താരതമ്യേന കുറച്ച് സിനിമകള്‍ക്കേ സംഗീതം നല്‍കിയിട്ടുള്ളുവെങ്കിലും എ ടി ഉമ്മര്‍ എന്ന സംഗീത സംവിധായകന്‍ മലയാളത്തില്‍ അനശ്വരനായിരിക്കും. ഏക്കാലത്തും ഓര്‍മ്മിക്കുന്ന, ഹൃദ്യത മാറാത്ത ഓട്ടേറെ ഗാനങ്ങള്‍ സമ്മാനിച്ചാണ് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞത് -2001 ഒക് ടോബര്‍ 18 ന്.
‘വൃശ്ചിക രാത്രിതന്‍ ..‘,‘ ഒരു നിമിഷം തരൂ... ‘,‘നീലജലാശയത്തില്‍ ... ‘,‘മാരിവില്ലു പന്തലിട്ട.....‘,‘ പൊട്ടിക്കരഞ്ഞുകൊണ്ടൊമനേ ...‘,‘വാകപ്പൂ മരം ചൂടും.. ‘ തുടങ്ങി ഒട്ടേറെ മനോഹര ഗാനങള്‍ അദ്ദേഹം അവിസ്മരണീയമാക്കി .
ആലിംഗനം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് കേരള സംസ്ഥാന അവാര്‍ഡും 1985 ല്‍ മലയാള സിനിമയ്ക്കുള്ള മികച്ച സംഭാവനയ്ക്ക് കേരള സര്‍ക്കാരിന്‍റെ സര്‍ട്ടിഫിക്കറ്റ് ഓഫ് ഓണര്‍ ബഹുമതിയും ലഭിച്ചു.
വൃശ്ചികരാത്രിതന്‍ മണിയറ മുറ്റത്തൊരു ... എന്ന മാധുര്യമൂറുന്ന അനുരാഗത്തിന്‍റെ ഓര്‍മ്മകള്‍ മുറ്റിനില്ക്കുന്ന യുഗ്മഗാനം. പി. ഭാസ്കരന്‍ ആഭിജാത്യം എന്ന ചിത്രത്തിന് വേണ്ടിയെഴുതിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് യേശുദാസും പി. സുശീലയും .
അഭിമാനം എന്ന സിനിമയിലെ പൊട്ടിക്കരഞ്ഞുകൊണ്ടോമനേ ഞാനെന്‍റെ... എന്ന ഗാനം ശ്രീകുമാരന്‍ തമ്പിയുടെ വിഷാദതൂലികയില്‍ നിന്നും ഊര്‍ന്നുവീണ നൊമ്പരഗാനമാണ്. ഇത് ലളിതമായ ഈണത്തിലൂടെ ഉമ്മര്‍ അതുല്യമാക്കിയിരിക്കുന്നു.
പക്ഷെ ചില ചില്ലറ മോഷണങ്ങളും നടത്തി എന്നത് അദ്ദേഹത്തിന്‍റെ സംഗീത ജീവിതത്തിന് കളങ്കമായി നില്‍ക്കുന്നു - മികച്ച ഉദാഹരണം അവളുടെ രാവുകളിലെ രാകേന്ദു കിരണങ്ങള്‍ ( ബേണി ഇഗ്നേഷ്യസ് മാത്രമേ ഇതിനേക്കാള്‍ മോശമായി സംഗീതം മോഷ്ടിച്ചിട്ടുള്ളൂ)
രാകേന്ദു കിരണങ്ങള്‍ ഒളിവീശിയില്ല... ‘ എന്ന ഗാനം ജാനകിയുടെ എക്കാലത്തേയും അവിസ്മരണീയ ഗാനമാണ്. രതി തുളുമ്പുന്ന ആ ആലാപനശൈലിയും സംഗീതവും മലയാളഗാനശാഖയ്ക്ക് മുതല്‍ക്കൂട്ടായിരുന്നു. ബിച്ചു തിരുമലയാണ് ഈ ഗാനം രചിച്ചത്.
ഇതിനെ തീര്‍ത്തും മോഷണം എന്നു വിളിച്ചൂകൂടാ. തന്നെ വല്ലാതെ സ്വാധീനിച്ച ചില ട്യൂണുകള്‍ മലയാളത്തില്‍ പകര്‍ത്തുക മാത്രമാണദ്ദേഹം ചെയ്തത്. സ്വന്തം സിദ്ധികൊണ്ടും സാധനകൊണ്ടും അതീവ ഹൃദ്യമായ ഒട്ടേറെ നല്ല പാട്ടുകള്‍ അല്ലെങ്കില്‍ അദ്ദേഹത്തിന് സമ്മാനിക്കാന്‍ കഴിയുമായിരുന്നില്ലല്ലോ? അതുകൊണ്ട് ഉദ്ദേശ ശുദ്ധിയാല്‍ അദ്ദേഹം മാപ്പര്‍ഹിക്കുന്നു.
സംഗീതം അനുകരണമാണെന്ന് പറഞ്ഞവരോട് സംഗീതം അനുകരിക്കാനുള്ളതാണെന്ന് പ്രതികരിച്ച ഉമ്മറിനെ വിമര്‍ശകര്‍ എത്രമാത്രം തെറ്റിദ്ധരിച്ചുവെന്ന് ‘ ഒരു മയില്‍പ്പീലിയായ് ...’എന്ന ഗാനം. ഓര്‍മ്മപ്പെടുത്തും. വിഷാദവും പ്രണയപ്രതീക്ഷയും തുളുമ്പുന്ന ഈ ഗാനത്തിലൂടെ ഉമ്മര്‍ തന്‍റെ വിമര്‍ശകരുടെ നാവടപ്പിച്ചു കളഞ്ഞു.
അനുഭവം എന്ന ചിത്രത്തിന് വേണ്ടി ബിച്ചു തിരുമല എഴുതിയ ‘ വാകപ്പൂമരം ചൂടും വാരിളം പൂങ്കുലയ്ക്കുള്ളില്‍ ...‘ എന്ന ഗാനം ഉമ്മറിന്‍റെ അനശ്വരഗാനമാണ്. പ്രേമത്തിന്‍റെ മധുരം തുളുമ്പുന്ന ഈ ഗാനത്തിന്‍റെ വരികളും ഈണവും അലിഞ്ഞു ചേര്‍ന്നൊഴുകുന്ന ഒന്നാണ ്.