രോഹിത് വെമുലയുടെ അനുസ്മരണ ചടങ്ങിലും സര്‍വകലാശാലയുടെ ക്രൂരത; രാധിക വെമുലക്കും നജീബിന്റെ മാതാവിനും ചടങ്ങില്‍ പങ്കെടുക്കുന്നതിന് വിലക്ക്
രാധിക വെമുലക്കും നജീബിന്റെ മാതാവിനും അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കുന്നതിന് വിസിയുടെ വിലക്ക്
രോഹിത് വെമുലയുടെ ഒന്നാം ചരമവാര്‍ഷികമായ ഇന്ന് സര്‍വകലാശാലയില്‍ നടക്കുന്ന അനുസ്മരണ പരിപാടികളില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്ക് സര്‍വകലാശാല വിസിയുടെ വിലക്ക്. ഇന്ന് ഉച്ചയ്ക്ക് എച്ച്‌സിയു ക്യാംപസില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കേണ്ട രോഹിത് വെമുലയുടെ അമ്മ രാധിക വെമുല, ബീഫ് കൈവശം വെച്ചെന്നാരോപിച്ച് സംഘപരിവാര്‍ അനുകൂലികള്‍ കൊലപ്പെടുത്തിയ അഖ്‌ലാഖിന്റെ സഹോദരന്‍ ജാന്‍ മുഹമ്മദ്, ഉനയില്‍ ആക്രമിക്കപ്പെട്ട ദളിത് യുവാക്കള്‍, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്നും കാണാതായ നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് എന്നിവര്‍ക്കാണ് വിലക്ക്.
ഇക്കാര്യം വ്യക്തമാക്കി വൈസ് ചാന്‍സിലര്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. രോഹിതിന്റെ ഒന്നാം ചരമവാര്‍ഷികമായ ഇന്ന് രാജ്യത്തെ എല്ലാ പ്രമുഖ സര്‍വ്വകലാശാലകളിലും പ്രതിഷേധ പരിപാടികള്‍ നടത്തുന്നതിനും ആഹ്വാനം നല്‍കിയിട്ടുണ്ട്.
ഹൈദരാബാദ് സര്‍വകലാശാലയിലെ വൈസ് ചാന്‍സിലറുടെ നീതിനിഷേധത്തെ തുടര്‍ന്നായിരുന്നു കഴിഞ്ഞ വര്‍ഷം ജനുവരി 17ന് സര്‍വകലാശാല ഹോസ്റ്റലില്‍ രോഹിത് വെമുല തൂങ്ങിമരിച്ചത്. രോഹിതിന്റെ മരണത്തെ തുടര്‍ന്ന് രാജ്യത്തെ എല്ലാ സര്‍വകലാശാലകളിലും ശക്തമായ പ്രതിഷേധങ്ങളായിരുന്നു ഉയര്‍ന്നുവന്നത്.