Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതിജീവനത്തിന്‍റെ അഷ്ടപദിയുമായി........

സോപാന സംഗീത രംഗത്തെ വേറിട്ട ശബ്ദമായ ഞെരളത്ത് ഹരിഗോവിന്ദന്‍.

അതിജീവനത്തിന്‍റെ അഷ്ടപദിയുമായി........
എനിക്കാരോടും ഒരു നീക്കുപോക്കിന്‍റെ ആവശ്യമില്ല. ജീവിതത്തില്‍ അത്ര വലിയ ആഗ്രഹങ്ങളുമില്ല. അതുകൊണ്ടാണ് എന്‍റെ കലയ്ക്കുവേണ്ടി ഉണ്ടായിരുന്ന അധ്യാപന ജോലി പോലും ഉപേക്ഷിച്ചത് - പറയുന്നത് സോപാന സംഗീത രംഗത്തെ വേറിട്ട ശബ്ദമായ ഞെരളത്ത് ഹരിഗോവിന്ദന്‍.

ജീവിതം മുഴുവന്‍ കലയ്ക്കായി മാറ്റിവച്ച് പ്രശസ്തിയാഗ്രഹിക്കാതെ പൊലിഞ്ഞുപോയ ഞെരളത്ത് രാമപ്പൊതുവാള്‍ എന്ന മഹാന്‍റെ മകന്‍. കലയും സംസ്കാരവും കച്ചവടമാക്കുന്ന ഈ കാലത്ത് ഹരിഗോവിന്ദന്‍ മറ്റ് കലാകാരന്മാര്‍ക്കിടയില്‍ വ്യത്യസ്തനാകുന്നു. ക്ഷേത്രങ്ങളില്‍ ഇടയ്ക്ക കൊട്ടി പാടിയിരുന്ന സോപാനസംഗീതം എന്ന കലാരൂപത്തെ പുറം വേദികളിലേക്ക് ഹരി കൊണ്ടു വന്നു.

ഹരിഗോവിന്ദന്‍ എവിടെയും പാടി, ചടങ്ങുകളില്‍, സാംസ്കാരിക സദസ്സുകളില്‍, സൗഹൃദകൂട്ടങ്ങളില്‍, യോഗങ്ങളില്‍ അങ്ങനെ എവിടെയും. സോപാന സംഗീതത്തെ ഇത്തരത്തില്‍ പരീക്ഷണം നടത്താന്‍ ഹരിഗോവിന്ദന് തുണയായത് അച്ഛന്‍റെ അനുഗ്രഹം.

മലപ്പുറം ജില്ലയിലെ വലമ്പൂരില്‍ 1975-ലാണ് ഹരിഗോവിന്ദന്‍റെ ജനനം. സംഗീതവുമായി തീരെ അടുപ്പമില്ലാത്തതായിരുന്നു ബാല്യം. പിന്നൈയെപ്പോഴോ ഇടയ്ക്ക കൊട്ടി പാടി അലഞ്ഞു നടന്ന അച്ഛന്‍റൈയൊപ്പം ഹരിഗോവിന്ദനും കൂടി.

അച്ഛന്‍ പാടുന്നത് ഏറ്റുപാടി പഠിച്ചു. ഹരിഗോവിന്ദന് സംഗീതം പരിശീലനത്തിന്‍റേതല്ല. മറിച്ച് പാരമ്പര്യമാണ്. 1995 മുതല്‍ ഹരിഗോവിന്ദന്‍ പൊതുവേദികളില്‍ പാടിവരുന്നു. 1996 ഓഗസ്റ്റ് 13ന് ഞെരളത്ത് രാമപ്പൊതുവാള്‍ അന്തരിച്ചതോടെ സോപാന സംഗീതം കൊണ്ടു നടക്കേണ്ടത് ഹരിയുടെ ദൗത്യമായി മാറി.

ഇതുവരെ1100-ഓളം വേദികളില്‍ തന്‍റെ കല അവതരിപ്പിക്കാന്‍ ഹരിഗോവിന്ദന് കഴിഞ്ഞു. ചില ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. സംഗീതത്തിന്‍റെ നാള്‍വഴിയില്‍ പുരസ്കാരങ്ങളും ഹരിഗോവിന്ദനെ തേടിയെത്തിയിട്ടുണ്ട്. 1996 ല്‍ ലഭിച്ച നാരായണനുണ്ണി നമ്പി പുരസ്കാരം, 2004ല്‍ ലഭിച്ച ബോസ്റ്റണ്‍ വേള്‍ഡ് യൂത്ത് കള്‍ച്ചറല്‍ അവാര്‍ഡ് (ഇത് ലോകത്തിതുവരെ 18 പേര്‍ക്കേ കിട്ടിയിട്ടുള്ളൂ).


1999 ല്‍ യതി ബാക്കി എന്ന കഥാസമാഹാരത്തിലൂടെ സംഗീതത്തോടൊപ്പം സാഹിത്യവഴിയിലും ഹരിഗോവിന്ദന്‍ സാന്നിധ്യം തെളിയിച്ചു.

വലിയ നേട്ടങ്ങള്‍ കാലം കൊണ്ടുവരുമ്പോഴും കലാരംഗത്ത് ജാതീയതയുടെ പേരില്‍ ഒറ്റപ്പെടുകയാണ് ഹരിഗോവിന്ദന്‍. ഉയര്‍ന്ന ജാതിയല്ലാത്തതിനാല്‍ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും നടത്താറുള്ള സംഗീതോത്സവത്തില്‍ നിന്ന് ഈ വര്‍ഷം ഇദ്ദേഹത്തെ മാറ്റി നിര്‍ത്തി.

അച്ഛന്‍റെ പേരില്‍ നടത്തുന്ന സംഗീതോത്സവത്തില്‍ മകനെ ജാതിയുടെ പേരില്‍ വിലക്കുന്നത് വരെയെത്തി നമ്മുടെ കലാരംഗം. പക്ഷെ അതിലൊന്നും ഹരിഗോവിന്ദന്‍ പതറുന്നില്ല. തന്‍റെ നാദം നിലയ്ക്കുന്നത് വരെ തന്‍റെ പാട്ടുകേള്‍ക്കാന്‍ ആളുകള്‍ ക്ഷേത്രമതില്‍ക്കെട്ടിന് പുറത്തുണ്ടെന്നാണ് ഹരിഗോവിന്ദന്‍ പറയുന്നത്.

അന്യം നിന്നു പോകുന്ന സോപാനസംഗീതത്തെക്കുറിച്ചുള്ള പഠനത്തിലും പ്രവര്‍ത്തനങ്ങളിലുമാണ് ഹരിയിപ്പോള്‍. അതിന്‍റെ ഭാഗമായി ഞെരളത്ത് രാമപ്പൊതുവാളിന്‍റെ പേരില്‍ സോപാന സംഗീതത്തിനായി വെബ്സൈറ്റ് തുടങ്ങി.

വലമ്പൂരിലെ ചെറിയ വീട്ടില്‍ കോളജ് അധ്യാപികയായ ഭാര്യ മായയ്ക്കും അമ്മ ലക്സ്മിക്കുട്ടിയുടെയും മകള്‍ ശ്രീലക്സ്മിയുടെയും മുന്നില്‍ ഹരിഗോവിന്ദന്‍ പാടുകയാണ്. സോപാനസംഗീതരീതിയില്‍ ഒരു പുതിയ പദം. കേരളത്തിന്‍റെ അടയാളമാകുന്ന ആ നാദം ദുഷിച്ച കാലഘട്ടത്തെ അതിജീവിച്ച് മുഴങ്ങുകയാണ്.

Share this Story:

Follow Webdunia malayalam