് ശേഷം ‘ഗ്രീന്‍ ബുക്സി‘ന്‍റെ പ്രവര്‍ത്തനങ്ങളിലേക്ക് കൂടുതല്‍ വ്യാപൃതനായി. പലപ്പോഴും ആലോചിച്ചിട്ടുണ്ട് എഴുതി തുടങ്ങിയാലോയെന്ന് പക്ഷെ സമയ കുറവ് പലപ്പോഴും വില്ലനായി കടന്നു വരുന്നു.

2 പ്രവാസ ജീവിതം താങ്കള്‍ക്ക് ‘ദുബായ്‌പ്പുഴ‘എഴുതുന്നതിനോടുള്ള പ്രചോദനം നല്‍കി. കേരളത്തിലെ ജീവിതം താങ്കള്‍ക്ക് എഴുതുന്നതിനുള്ള പ്രചോദനം നല്‍കിയിട്ടില്ലേ?

എഴുത്തിനുള്ള ബീജം എവിടെ ജീവിച്ചാലും കിട്ടും. കേരളത്തിലെ തെരുവുകളും ചന്തകളും രാഷ്‌ട്രീയ പ്രബുദ്ധതയും എല്ലാം എഴുത്തിനുള്ള പ്രചോദനം നല്‍കിയിട്ടുണ്ട്. പിന്നെ എഴുതാതെയിരിക്കുന്നതിനുള്ള പ്രധാന കാരണം മുമ്പ് പറഞ്ഞ സമയ കുറവാണ്.

3 പ്രതീക്ഷകള്‍ക്ക് അപ്പുറത്തുള്ള കഷ്‌ടപ്പാടുകള്‍ നിറഞ്ഞ പ്രവാസം ജീവിതം വരച്ചു കാട്ടുന്ന സിനിമയാണ് ‘അറബികഥ‘. താങ്കള്‍ ഒരു ഇടതുപക്ഷ അനുഭാവിയാണ്. ‘അറബികഥ‘യിലെ ക്യൂബമുകുന്ദന്‍റെ അവസ്ഥയിലൂടെ താങ്കള്‍ കടന്നു പോയിട്ടുണ്ടോ?.

വിമോചന സ്വപ്‌നങ്ങള്‍ എന്നിലും ഉണ്ടായിരുന്നു.സമത്വസുന്ദരമായ സമൂഹത്തിനു വേണ്ടി ഒരു പാട് ആഗ്രഹിച്ചിരുന്നു. വിയറ്റ്‌‌നാമില്‍ ഇടതുപക്ഷ മുന്നേറ്റം ഉണ്ടായപ്പോള്‍ വളരെയധികം സന്തോഷിച്ചിരുന്നു.വിയറ്റ്‌നാമില്‍ മാത്രമല്ല. ലോകത്ത് എവിടെയും ഇടതുപക്ഷ മുന്നേറ്റം ഉണ്ടായപ്പോള്‍ വളരെയധികം സന്തോഷിച്ചിരുന്നു.പിന്നീട്, സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ വളരെയധികം ദു:ഖിച്ചു. ഇടതുപക്ഷത്തിനുണ്ടാകുന്ന ഓരോ തകര്‍ച്ചയും എനിക്കുണ്ടാകുന്ന തകര്‍ച്ചയായിട്ടാണ് ഞാന്‍ കരുതുന്നത്.

4 അടുത്തകാലത്ത് മനസ്സിനെ വളരെയധികം സ്വാധീനിച്ച ഓര്‍മ്മക്കുറിപ്പ്?

പാര്‍വതി പവനന്‍റെ ‘പവനപര്‍വ്വം‘ വളരെയധികം സ്വാധീനിച്ചിരുന്നു. രൂപത്തിലും ഭാവത്തിലും അത് വളരെയധികം പ്രത്യേകതയുള്ളതായിരുന്നു.

5 ബാബു ഭരദ്വാജിന്‍റെ പ്രവാ‍സ കുറിപ്പുകളെക്കുറിച്ച്?

ഭരദ്വാജിന്‍റെ പ്രവാസകുറിപ്പുകള്‍ക്ക് ഒരു തുടര്‍ച്ചയില്ല. ചിതറി കിടക്കുന്ന കുറച്ച് ഓര്‍മ്മകള്‍ക്ക് അദ്ദേഹം നിരത്തിവെക്കുന്നുവെന്ന് മാത്രം.ഇത് എന്‍റെ മാത്രം അഭിപ്രായമായിരിക്കാം.


6 ‘ദുബായ്പ്പുഴ‘യില്‍ താങ്കളുടെ ഭാവന പ്രവൃത്തിച്ചിട്ടുണ്ടോ?
ഇല്ല. നൂറു ശതമാനം സത്യസന്ധമായി അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ഞാനെഴുതിയ കൃതിയാണ് ‘ ദുബായ്‌പ്പുഴ‘

7 ഇന്നത്തെ പ്രവാസ ജീവിതവും താങ്കളുടെ കാലത്തെ പ്രവാസ ജീവിതത്തേയും എങ്ങനെ കാണുന്നു?

ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ ഗള്‍ഫ് നമ്മുടെ കൈയ്യെത്തും ദൂരത്താണ്. അവിടെ നടക്കുന്ന ചെറിയ അപകടവും നമ്മള്‍ ഇന്ന് അറിയുന്നു. ചാറ്റിംഗ്, വീഡിയോ കോണ്‍ഫറന്‍സ്.. ബന്ധുകള്‍ക്ക് ഗള്‍ഫിലുള്ളവരുമായി ബന്ധപ്പെടുവാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ഞങ്ങളുടെ കാലത്ത് ഗള്‍ഫിലേക്ക് പോയാല്‍ പിന്നെ നമ്മുടെ നാടുമായിട്ടുള്ള ബന്ധം അവസാനിച്ചു. മൂന്നു കൊല്ലത്തിനു ശേഷം നാട്ടിലേക്ക് തിരിച്ചുവരുമ്പോള്‍ സ്വര്‍ഗത്തിലേക്ക് വരുന്നതു പോലെയായിരുന്നു.

8 പ്രവാസം താങ്കളെ എന്തു പഠിപ്പിച്ചു?

നട്ടെല്ല് ഉയര്‍ത്തി ജീവിക്കാന്‍ നമ്മുടെ ജന്മനാട്ടില്‍ മാത്രമേ സാധിക്കൂ.

Share this Story:

Follow Webdunia malayalam