Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്‍ മറന്ന സംഗീതം

കണ്‍ മറന്ന സംഗീതം
സംഗീതമാണിവിടെ ജീവന്‍. അല്ല, ജീവിതത്തിലെ പ്രകാശവും കാഴ്ചയും ആനന്ദവുമെല്ലാം ഇവര്‍ക്ക് സംഗീതമാണ്. ജന്മനായുള്ള വൈകല്യത്തിന്‍റെ ഐക്യത്തില്‍ ഒന്നുചേര്‍ന്ന 8 പേര്‍. അവരെ ഒന്നിച്ചു നിര്‍ത്തുന്നത് സംഗീതമെന്ന സിദ്ധൗഷധം.

"വോയ്സ് ഓഫ് ദ ബ്ളൈന്‍ഡ്' എന്ന ജനപ്രിയ ഗായകസംഘത്തിലെ 18 ല്‍ 12 പേരും അന്ധരാണ്. പാടുന്നവരും തബലയും ഹാര്‍മോണിയവും, വയലിനും വായിക്കുന്നവരും എല്ലാം ഇവര്‍ തന്നെ.

എങ്കിലെന്ത് ഫെബ്രുവരി 13ന് ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ സംഘം പാടിത്തിമര്‍ത്തു. മറ്റെല്ലാ വേദികളിലുമെന്നപോലെ. വാല്‍ക്കണ്ണാടിയിലേയും നന്ദനത്തിലെയും നമ്മളിലെയുമൊക്കെ സൂപ്പര്‍ഹിറ്റ് പാട്ടുകള്‍ ആവേശത്തോടെ കൈയടിയോടെ ജനം സ്വീകരിച്ചു.

10 വര്‍ഷം മുമ്പാണ് വോയ്സ് ഓഫ് ദ ബ്ളൈന്‍ഡ് രൂപീകരിച്ചത്. തസ്നീം, ഭര്‍ത്താവ് കെ ജെയിംസ് കുട്ടി പിന്നെ സുഹൃത്തുക്കളും. നാലുപേര്‍ പൂര്‍ണമായും ഇരുട്ടിന്‍റെ ലോകത്താണ്. മറ്റുള്ളവര്‍ക്ക് കുറേശ്ശെ കാണാം.

ഗാനമേളക്കെത്തുമ്പോള്‍ സദസില്‍ ഭൂരിഭാഗത്തിന്‍റെ നിലപാടെന്താണെന്ന് കൂട്ടത്തില്‍ കാഴ്ചയുള്ളവരോട് ചോദിച്ചറിഞ്ഞാണ് സംഘം നമ്പരുകള്‍ തുടങ്ങുക. യുവാക്കളധികമെങ്കില്‍ ഫാസ്റ്റ് നമ്പരുകള്‍. മധ്യവയസ്കരെങ്കില്‍ മെലഡിയിലേക്ക് ഒരു സ്വിച്ചോണ്‍.

വഴുതക്കാട്ടെയും വര്‍ക്കലയിലേയും അന്ധബധിരവിദ്യാലയത്തിലാണ് ഇവരിലെറെ പേരുടെയും വിദ്യാഭ്യാസം. അവിടെവച്ചുള്ള കൂട്ടായ്മയാണ് പിന്നീട് ട്രൂപ്പുണ്ടാക്കാമെന്ന മോഹത്തിലും പിന്നീടതിന്‍റെ സാക്ഷാത്കാരത്തിലുമെത്തിച്ചത്.

സംഘത്തിലെ പാട്ടുകാരനും വയലിസ്റ്റുമായ ജെയിംസ് കുട്ടിയും റ്റി.എസ്. ഡോളിയും സംഗീതത്തില്‍ ബിരുദപഠനം കഴിഞ്ഞവരാണ്. തബല വായിക്കുന്ന കുമാര്‍ സ്വാതിതിരുനാള്‍ സംഗീതകോളജിലെ വിദ്യാര്‍ത്ഥിയും. മലയാളത്തില്‍ ബിരുദമുണ്ട് തസ്നീമിന്.

പാട്ടെഴുതി പഠിക്കുകയല്ല സംഘം ചെയ്യുന്നത്.കാസെറ്റില്‍ പാട്ടുകള്‍ കേട്ട് ഹൃദിസ്ഥമാക്കുകയാണ് ചെയ്യുക. തമിഴ് ഹിന്ദി പാട്ടുകള്‍ പഠിക്കാന്‍ അവ ബ്രെയ്ലി ഭാഷയിലെഴുതി വയ്ക്കും.

ജനുവരിയില്‍ മകരവിളക്കു മുതലാണ് സംഘത്തിന്‍റെ ഗാനസീസണ്‍ ആരംഭിക്കുന്നത്. അത് മെയ് വരെ നീളം. ഈ സമയത്ത് തിരക്കോടു തിരക്കായിരിക്കും. ഓണത്തിനും ചിലപ്പോള്‍ പരിപാടികളുണ്ടാവും.

പദ്മനാഭസ്വാമി പൗരസമിതി, ആറ്റുകാല്‍ ക്ഷേത്രം, കൊച്ചുള്ളൂര്‍ ബാലസുബ്രഹ്മണ്യക്ഷേത്രം എന്നിവിടങ്ങളില്‍ എല്ലാ വര്‍ഷവും സംഘം ഗാനമേള അവതരിപ്പിക്കും.അതു കൂടാതെ മറ്റു പല സംഘടനകളുടെയും വാര്‍ഷികങ്ങളില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ടാകും.

ചിലപ്പോള്‍ പരിപാടി ബുക്കു ചെയ്തു കഴിഞ്ഞിട്ടാവും സംഘടനയെക്കുറിച്ച് സംഘാടകര്‍ ശരിക്കറിയുന്നത്. പിന്നെ അവരെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടി വരും. പരിപാടി നടക്കുന്നതിനിടയില്‍ കാഴ്ച പരിശോധിക്കാനെത്തുന്നവരുടെ എണ്ണവും ചെറുതല്ല. ശരിക്കും പാടുക തന്നെയാണോ അതോ കാസറ്റിട്ടു വെറുതെ ചുണ്ടനുക്കുന്നതേയുള്ളോ എന്ന് ചിലര്‍ പരിശോധിക്കാനെത്തുന്നത് സംഘം ഓര്‍ക്കുന്നു.

മറ്റ് ഗായകസംഘങ്ങളുടെ റേറ്റില്‍നിന്നും വളരെ താഴ്ന്ന റേറ്റാണ് വോയ്സ് ഓഫ് ബ്ളൈന്‍ഡിന്‍റെ ഒരു പരിപാടിക്ക്. 7,000 മുതല്‍ താഴോട്ട് . കീബോര്‍ഡ്, സിന്തസൈസര്‍, റിഥം കംപോസര്‍,റിഥം പാഡ്, ഗിത്താറുകള്‍,ഫ്ളൂട്ട്, ട്രിപ്പിള്‍ഡ്രം, രണ്ട് സെറ്റ് തബല ഒക്കെയുണ്ട്. കാശുകുറയുന്നതിനുസരിച്ച് ഉപകരണങ്ങളും കുറയും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ സംഘത്തിന് പോസ്റ്ററടിച്ചു നല്‍കാമെന്നേറ്റിട്ടുണ്ട്. അല്ലാതെ കൂടുതല്‍ പ്രചരണമില്ല. കിട്ടുന്നതുകൊണ്ട് ഓണംപോലെ. പക്ഷെ വളര്‍ച്ചയുണ്ട്, തളര്‍ച്ചയില്ലതാനും. അല്ലെങ്കില്‍ തന്നെ സംഗീതത്തിന് കാഴ്ചയെന്തിന്?

Share this Story:

Follow Webdunia malayalam