മോദിയുടെ വിദ്യാഭ്യാസ യോഗ്യതാ രേഖകൾ പുറത്തുവിടണം: കേന്ദ്ര വിവരാവകാശ കമ്മിഷൻ
പ്രധാനമന്ത്രിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് രേഖകള്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് സമര്‍പ്പിക്കണമെന്ന് വിവരാവകാശ കമ്മീഷന്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച രേഖകൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ലഭ്യമാക്കാൻ ഡൽഹി, ഗുജറാത്ത് സർവകലാശാലകൾക്ക് കേന്ദ്ര വിവരാവകാശ കമ്മിഷൻ നിർദേശം നൽകി. പ്രധാനമന്ത്രി പഠിച്ച വര്‍ഷവും റോള്‍ നമ്പറും സര്‍വകലാശാലകള്‍ക്ക് നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോടും കമ്മീഷണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാള്‍ കേന്ദ്ര വിവരാവകാശ കമ്മീഷന് കഴിഞ്ഞ ദിവസം കത്ത് അയച്ചിരുന്നു. കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ എം ശ്രീധര്‍ ആചാര്യലുവിന് അയച്ച കത്തില്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കമ്മീഷന്‍ ധൈര്യം കാണിക്കണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്നു.
ഡൽഹി സർവകലാശാലയിൽനിന്ന് ബി എ ബിരുദവും ഗുജറാത്ത് സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെന്നായിരുന്നു 2014ൽ സമർപ്പിച്ച നാമനിർദേശ പത്രികയിൽ മോദി വ്യക്തമാക്കിയിരുന്നത്. എന്നാല്‍ വിദ്യാഭ്യാസരേഖകള്‍ ലഭ്യമല്ല എന്ന മറുപടിയാണ് ഡല്‍ഹി യൂണിവേഴ്‌സിറ്റി വിവരാവകാശകമ്മീഷന് നല്‍കിയതെന്നാണ് വിവരം. ഇതേത്തുടർന്നാണ് കെജ്‌രിവാൾ കേന്ദ്ര വിവരാവകാശ കമ്മിഷന് കത്തയച്ചത്.